ഫിറ്റ്നസ് പ്രശ്‌നങ്ങളും മോശം ഫോമും നാളുകളായി ഹര്‍ദിക് പാണ്ഡ്യയെ വിടാതെ പിന്തുടരുകയാണ്

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരെ നാട്ടിൽ നടക്കുന്ന ഏകദിന, ട്വന്‍റി 20 പരമ്പരകളിലും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ (Hardik Pandya) കളിക്കില്ലെന്ന് സൂചന. ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെത്തി (National Cricket Academy, Bengaluru) പരിശീലനം നടത്താന്‍ ഹര്‍ദിക്കിന് ബിസിസിഐ (BCCI) നിര്‍ദേശം നൽകി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിൽ (India Tour of South Africa 2021-22) പരിഗണിക്കേണ്ടെന്ന് ഹര്‍ദിക് ബിസിസിഐയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു

ഫിറ്റ്നസ് പ്രശ്‌നങ്ങളും മോശം ഫോമും നാളുകളായി ഹര്‍ദിക് പാണ്ഡ്യയെ വിടാതെ പിന്തുടരുകയാണ്. ടി20 ലോകകപ്പിലാണ് ഹര്‍ദിക്ക് അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്. ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചശേഷം നടന്ന മത്സരങ്ങളില്‍ രണ്ടോവര്‍ മാത്രമാണ് ഹര്‍ദിക് പന്തെറിഞ്ഞത്. പൂര്‍ണ ഫിറ്റല്ലാഞ്ഞിട്ടും താരത്തെ ടീമിലെടുത്തത് വിവാദമായിരുന്നു. ടി20 ലോകകപ്പിന് തൊട്ടുമുമ്പ് യുഎഇയില്‍ പൂര്‍ത്തിയായ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഒരു പന്തുപോലും താരം എറിഞ്ഞിരുന്നില്ല. 

ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ താരം

പിന്നാലെ ന്യൂസിലാന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ നിന്ന് ഹര്‍ദിക്കിനെ ഒഴിവാക്കി. ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. 

ബറോഡ താരമായ ഹര്‍ദിക് പാണ്ഡ്യ ഫിറ്റ്‌നസ് തിരിച്ചുപിടിക്കുന്നതിന്‍റെ ഭാഗമായി വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് പിന്‍മാറിയിരുന്നു. ബൗള്‍ ചെയ്യാന്‍ പറ്റുന്ന രീതിയില്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമമാണ് ഹര്‍ദിക് നടത്തുന്നത്. ഫിറ്റ്‌നസും ഫോമില്ലായ്‌മയും കാരണം ഹര്‍ദിക്കിനെ ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയിരുന്നു. മുംബൈ രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെയാണ് മെഗാ താരലേലത്തിന് മുമ്പ് നിലനിര്‍ത്തിയത്.

ഹര്‍ദിക്കിന് രൂക്ഷ വിമര്‍ശനം

2019ല്‍ നടന്ന ശസ്‌ത്രക്രിയക്ക് ശേഷം പന്തെറിയാന്‍ മടിക്കുന്ന പാണ്ഡ്യയുടെ ഫിറ്റ്‌നസിനെ വിമര്‍ശിച്ച് മുന്‍താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. ബൗള്‍ ചെയ്യാതിരിക്കുന്ന ഹര്‍ദിക്കിനെ ഓള്‍റൗണ്ടറെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന ഇതിഹാസ താരം കപില്‍ ദേവിന്‍റെ വാക്കുകളാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. 'ഓള്‍റൗണ്ടറെന്ന വിശേഷണം ലഭിക്കണമെങ്കില്‍ ഹര്‍ദിക് പന്തെറിയുകയും ബാറ്റ് ചെയ്യുകയും വേണം. പന്തെറിയാത്ത അയാളെ എങ്ങനെയാണ് ഓള്‍റൗണ്ടറെന്ന് പറയാനാവുക. ആദ്യ അയാള്‍ പന്തെറിയട്ടെ' എന്നായിരുന്നു കപിലിന്‍റെ പ്രതികരണം.

South Africa vs India : ഔദ്യോഗിക തീരുമാനമെത്തി; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം കാണികളില്ലാതെ