മത്സരം കൈവിട്ടുപോകുമെന്ന് തോന്നുമ്പോള്‍ ബുമ്രയെ കൊണ്ടുവരുമെന്ന് ഹാര്‍ദിക് പറഞ്ഞു. ബുമ്രയുടെ മികച്ച പ്രകടനമാണ് മുംബൈയുടെ വിജയത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൊഹാലി: മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രിത് ബുമ്രയെ വാനോളം വാഴ്ത്തി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ എലിമിനേറ്ററിന് ശേഷമാണ് ഹാര്‍ദിക് ബുമ്രയെ കുറിച്ച് സംസാരിച്ചത്. മത്സരം മുംബൈക്ക് അനുകൂലമാക്കുന്നതില്‍ ബുമ്രയുടെ പങ്ക് നിര്‍ണായകമായിരുന്നു. രണ്ടാം സ്‌പെല്ലില്‍ മികച്ച ഫോമില്‍ കളിക്കുകയായിരുന്ന വാഷിംഗ്ടണ്‍ സുന്ദറിനെ വീഴ്ത്താന്‍ ബുമ്രയ്ക്ക് സാധിച്ചുരുന്നു. ഇതോടെ ഗുജറാത്ത് മത്സരം കൈവിടുകും പരാജയം സമ്മതിക്കുകയും ചെയ്തു.
ശേഷം ഹാര്‍ദിക് ബുമ്രയെ വാത്തി. മുംബൈ ക്യാപ്റ്റന്റെ വാക്കുകള്‍... ''ബുമ്രയുടെ പന്തേല്‍പ്പിക്കാനുള്ള തീരുമാനമൊക്കെ ലളിതമാണ്. കളി നഷ്ടപ്പെടുമെന്ന് കരുതുമ്പോഴെല്ലാം ബുമ്രയെ കൊണ്ടുവരിക. ബുമ്ര ഏതൊരു ടീമിന് കരുത്താണ്. ഞാന്‍ സ്‌കോര്‍ബോര്‍ഡ് നോക്കുമ്പോള്‍ കുറച്ച് റണ്‍സ് കൂടി പ്രതിരോധിക്കേണ്ടതായി തോന്നി. അവസാനം അധിക റണ്‍സ് നിലനിര്‍ത്താന്‍ കഴിയുമോ എന്ന് ഞാന്‍ ചിന്തിച്ചു. മറ്റു ബൗളര്‍മാരെ ഏല്‍പ്പിക്കാന്‍ എനിക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ ബുമ്ര വന്ന് ആ ഓവര്‍ എറിയേണ്ടത് പ്രധാനമായിരുന്നു. അങ്ങനെ കുറച്ച് റണ്‍സ് കൂടി പ്രതിരോധിക്കാന്‍ സാധിച്ചു.'' ഹാര്‍ദിക് വ്യക്തമാക്കി.
മറ്റുതാരങ്ങളെ കുറിച്ചും ഹാര്‍ദിക് സംസാരിച്ചു. ''ജോണി ബെയര്‍സ്‌റ്റോ ബാറ്റ് ചെയ്ത രീതിയും തുടക്കവും ഗംഭീരമായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടിയുള്ള അരങ്ങേറ്റം തന്നെ ഗംഭീരമാക്കാന്‍ ബെയര്‍സ്‌റ്റോയ്ക്ക് സാധിച്ചു. അതുപോലെ രോഹിത് ബാറ്റ് ചെയ്ത രീതി. സമയമെടുത്ത് അദ്ദേഹം സ്വതസിദ്ധമായ ശൈലിയിലേക്ക് തിരിച്ചെത്തി. ഗ്ലീസണ്‍ പന്തെറിഞ്ഞ രീതി എടുത്ത് പറയണം. ബമ്ര, അശ്വിനി എല്ലാവരും നന്നായി കളിച്ചു.'' ഹാര്‍ദിക് കൂട്ടിചേര്‍ത്തു.
ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തതോടെ മുംബൈ ഇന്ത്യന്‍ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. 20 റണ്‍സിനായിരുന്നു മുംബൈയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കാണ് സാധിച്ചത്. നാളെ നടക്കുന്ന ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്‌സാണ് മുംബൈയുടെ എതിരാളി.
മത്സരത്തില്‍ മോശം തുടക്കമായിരുന്നു ഗുജറാത്തിന്. സ്‌കോര്‍ബോര്‍ഡില്‍ 67 റണ്‍സുള്ളപ്പോള്‍ ശുഭ്മാന്‍ ഗില്‍ (1), കുശാല്‍ മെന്‍ഡിസ് (20) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് വാഷിംഗ്ടണ്‍ സുന്ദര്‍ (48) - സായ് സുദര്‍ശന്‍ (80) എന്നിവരാണ് ഗുജറാത്തിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 84 റണ്‍സിന്റെ കൂട്ടുകെട്ടുണ്ട്. ഈ സഖ്യം ഗുജറാത്തിന് പ്രതീക്ഷയും നല്‍കിയിരുന്നു. അപ്പോഴാണ് ബുമ്രയുടെ വരവും ഗുജറാത്തിന്റെ തകര്‍ച്ചയും.



