ചണ്ഡീഗഡ്: പാക് അധീന കശ്മീര്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിദ്വേഷ പ്രസംഗം നടത്തിയ മുന്‍ പാക് താരം ഷാഹിദ് അഫ്രീദിക്കെതിരെ തുറന്നടിച്ച് ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും, സുരേഷ് റെയ്നയും ശിഖര്‍ ധവാനും. കഴിഞ്ഞ ആഴ്ച പാക് അധീന കശ്മീരിലെത്തിയപ്പോഴാണ് അഫ്രീദി ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്തിയത്.

ഈ ലോകം ഇന്ന് വലിയൊരു രോഗത്തിന്റെ പിടിയിലാണെന്നും എന്നാല്‍ അതിലും വലിയ രോഗം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസിലാണെന്നും അഫ്രീദി പറഞ്ഞിരുന്നു. പാക്കിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴ് ലക്ഷം സൈനികര്‍ക്ക് തുല്യമായ സൈനികരെയാണ് മോദി കശ്മീരില്‍ വിന്യസിച്ചിരിക്കുന്നതെന്നും ഇന്ത്യയിലെ കശ്മീരികള്‍ പോലും പാക് സൈന്യത്തെയാണ് പിന്തുണക്കുന്നതെന്നും അഫ്രീദി പറഞ്ഞിരുന്നു.

ആദ്യം വെടി പൊട്ടിച്ചത് ഗംഭീര്‍

അഫ്രീദിക്കെതിരെ എന്നും നിലപാടെടുത്തിട്ടുള്ള മുന്‍ ഇന്ത്യന്‍ ഓപ്പണറും എംപിയുമായ ഗൗതം ഗംഭീറാണ് ഇതിനെതിരെ ആദ്യം രംഗത്തുവന്നത്. ബംഗ്ലാദേശിന്റെ കാര്യം മറക്കരുതെന്ന് പറഞ്ഞായിരുന്നു ഗംഭീര്‍ അഫ്രീദിക്ക് മറുപടി നല്‍കിയത്. ഇതിന് പിന്നാലെ ഇന്ത്യന്‍ ടീമിലെ തന്റെ അടുത്ത സുഹൃത്തുക്കളാണെന്ന് അഫ്രീദി പറഞ്ഞ ഹര്‍ഭജന്‍ സിംഗും യുവരാജ് സിംഗും അഫ്രീദിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.

അയാളുമായി ഇനി ഒരു ബന്ധവുമില്ല, കൈവിട്ട് യുവിയും ഹര്‍ഭജനും

ഇന്ത്യന്‍ പ്രധാനമന്ത്രിയെക്കുറിച്ച്അഫ്രീദി നടത്തിയ പ്രസ്താവന തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്നും ഉത്തരവാദിത്തപ്പെട്ട ഒരു ഇന്ത്യന്‍ പൗരനെന്ന നിലക്ക് അഫ്രീദിയുടെ വാക്കുകള്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും യുവി വ്യക്തമാക്കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അഫ്രീദി ഫൗണ്ടേഷന് സംഭവാന നല്‍കാന്‍ മുമ്പ് ആവശ്യപ്പെട്ടത് മനുഷ്യത്വത്തിന്റെ പേരിലായിരുന്നുവെന്നും ഇനിയൊരിക്കലും അത് ആവര്‍ത്തിക്കില്ലെന്നും യുവി ട്വീറ്റീല്‍ വ്യക്തമാക്കി.

അഫ്രീദിക്കെതിരെ ഹര്‍ഭജനും പരസ്യനിലപാടുമായി നേരത്തെ രംഗത്തെത്തിയിരുന്നു.അഫ്രീദിയുമായി ഇനി യാതൊരു ബന്ധവുമില്ലെന്നും തന്റെ രാജ്യത്തിനും  പ്രധാനമന്ത്രിക്കുമെതിരെ അഫ്രീദി നടത്തിയ പ്രസ്താവന അങ്ങേയറ്റം അസ്വസ്ഥജനകമാണെന്നും ഹര്‍ഭജന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞിരുന്നു. കൊവിഡ് കാലത്ത് അഫ്രീദി ഫൗണ്ടേഷന് സംഭാവകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടത് മനുഷ്യത്വത്തിന്റെ പേരിലായിരുന്നു.  പക്ഷെ ഇപ്പോള്‍ അയാള്‍ നമ്മുടെ രാജ്യത്തിനെതിരെ മോശം വാക്കുകള്‍ പ്രയോഗിക്കുന്നു. അതിനയാള്‍ക്ക് യാതൊരു അവകാശവുമില്ല.

അയാളുടെ രാജ്യത്തിനകത്ത് അയാള്‍ എന്ത് വേണമെങ്കിലും ചെയ്തോട്ടെ. ഞാനീ രാജ്യത്ത് ജനിച്ചയാളാണ്.  ഈ രാജ്യത്ത് തന്നെ മരിക്കും. ഇന്നോ നാളെയോ എന്റെ രാജ്യത്തിന് ഒരാവശ്യം വന്നാല്‍ അത് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കാനായാലും തോക്കെടുത്ത് ആദ്യം ഇറങ്ങുന്ന ആള്‍ ഞാനായിരിക്കും. മനുഷ്യത്വത്തിന്റെ പേരിലാണ് അയാളുടെ ഫൗണ്ടേഷന് സംഭാവന നല്‍കിയത്. ഇനി അതുണ്ടാവില്ല. അയാളുമായുള്ള എല്ലാ ബന്ധങ്ങളും ഇവിടെ അവസാനിച്ചു-ഹര്‍ഭജന്‍ പറഞ്ഞു.

അഫ്രീദിയെ ബൗണ്ടറി കടത്തി റെയ്നയും

വാര്‍ത്തകളില്‍ ഇടം നേടാന്‍ ഒരാള്‍ എന്തൊക്കെ ചെയ്യണമെന്നായിരുന്നു അഫ്രീദിയെ കളിയാക്കിക്കൊണ്ട് സുരേഷ് റെയ്നയുടെ ചോദ്യം. കശ്മീരിയാണെന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും കശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമായിരിക്കുമെന്നും പറഞ്ഞ റെയ്ന പാക്കിസ്ഥാന്‍ പരാജിത രാജ്യമാണെന്നും വ്യക്തമാക്കി.

മീശ പിരിച്ച് പേടിപ്പിച്ച് ധവാന്‍

ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ കഴിയുമ്പോഴും താങ്കള്‍ക്ക് കാശ്മീരാണോ പ്രധാനമെന്നായിരുന്നു ഇന്ത്യന്‍ ഓപ്പണറായ ശിഖര്‍ ധവാന്റെ ചോദ്യം. കശ്മീര്‍ ഇന്ത്യയുടെതാണ്. ഇന്ത്യയുടേതായിരുന്നു, ഇന്ത്യയുടേതായിരിക്കുകയും ചെയ്യും. ഞങ്ങളില്‍ ഒരാള്‍ നിങ്ങളുടെ ഒന്നേകാല്‍ ലക്ഷത്തിന് തുല്യമാണ്. ബാക്കി എത്രയുണ്ടെന്ന് എണ്ണിതിട്ടപ്പെടുത്തിക്കോ എന്നായിരുന്നു ധവാന്റെ മറുപടി.


Also Read: അന്ന് യുവരാജിന് 7.5 ലക്ഷം കൊടുത്തു; പാക്കിസ്ഥാനില്‍ ആരും തന്നെ കുറ്റപ്പെടുത്തിയില്ലെന്ന് അഫ്രീദി