മുമ്പും ഈ യുവതാരത്തെ ഇന്ത്യയുടെ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗുമായി പലരും താരതമ്യം ചെയ്‌തിട്ടുണ്ട്

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റിന് (Team India) ഒരിക്കലും മറക്കാനാവാത്ത പേരാണ് വീരേന്ദര്‍ സെവാഗിന്‍റേത് (Virender Sehwag). ആദ്യ പന്തുതന്നെ ബൗണ്ടറി പറത്തി ടീം ഇന്ത്യയില്‍ ഓപ്പണിംഗിന്‍റെ ശൈലി തന്നെ പൊളിച്ചെഴുതിയ താരമാണ് വീരു. ക്രിക്കറ്റിന്‍റെ ഫോര്‍മാറ്റുകള്‍ പോലും സെവാഗിന്‍റെ വെടിക്കെട്ട് ശൈലിക്ക് മുന്നില്‍ പ്രതിസന്ധിയുയര്‍ത്തിയില്ല. സെവാഗിന്‍റെ ശൈലിയോട് സാമ്യമുള്ളൊരു യുവതാരം ടീം ഇന്ത്യയിലുണ്ട് എന്ന് പറയുകയാണ് ഓസീസ് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് (Michael Clarke). 

'സെവാഗിനെ പോലൊരു വിസ്‌മയ താരമാണയാള്‍. ക്രിക്കറ്റിനെ മുന്നോട്ടുനയിച്ച ജീനിയസായിരുന്നു സെവാഗ്. എന്നെപ്പോലൊരാള്‍ അത്തരം ക്രിക്കറ്റിനെ ഇഷ്‌ടപ്പെടുന്നു. ടോപ് ഓര്‍ഡറില്‍ അഗ്രസീവായ ബാറ്റ്സ്‌മാന്‍ വരുന്നു. അതിനാലാണ് സെവാഗ് എന്‍റെ ഫേവറൈറ്റ് താരങ്ങളിലൊരാളായി മാറിയത്. യുവതാരമെന്ന നിലയില്‍ പൃഥ്വി ഷായെ ടീം ഇന്ത്യ പിന്തുണച്ച് കാണാനാഗ്രഹിക്കുന്നു. പൃഥ്വി ഷായില്‍ ഇപ്പോള്‍ വലിയ പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ കാര്യമില്ല. കൂടുതല്‍ സമയം നല്‍കണം' എന്നും ക്ലാര്‍ക്ക് ഡൗണ്‍ അണ്ടര്‍ഡോഗ്‌സ് എന്ന ഡോക്യുമെന്‍ററിയില്‍ പറഞ്ഞു. 

18-ാം വയസില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയെങ്കിലും പരിക്കും ഫോമില്ലായ്‌മയും പൃഥ്വി ഷായെ ഇന്ത്യന്‍ ടീമില്‍ നിന്ന് അകറ്റുകയായിരുന്നു. 22കാരനായ ഷാ അഞ്ച് ടെസ്റ്റില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും സഹിതം 339 റണ്‍സും ആറ് ഏകദിനത്തില്‍ 189 റണ്‍സും നേടിയിട്ടുണ്ട്. അതേസമയം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ഓപ്പണര്‍മാരില്‍ ഒരാള്‍ എന്ന വിശേഷണമുള്ള സെവാഗ് 104 ടെസ്റ്റില്‍ 8586 റണ്‍സും 251 ഏകദിനത്തില്‍ 8273 റണ്‍സും 19 രാജ്യാന്തര ടി20യില്‍ 394 റണ്‍സും അടിച്ചെടുത്തു.