ഹസന്‍ അലി എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ സിക്സും ഫോറും പറത്തിയ റൊമാരിയോ ഷെപ്പേര്‍ഡ് 16 റണ്‍സെടുത്തത് നിര്‍ണായകമായി. ഇതോടെ അവസാന ഓവറിലെ വിജയലക്ഷ്യം എട്ട് റണ്‍സായി.

ഫ്ലോറിഡ: ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസിന് ആവേശജയം. പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അവേശം അവസാന പന്തിലേക്ക് നീണ്ട മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു വിന്‍ഡീസിന്‍റെ ജയം. ഫ്ലോറിഡയിലെ ലൗഡര്‍ഹില്ലില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തപ്പോള്‍ 134 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് അവസാന പന്തില്‍ ലക്ഷ്യത്തിലെത്തി. സ്കോര്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 133-9, വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 134-8.

നേരത്തെ ഓസ്ട്രേലിയക്കെതിരാ ടി20 പരമ്പര 0-5ന് തോറ്റ വിന്‍ഡീസ് പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരവും തോറ്റിരുന്നു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ വിന്‍ഡീസ് 1-1ന് ഒപ്പമെത്തി. പരമ്പരയിലെ മൂന്നാം മത്സരം ഇന്ത്യൻ സമയം നാളെ പുലര്‍ച്ചെ നടക്കും. മൂന്ന് വിക്കറ്റ് മാത്രം കൈയിലിരിക്കെ അവസാന രണ്ടോവറില്‍ വിന്‍ഡീസിന് ജയിക്കാന്‍ 24 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഹസന്‍ അലി എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ സിക്സും ഫോറും പറത്തിയ റൊമാരിയോ ഷെപ്പേര്‍ഡ് 16 റണ്‍സെടുത്തത് നിര്‍ണായകമായി. ഇതോടെ അവസാന ഓവറിലെ വിജയലക്ഷ്യം എട്ട് റണ്‍സായി.

Scroll to load tweet…

എന്നാല്‍ ഷഹീന്‍ അഫ്രീദി എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ജേസണ്‍ ഹോള്‍ഡര്‍ സിംഗിളെടുത്തപ്പോള്‍ രണ്ടാം പന്തില്‍ ഷെപ്പേര്‍ഡ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായതോടെ വിന്‍ഡീസിന് വീണ്ടും സമ്മര്‍ദ്ദമായി. അടുത്ത മൂന്ന് പന്തിലും സിംഗിളുകള്‍ മാത്രമാണ് വിന്‍ഡീസിന് നേടാനായത്. ഇതോടെ അവസാന പന്തില്‍ ലക്ഷ്യം നാലു റണ്‍സായി. ഇതിനിടെ അവസാന പന്തെറിഞ്ഞ ഷഹീന്‍ അഫ്രീദി വൈഡ് വഴങ്ങിയതോടെ ലക്ഷ്യം മൂന്ന് റണ്‍സായി. വീണ്ടുമെറിഞ്ഞ അഫ്രീദിയുടെ അവസാന പന്ത് സ്ക്വയര്‍ ലെഗ്ഗിനും ഫൈന്‍ ലെഗ്ഗിനും ഇടയിലൂടെ ബൗണ്ടറിയിലേക്ക് പായിച്ച ജേസണ്‍ ഹോൾഡര്‍ വിന്‍ഡീസിനെ വിജയവര കടത്തി.

21 റണ്‍സെടുത്ത ക്യാപ്റ്റൻ ഷായ് ഹോപ്പും 20 പന്തില്‍ 28 റണ്‍സെടുത്ത ഗുടകേഷ് മോടിയുമാണ് ഹോള്‍ഡര്‍ക്കും(10 പന്ില്‍ 16*) ഷെപ്പേര്‍ഡിനും(11 പന്തില്‍ 15) വിന്‍ഡീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 23 പന്തില്‍ 40 റണ്‍സെടുത്ത ഹസന്‍ നവാസിന്‍റെയും 33 പന്തില്‍ 38 റണ്‍സെടുത്ത ക്യാപ്റ്റൻ ആഗ സല്‍മാന്‍റെയും ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ 19 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത് ബൗളിംഗിലും തിളങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക