ലിയോണല്‍ മെസിയും കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് നേടിയ ശേഷം രോഹിത് ശര്‍മയുമെല്ലാം കിരീടത്തെ കെട്ടിപ്പിടിച്ചുറങ്ങുന്ന ചിത്രങ്ങള്‍ നമ്മള്‍ മുമ്പ് കണ്ടിട്ടുണ്ടെങ്കിലും ഹര്‍മന്‍പ്രീത് അവിടെയും വ്യത്യസ്തയാവുകയായിരുന്നു.

മുംബൈ: ക്രിക്കറ്റ് എന്നത് മാന്യൻമാരുടെ കളിയാണെന്നാണ് പണ്ടുമുതലെ നമ്മളെല്ലാം പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ അത് മാന്യൻമാരുടെ മാത്രം കളിയല്ലെന്നും എല്ലാവരുടെയും കളിയാണെന്നും പറയുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പിച്ച് വനിതാ ഏകദിന ലോകകപ്പില്‍ കിരീടം നേടിയശേഷം ഹര്‍മന്‍പ്രീത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രമാണ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായത്.

ഫുട്ബോള്‍ ലോകകപ്പ് നേടിയശേഷം അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയും കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് നേടിയ ശേഷം രോഹിത് ശര്‍മയുമെല്ലാം കിരീടത്തെ കെട്ടിപ്പിടിച്ചുറങ്ങുന്ന ചിത്രങ്ങള്‍ നമ്മള്‍ മുമ്പ് കണ്ടിട്ടുണ്ടെങ്കിലും ഹര്‍മന്‍പ്രീത് അവിടെയും വ്യത്യസ്തയാവുകയായിരുന്നു. കിരീടത്തെ കെട്ടിപ്പിടിച്ചുറങ്ങുന്ന ചിത്രത്തിനൊപ്പം ഹര്‍മന്‍റെ മേൽവസ്ത്രത്തിലെഴുതിയിരിക്കുന്ന ആ വാചകങ്ങളാണ് ആരാധകരെ ആകര്‍ഷിച്ചത്. ക്രിക്കറ്റ് എന്നത് മാന്യൻമാരുടെ കളിയാണ് എന്നതിലെ മാന്യൻമാകെ വെട്ടി,എല്ലാവരുടെയും കളിയാണ് എന്നാണ് ഹര്‍മന്‍‍റെ ടീ ഷര്‍ട്ടില്‍ എഴുതിയിരിക്കുന്നത്. ക്രിക്കറ്റിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്നതാണ് ഹര്‍മന്‍റെ ചിത്രമെന്നാണ് ആരാധകര്‍ പറയുന്നത്.

View post on Instagram

നേരത്തെ മുന്‍ ബിസിസിസിഐ പ്രസിഡന്‍റായിരുന്ന എന്‍ ശ്രീനിവാസന് ഇന്ത്യയിലെ വനിതാ ക്രിക്കറ്റിനോടുള്ള നിഷേധാത്മക നിലപാടും ഇന്ത്യയുടെ കിരീട നേട്ടത്തിന് പിന്നാലെ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. 2014വരെ ബിസിസിഐ പ്രസിഡന്‍റായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം ഉടമ കൂടിയായ ശ്രീനിവാസന്‍ ഇന്ത്യയില്‍ വനിതകള്‍ ക്രിക്കറ്റ് കളിക്കുന്നതിന് എതിരായിരുന്നുവെന്ന് മുന്‍ ഇന്ത്യൻ ക്യാപ്റ്റൻ ഡയാന എഡുല്‍ജിയുടെ വെളിപ്പെടുത്തലായിരുന്നു ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക