ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം റിങ്കു സിംഗ് ടീമിലെത്തി.
ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ആദ്യം പന്തെടുക്കും. ദുബായ്, രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാകിസ്ഥാനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. മൂന്ന് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ കളിക്കുന്നില്ല. പകരം റിങ്കു സിംഗ് ടീമിലെത്തി. ശിവം ദുബെ, ജസ്പ്രിത് ബുമ്ര എന്നിവരും ടീമില്‍ തിരിച്ചെത്തി. ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് പുറത്തായി. മാറ്റമൊന്നുമില്ലാതെയാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി.
പാകിസ്ഥാന്‍: സാഹിബ്സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സയിം അയൂബ്, സല്‍മാന്‍ അഗ (ക്യാപ്റ്റന്‍), ഹുസൈന്‍ തലാത്ത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.
വെടിക്കെട്ട് തുടക്കം നല്‍കുന്ന അഭിഷേക് ശര്‍മ്മ പരിക്കില്‍നിന്ന് മുക്തനായത് ഇന്ത്യക്ക് ആശ്വാസവാര്‍ത്താണ്. എന്നാല്‍ ഹാര്‍ദിക്കിന്റെ അഭാവം കനത്ത നഷ്ടവും. അഭിഷേകും ശുഭ്മാന്‍ ഗില്ലും ക്രീസിലുറച്ചാല്‍ ജയത്തിലേക്കുളള ഇന്ത്യയുടെ വഴി എളുപ്പമാകും. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബേ എന്നിവര്‍ അവസരത്തിനൊത്തുയരണം. ജസ്പ്രീത് ബുമ്രയുടെ വേഗപന്തുകള്‍ക്കൊപ്പം കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ സ്പിന്‍ മികവാകും കളിയുടെ ഗതിയും വിധിയും നിശ്ചയിക്കുക.
ഏഷ്യാ കപ്പ് ചരിത്രത്തിലെ ആദ്യ ഇന്ത്യ - പാകിസ്ഥാന്‍ ഫൈനലിനാണ് ഇന്ന് ദുബായ് വേദിയാകുന്നത്. ടൂര്‍ണമെന്റില്‍ ഇതിനോടകം രണ്ട് തവണ ഇന്ത്യ, പാകിസ്ഥാനെ പരാജയപ്പെടുത്തി. പക്ഷേ കലാശപ്പോരിലെത്തുമ്പോള്‍ സാഹചര്യം മാറും. രണ്ട് ടീമുകള്‍ക്കും സമ്മര്‍ദ്ദമുണ്ടാവുമെന്നുറപ്പാണ്. അതിനെ അതിജീവിക്കുന്നവര്‍ കപ്പുയര്‍ത്തും.



