ഇപ്പോള്‍ ടി20 ക്രിക്കറ്റില്‍ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍. ടി20 ക്രിക്കറ്റില്‍ 500ല്‍ കൂടുതല്‍ റണ്‍സും 50ല്‍ കൂടുതല്‍ വിക്കറ്റും സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായിരിക്കുകയാണ് ഹാര്‍ദിക്.
സെന്റ് കിറ്റ്‌സ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നിര്‍ണായക താരമാണ് ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya). ടീമിലേക്കുള്ള തിരിച്ചുവരവിന് ശേഷം തൊട്ടതെല്ലാം പൊന്നാക്കിയ താരം. ഐപിഎഎല്ലിന് (IPL) ശേഷമുള്ള തിരിച്ചുവരവില്‍ ഉത്തരവാദിത്തവും പക്വതയും കാണിക്കാന്‍ താരത്തിനാവുന്നുണ്ട്. അടുത്തിടെ ഓസ്‌ട്രേിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്തും (Glenn McGrath) ഹാര്‍ദികിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. ഇരുതല മൂര്‍ച്ചയുള്ള വാളാണ് ഹാര്‍ദിക്കെന്നായിരുന്നു മഗ്രാത്തിന്റെ പ്രശംസ.
ഇപ്പോള്‍ ടി20 ക്രിക്കറ്റില്‍ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍. ടി20 ക്രിക്കറ്റില്‍ 500ല്‍ കൂടുതല്‍ റണ്‍സും 50ല്‍ കൂടുതല്‍ വിക്കറ്റും സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായിരിക്കുകയാണ് ഹാര്‍ദിക്. വിന്‍ഡീസിനെതിരെ മൂന്നാം ടി20യില്‍ നാല് ഓവറില്‍ 19 റണ്‍സ് മാത്രമാണ് ഹാര്‍ദിക് വഴങ്ങിയത്. ഒരു വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ബാറ്റിംഗിനെത്തിയപ്പോള്‍ നാല് റണ്‍സുമായി താരം മടങ്ങി.
സൂര്യകുമാര്‍ ഇന്ത്യയുടെ 360 ഡിഗ്രീ തന്നെ! അസാമാന്യ മെയ്‌വഴക്കത്തോടെ താരത്തിന്റെ അപ്പര്‍കട്ട്- വീഡിയോ
മൂന്നാം ടി20യില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് കെയ്ല്‍ മയേഴ്‌സിന്റെ (73) അര്‍ധ സെഞ്ചുറിയുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 44 പന്തില്‍ 76 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിംഗ്‌സ്.
രോഹിത് മടങ്ങിയ ശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യരുമായി ചേര്‍ന്ന് സൂര്യകുമാര്‍ വിജയസഖ്യം ഉണ്ടാക്കി. ഇന്ത്യയെ നൂറുകടത്തിയ ഈ സഖ്യം പിരിഞ്ഞത് 105 റണ്‍സിലായിരുന്നു. 27 പന്തില്‍ 24 റണ്‍സുമായി സൂര്യകുമാറിന് മികച്ച പിന്തുണ നല്‍കാനായിരുന്നു ശ്രേയസിന്റെ നിയോഗം. പിന്നാലെ സൂര്യകുമാര്‍ മടങ്ങുമ്പോഴേക്കും ഇന്ത്യ വിജയത്തിനടുത്തെത്തിയിരുന്നു. 26 പന്തില്‍ 33 റണ്‍സുമായി പന്ത് പുറത്താവാതെ നിന്നു. മൂന്ന് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. ഹാര്‍ദിക് പാണ്ഡ്യയാണ് (4) പുറത്തായ മറ്റൊരു താരം. ദീപക് ഹൂഡ (10) പുറത്താവാതെ നിന്നു.
അതേസമയം രോഹിത് ശര്‍മയുടെ പരിക്ക് ഇന്ത്യക്ക് തലവേദനയാവുകയാണ്. ബാറ്റ് ചെയ്യുന്നതിനിടെ പുറം വേദനയെ തുടര്‍ന്ന് രോഹിത് റിട്ടേയര്‍ഡ് ഹര്‍ട്ടായിരുന്നു. അഞ്ച് പന്തില്‍ 11 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോഴാണ് രോഹിത് പിന്മാറായിയത്. ഒരു ഫോറും ഒരു സിക്‌സും രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നിരുന്നു. എന്നാല്‍ നിലവില്‍ പ്രശ്‌നങ്ങളില്ലെന്നും അടുത്ത മത്സരത്തില്‍ കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മത്സരശേഷം രോഹിത് പറഞ്ഞു. അടുത്ത മത്സരത്തിന് മുമ്പ് വിശ്രമിക്കാന്‍ ധാരാളം സമയമുണ്ടെന്നും രോഹിത് പറഞ്ഞു.
