ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി അടിച്ച് തുടങ്ങിയ ജയ്സ്വാള്‍ പിന്നീട് നിറം മങ്ങിയെങ്കിലും ഓവലില്‍ നടന്ന അവസാന ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ നിര്‍ണായക സെഞ്ചുറി നേടി തിളങ്ങിയിരുന്നു.
സിഡ്നി: ഇംഗ്ലണ്ടില്‍ ഓപ്പണറായി ഇറങ്ങി രണ്ട് സെഞ്ചുറികള്‍ നേടിയ ഇന്ത്യയുടെ യശസ്വി ജയ്സ്വാളിനെ വാഴ്ത്തി ഓസ്ട്രേലിയൻ മുന്‍ ക്യാപ്റ്റൻ മൈക്കല്‍ ക്ലാര്‍ക്ക്. ഇന്ത്യയുടെ അടുത്ത വീരേന്ദര്‍ സെവാഗ് ആണ് യശസ്വി ജയ്സ്വാളെന്ന് ക്ലാര്‍ക്ക് പറഞ്ഞു. ജയ്സ്വാള്‍ ലോകക്രിക്കറ്റിലെ അടുത്ത സൂപ്പര്‍താരമാണെന്നും ഇതുപോലെ കളി തുടര്‍ന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിൽ വീരേന്ദര്‍ സെവാഗിനെപ്പോലെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളാവാന്‍ ജയ്സ്വാളിന് കഴിയുമെന്നും ക്ലാര്‍ക്ക് ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ പറഞ്ഞു. ഓപ്പണറെന്ന നിലയില്‍ ജയ്സ്വാള്‍ പുറത്തെടുക്കുന്ന ആക്രമണോത്സുകതയും റിസ്കും അവന് വലിയ നേട്ടങ്ങള്‍ നല്‍കുമെന്നുറപ്പാണ്. സെവാഗിന്‍റെ പ്രതാപ കാലത്ത് അദ്ദേഹത്തെ തടയാനാവാത്തതുപോലെയാണ് ജയ്സ്വാളും ഇപ്പോള്‍. ഇതേ കളി തുടര്‍ന്നാല്‍ ജയ്സ്വാളിന് ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ ഭാവിയുണ്ടെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി അടിച്ച് തുടങ്ങിയ ജയ്സ്വാള്‍ പിന്നീട് നിറം മങ്ങിയെങ്കിലും ഓവലില്‍ നടന്ന അവസാന ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ നിര്‍ണായക സെഞ്ചുറി നേടി തിളങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റിലും ജയ്സ്വാള്‍ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു.



