ഏഷ്യാ കപ്പ് റണ്‍വേട്ടക്കാരില്‍ 309 റണ്‍സുമായി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഫൈനലില്‍ പാകിസ്ഥാന്‍റെ സഹിബ്സാദാ ഫര്‍ഹാനാണ് അഭിഷേകിന് മുന്നിലുള്ള ഏക വെല്ലുവിളി.

ദുബായ്: ഏഷ്യാ കപ്പ് ഫൈനല്‍ നടക്കാനിരിക്കെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായി അഭിഷേക് ശര്‍മ. ആറ് മത്സരങ്ങളില്‍ ഇന്ത്യന്‍ ഓപ്പണര്‍ അടിച്ചെടുത്തത് 309 റണ്‍സ്. പാകിസ്ഥാനെതിരെ ഫൈനലില്‍ ഇനി എത്ര നേടുമെന്ന് മാത്രമെ അറിയേണ്ടതുള്ളൂ. 51.50 ശരാശരിയിലാണ് അഭിഷേകിന്റെ നേട്ടം. 204.64 സ്ട്രൈക്ക് റേറ്റും അഭിഷേകിനുണ്ട്. മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ അഭിഷേകിന്റെ ഉയര്‍ന്ന സ്‌കോര്‍ 75 റണ്‍സാണ്. 19 സിക്സും 31 ഫോറുകളും അഭിഷേക് പറത്തി.

Add Asianetnews as a Preferred SourcegooglePreferred

അഭിഷേകിന് വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്ന ഒരേരയൊരു താരം പാകിസ്ഥാന്‍ ഓപ്പണര്‍ സഹിബ്സാദാ ഫര്‍ഹാനാണ്. നാലാം സ്ഥാനത്താണ് ഫര്‍ഹാന്‍. അഭിഷേകിനെ മറികടക്കണമെങ്കില്‍ ഫൈനില്‍ അത്ഭുത പ്രകടനം തന്നെ ഫര്‍ഹാന്‍ നടത്തേണ്ടി വരും. നാലാം സ്ഥാനത്ത്. ആറ് മത്സരങ്ങളില്‍ 160 റണ്‍സാണ് ഫര്‍ഹാന്‍ നേടിയത്. നിലവില്‍ ഇരുവരും തമ്മിലുള്ള വ്യത്യാസം 149 റണ്‍സാണ്. എന്തായാലും ഇത്രയൊന്നും നേടാന്‍ പാക് താരത്തിന് സാധിക്കില്ലെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തല്‍. മാത്രമല്ല, അഭിഷേക് ഇന്ന് എത്ര റണ്‍സ് നേടുമെന്നും കണ്ടറിയണം.

റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍ ശ്രീലങ്കന്‍ ഓപ്പണര്‍ പതും നിസ്സങ്കയാണ്. ആറ് മത്സരങ്ങളില്‍ നിസ്സങ്ക അടിച്ചെടുത്തത് 261 റണ്‍സ്. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യക്കെതിരെ നേടിയ 107 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടൂര്‍ണമെന്റിലെ ഏക സെഞ്ചുറിയും ഇതുതന്നെയാണ്. അഭിഷേകിന് കുറച്ചെങ്കിലും വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്ന താരം നിസ്സങ്കയായിരുന്നു. എന്നാല്‍ ഏഷ്യാ കപ്പില്‍ ഇനി ശ്രീലങ്കയ്ക്ക് മത്സരം ഇല്ലാത്തതിനാല്‍ അഭിഷേകിനെ മറികടക്കാന്‍ സാധിക്കില്ല.

178 റണ്‍സ് നേടിയ ബംഗ്ലാദേശിന്റെ സെയ്ഫ് ഹസന്‍ മൂന്നാമത്. നാല് മത്സരങ്ങള്‍ മാത്രമാണ് സെയ്ഫ് കളിച്ചത്. രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടിയ സെയ്ഫിന്റെ ഉയര്‍ന്ന സ്‌കോര്‍ 69 റണ്‍സാണ്. ബംഗ്ലാദേശിനും ഇനി മത്സരങ്ങളൊന്നും ബാക്കിയില്ല. ശ്രീലങ്കയുടെ കുശാല്‍ പെരേരയാണ് അഞ്ചാം സ്ഥാനത്ത്. ആറ് മത്സങ്ങളില്‍ നിന്ന് നേടിയെടുത്തത് 146 റണ്‍സ്. ഇന്ത്യന്‍ താരം തിലക് വര്‍മ ആറാമതുണ്ട്. ആറ് മത്സരങ്ങളില്‍ 144 റണ്‍സാണ് സമ്പാദ്യം. ആറ് മത്സരങ്ങളില്‍ 115 റണ്‍സ് നേടിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 12-ാം സ്ഥാനത്ത്. 47 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

മലയാളി താരം സഞ്ജു സാംസണ്‍ 14-ാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ മൂന്ന് ഇന്നിംഗ്‌സുകള്‍ മാത്രം കളിച്ച സഞ്ജു 108 റണ്‍സാണ് അടിച്ചെടുത്തത്. 36.00 ശരാശരിയുണ്ട് സഞ്ജുവിന്. സ്‌ട്രൈക്ക് റേറ്റ് 127.06. ഒമ്പത് ഫോറും ആറ് സിക്‌സും സഞ്ജു നേടി. ഇന്ത്യന്‍ താരങ്ങളെ മാത്രമെടുത്താല്‍ നാലാം സ്ഥാനത്താണ് സഞ്ജു.

YouTube video player