ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയിനാല്‍ സഞ്ജുവിന് ഇന്ന് ഓപ്പണറായി ഇറങ്ങാനാവില്ല. അഭിഷേക് ശര്‍മക്കൊപ്പം ഗില്ലാവും ഓപ്പണറായി ഇറങ്ങുക.
കട്ടക്ക്:ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോൾ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുന്നത് കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനും വലിയ തലവേദനയാകും. ദക്ഷിണാഫ്രിക്കക്കെതിരെ ടി20യില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണോ അതോ മധ്യനിര ബാറ്ററായ ജിതേഷ് ശര്‍മയെ കളിപ്പിക്കണോ എന്ന കാര്യത്തിലാണ് ഇന്ത്യൻ ടീം മാനേജ്മെന്‍റ് പ്രധാനമായും തലപുകയ്ക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ഓപ്പണറായി ഇറങ്ങി രണ്ട് സെഞ്ചുറി നേടിയിട്ടുള്ള താരമാണ് സഞ്ജു.
അതേസമയം, ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയിനാല്‍ സഞ്ജുവിന് ഇന്ന് ഓപ്പണറായി ഇറങ്ങാനാവില്ല. അഭിഷേക് ശര്‍മക്കൊപ്പം ഗില്ലാവും ഓപ്പണറായി ഇറങ്ങുക. ഈ സാഹര്യത്തല്‍ സഞ്ജു മധ്യനിരയിലേക്ക് മാറേണ്ടിവരും. ഏഷ്യാ കപ്പിലും ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലും സഞ്ജു മധ്യനിരയിലാണ് കളിച്ചത്. ഏഷ്യാ കപ്പ് ഫൈനലില്‍ 24 റണ്‍സെടുത്ത് നിര്‍ണായക കൂട്ടുകെട്ടുയര്‍ത്താനും സഞ്ജുവിനായി. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് കളികളിലും സഞ്ജുവിന് അവസരം നല്‍കിയിരുന്നു.ഇതില്‍ രണ്ടാം മത്സരത്തില്‍ സഞ്ജുവിനെ മൂന്നാം നമ്പറിലാണ് കളിപ്പിച്ചത്. എന്നാല്‍ വലിയൊരു ഇന്നിംഗ്സ് കളിക്കാന്‍ സഞ്ജുവിനായില്ല. ഇതോടെ അവസാന മൂന്ന് കളികളില്‍ ജിതേഷ് ശര്‍മയാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. ഈ സാഹചര്യത്തില്‍ ജിതേഷിന് തുടര്‍ച്ച നല്‍കണോ അതോ ദക്ഷിണാഫ്രിക്കക്കെതിരെ മികവ് കാട്ടിയിട്ടുള്ള സഞ്ജുവിനെ കളിപ്പിക്കണോ എന്ന കാര്യത്തില്‍ ടീം മാനേജ്മെന്‍റ് ആശയക്കുഴപ്പത്തിലാണ്.
ജിതേഷ് ശർമ്മ ആദ്യ മത്സരത്തിൽ തിളങ്ങിയാൽ തുടർന്നുള്ള മത്സരങ്ങളിലും സഞ്ജു സൈഡ് ബെഞ്ചിലിരിക്കേണ്ടിവരും. ഇത് സഞ്ജുവിന്‍റെ ടി20 ലോകകപ്പ് പ്രതീക്ഷകളെ പ്രതികൂലമായി ബാധിക്കും. എന്നാൽ ആദ്യ മത്സരത്തിൽ തിളങ്ങുന്ന താരത്തിന് പരമ്പരയിലെ തുടര്‍ന്നുള്ള മത്സരങ്ങളിലും അവസരം ലഭിക്കും. രണ്ടാമത്തെ വലിയ സെലക്ഷന്‍ പ്രതിസന്ധി ഹര്‍ഷിത് റാണയുടെയും അര്‍ഷ്ദീപ് സിംഗിന്‍റെയും കാര്യത്തിലാണ്. ടി20 ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും വിക്കറ്റെടുത്തിട്ടുള്ള ബൗളറാണ് അര്‍ഷ്ദീപ് എങ്കിലും ബാറ്റിംഗ് മികവ് കൂടി കണക്കിലെടുത്ത് ഹര്‍ഷിത് റാണയെ കളിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവര്‍ ബാറ്റിംഗ് നിരയിലും ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍ എന്നിവര്‍ ബൗളിംഗ് നിരയിലുമുണ്ടാകും എന്നുറപ്പാണ്. ഇന്ന് രാത്രി ഏഴിന് കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിലാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം.


