ഒരു സ്ത്രീയും കാണാന്‍ ആഗ്രഹിക്കാത്ത തരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിടുന്നത് വിലകുറഞ്ഞ നടപടിയാണെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ.

മുംബൈ: കാമുകി മഹൈക ശർമയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പാപ്പരാസികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യൻ താരം ഹാര്‍ദ്ദിക് പാണ്ഡ്യ. ഒരു റസ്റ്റോറന്‍റില്‍ നിന്ന് മഹൈക ശർമ ഇറങ്ങിവരുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. സ്വകാര്യതയെ മാനിക്കാന്‍ മാധ്യമങ്ങള്‍ തയാറാവണമെന്നും ഒരു സ്ത്രീയും കാണാന്‍ ആഗ്രഹിക്കാത്ത തരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിടുന്നത് വിലകുറഞ്ഞ നടപടിയാണെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി. സെലിബ്രിറ്റികളാവുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പാപ്പരാസികള്‍ ശ്രമിക്കുമെങ്കിലും എല്ലാത്തിനും ഒരു അതിരുണ്ടെന്നും പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തില്‍ മാധ്യമസുഹൃത്തുക്കള്‍ മാന്യത കാട്ടണമെന്നും ഹാര്‍ദ്ദിക് പോസ്റ്റില്‍ പറഞ്ഞു.

സെലിബ്രിറ്റകളെന്ന നിലയില്‍ പൊതുവേദികളിൽ ഞങ്ങളെ കൂടുതല്‍പേര്‍ ശ്രദ്ധിക്കുമെന്നും അത് എന്‍റെ ജീവിതത്തിന്‍റെ ഭാഗമാണെന്നും ആറിയാം. പക്ഷേ ഇപ്പോഴുണ്ടായ സംഭവം എല്ലാ അതിരുകളും ഭേദിക്കുന്നതായിരുന്നു. മുംബൈയിലെ ബാന്ദ്രയിലുള്ള ഒരു റെസ്റ്റോറന്‍റിൽ മഹീക ഒരു ഗോവണി ഇറങ്ങിവരുമ്പോള്‍ ഒരു സ്ത്രീയും ഫോട്ടോയെടുക്കാൻ ആഗ്രഹിക്കാത്ത ആംഗിളില്‍ പാപ്പരാസികൾ അത് ക്യാമറയിൽ പകർത്തി. അവരുടെ സ്വകാര്യ നിമിഷത്തെ പാപ്പരാസി മാധ്യമങ്ങള്‍ വിലകുറഞ്ഞ പ്രചരണത്തിന് ഉപയോഗിച്ചു. തലക്കെട്ടുകൾക്ക് വേണ്ടിയോ ക്ലിക്ക് ബൈറ്റുകള്‍ക്ക് വേണ്ടിയോ ചെയ്തതായിരിക്കുമത്. ആര് ചെയ്തുവെന്നതല്ല, ആര് ചെയ്താലും സ്ത്രീകളോട് പുലര്‍ത്തേണ്ട അടിസ്ഥാനപരമായി പുലര്‍ത്തേണ്ട മാന്യതയെക്കുറിച്ചാണ് ഞാൻ പറയുന്നത്. സ്ത്രീകൾക്കും അന്തസുണ്ട്. അതുപോലെ എല്ലാത്തിനും ഒരു അതിരുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക