ഫിറ്റ്നെസ് ഇല്ലായ്മയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള മുംബൈ ടീമില്‍ നിന്ന് പൃഥ്വി ഷായെ പുറത്താക്കിയിരുന്നു.

മുംബൈ: മുബൈ ക്രിക്കറ്റ് ടീമിലും ഐപിഎല്ലില്‍ അവസരം ലഭിക്കാതിരുന്നതിന് പിന്നാലെ മുംബൈ ക്രിക്കറ്റ് വിട്ട് മറ്റൊരു സംസ്ഥാനത്തിനായി കളിക്കാന്‍ അനുമതി തേടി യുവതാരം പൃഥ്വി ഷാ. അടുത്ത ആഭ്യന്തര സീസണില്‍ മറ്റേതെങ്കിലും സംസ്ഥാന അസോസിയേഷനു വേണ്ടി കളിക്കാന്‍ എൻഒസി നല്‍കണമെന്നാവശ്യപ്പെട്ടാണ് 25കാരനായ പൃഥ്വി ഷാ മുംബൈ ക്രിക്കറ്റ് അസോസിയേഷന് കത്ത് നല്‍കിയതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഫിറ്റ്നെസ് ഇല്ലായ്മയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള മുംബൈ ടീമില്‍ നിന്ന് പൃഥ്വി ഷായെ പുറത്താക്കിയിരുന്നു. പിന്നീട് പൃഥ്വി ഷായെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ പരിശീലകര്‍ക്ക് കീഴില്‍ രണ്ടാഴ്ച ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള പരിശീലനത്തിന് വിട്ടു. പൃഥ്വി ഷായുടെ ശരീത്തില്‍ 35 ശതമാനം അധിക കൊഴുപ്പാണെന്ന് പരിശീലകര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ശരീരഭാരവും കൊഴുപ്പും കുറക്കാന്‍ കഠിന പരിശീലനവും പരിശീലകര്‍ നിര്‍ദേശിച്ചിരുന്നു. മുംബൈക്കായി വീണ്ടും കളിക്കണമെങ്കില്‍ ഫിറ്റ്നെസ് വീണ്ടെടുക്കണമെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ പിന്നീടും ഫിറ്റ്നെസ് വീണ്ടെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പൃഥ്വി ഷായെ ഡിസംബറില്‍ നടന്ന വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിലേക്കും പരിഗണിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് പൃഥ്വി ഷാ മുംബൈ ക്രിക്കറ്റ് വിടാന്‍ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്. രണ്ടോ മൂന്നോ ക്രിക്കറ്റ് അസോസിയേഷനുകള്‍ പൃഥ്വി ഷായെ തങ്ങളുടെ സംസ്ഥാനത്തിനായി കളിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രഫഷണല്‍ ക്രിക്കറ്റില്‍ തന്നെ ഇത്രയും കാലം പിന്തുണച്ച മുംബൈ ക്രിക്കറ്റ് അസോസിയേഷന് നന്ദി അറിയിച്ച് പൃഥ്വി ഷാ കത്ത് നല്‍കിയതിനൊപ്പം മറ്റൊരു സംസ്ഥാനത്തിനായി കളിച്ച് കരിയറില്‍ പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അനുമതി നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനുവേണ്ടി കളിക്കാനാണ് പൃഥ്വി ഷാ ആഗ്രഹിക്കുന്നതെന്ന് സൂചനയുണ്ട്.

മുംബൈ ടീമില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പലപ്പോഴും പരോക്ഷ പോസ്റ്റുകളിട്ട് പൃഥ്വി ഷാ തന്‍റെ വിയോജിപ്പ് അറിയിച്ചിരുന്നു. 2022നുശേഷം വിജയ് ഹസാരെ ട്രോഫിയില്‍ പൃഥ്വി ഷാ മുംബൈക്കായി കളിച്ചിട്ടില്ല. ഇതിനിടെ ഇംഗ്ലണ്ടില്‍ വണ്‍ ഡേ കപ്പില്‍ നോര്‍ത്താംപ്ടണിനായി കളിച്ച പൃഥ്വി ഷാ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന 97, 72, 9, 23, 17 എന്നിങ്ങനെ സ്കോര്‍ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മുംബൈ ടീം മുഷ്താഖ് അലി ട്രോഫി ടി20 ജേതാക്കളായപ്പോള്‍ പൃഥ്വി ഷായെ കളിപ്പിക്കാത്തതിനെക്കുറിച്ച് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരോട് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. മടിയിലിരുത്തി പഠിപ്പിക്കാൻ പൃഥ്വി ഷാ കൊച്ചുകുട്ടിയല്ലെന്നും ഇത്രയും കാലം ക്രിക്കറ്റ് കളിച്ച പൃഥ്വി ഷാ തന്‍റെ പ്രശ്നങ്ങള്‍ എന്താണെന്ന് സ്വയം തിരിച്ചറിഞ്ഞ് തിരുത്താന്‍ തയാറാവട്ടെയെന്നുമായിരുന്നു ശ്രേയസിന്‍റെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക