ടീം പ്രഖ്യാപനത്തിന് മുമ്പ് സൂര്യകുമാര്‍ യാദവ് ഫിറ്റ്നെസ് വീണ്ടെടുത്തില്ലെങ്കില്‍ ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് പുതിയ നായകനെ കണ്ടെത്തേണ്ടിവരും.

മുംബൈ: അടുത്തമാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്‍റിനുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ ഈ മാസം മൂന്നാം വാരം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസയം, ടി20 ടീമിന്‍റെ നായകനായ സൂര്യകുമാര്‍ യാദവ് ഹെര്‍ണിയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലുള്ള സൂര്യകുമാര്‍ കഴിഞ്ഞ ദിവസം ബാറ്റിംഗ് പരിശീലനം നത്തുന്ന വീഡിയോ പങ്കുവെച്ചെങ്കിലും മാച്ച് ഫിറ്റ്നെസ് ഇതുവരെ വീണ്ടെടുത്തിട്ടില്ല. ഐപിഎല്ലിനുശേഷം മത്സര ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സൂര്യകുമാര്‍ യാദവ് ജൂണിലാണ് ഹെര്‍ണിയ ശസ്ത്രക്രിയക്ക് വിധേയനായത്.

ടീം പ്രഖ്യാപനത്തിന് മുമ്പ് സൂര്യകുമാര്‍ യാദവ് ഫിറ്റ്നെസ് വീണ്ടെടുത്തില്ലെങ്കില്‍ ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് പുതിയ നായകനെ കണ്ടെത്തേണ്ടിവരും. അടുത്ത ആഴ്ച ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി മെഡിക്കല്‍ സംഘത്തിന്‍റെ വിലയിരുത്തലിന് ശേഷമെ സൂര്യകുമാറിന്‍റെ കായിക്ഷമത സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താനാവു. സൂര്യകുമാറിന് കളിക്കാനായില്ലെങ്കില്‍ പകരം നായകനായി ടെസ്റ്റ് ടീം നായകനായി ശുഭ്മാന്‍ ഗില്ലിനെ പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലാണ് ഗില്‍ അവസാനം ഇന്ത്യക്കായി ടി20 മത്സരം കളിച്ചത്. സൂര്യകുമാര്‍ യാദവ് കളിച്ചിച്ചില്ലെങ്കില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെയും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാനിടയുണ്ട്. രോഹിത്തിന് കീഴില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് ആണ് രോഹിത്ത് ടി20 ടീമില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ ടീമിനെ നയിച്ചത്. ടി20 ലോകകപ്പിനുശേഷം രോഹിത് ശര്‍മ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ ഹാര്‍ദ്ദിക് സ്വാഭാവിക പിന്‍ഗാമിയാവുമെന്ന് കരുതിയെങ്കിലും ഗംഭീര്‍ മുഖ്യ പരിശീലകനായതോടെ സൂര്യകുമാര്‍ യാദവിനെ ടി20 ടീം നായകനായി തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യക്കായി ടി20 മത്സരങ്ങളില്‍ സമീപകാലത്ത് നിറം മങ്ങിയെങ്കിലും ഐപിഎല്ലില്‍ മിന്നും ഫോമിലായിരുന്നു സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ ഐപിഎല്ലില്‍ 16 മത്സരങ്ങളില്‍ 717 റണ്‍സടിച്ച സൂര്യയാണ് റണ്‍വേട്ടയില്‍ സായ് സുദര്‍ശന്(759) പിന്നില്‍ രണ്ടാമത് എത്തിയത്. സൂര്യകുമാറിന് കീഴില്‍ 22 ടി20 മത്സരം കളിച്ച ഇന്ത്യ 17 മത്സരങ്ങളിലും ജയിച്ചിരുന്നു. സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 28വരെ യുഎഇയിലാണ് ഇത്തവണത്തെ ഏഷ്യാ കപ്പ്. സെപ്റ്റംബര്‍ 14നാണ് ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരാട്ടം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക