ബംഗലൂരു: വര്‍ഷാവസാനം ഏകദിന, ടെസ്റ്റ് റാങ്കിംഗുകളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും ഈ വര്‍ഷത്തെ ഇന്ത്യയുടെ മികച്ച ബാറ്റ്സ്മാന്‍ കോലിയല്ലെന്ന് മുന്‍ നായകനും പരിശീലകനുമായ അനില്‍ കുംബ്ലെ. ലോകകപ്പിലെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തില്‍ രോഹിത് ശര്‍മയാണ് ഈ വര്‍ഷത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച കളിക്കാരനെന്ന് കുംബ്ലെ പറഞ്ഞു.

ഇന്ത്യക്കായി ഒരുപാട് പേര്‍ ഈവര്‍ഷം മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. എന്നാല്‍ അവരിലാരെക്കാളും തലയെടുപ്പോടെ നില്‍ക്കുന്നത് രോഹിത് ആണ്. ടെസ്റ്റിലെ ഡബിള്‍ സെഞ്ചുറിയും കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ പുറത്തെടുത്ത മികവുമെല്ലാം ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരമായി രോഹിത്തിനെ തെര‍ഞ്ഞെടുക്കാനുള്ള കാരണങ്ങളാണെന്ന് കുംബ്ലെ പറഞ്ഞു.

ഈ വര്‍ഷത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച യുവതാരം മായങ്ക് അഗര്‍വാളാണെന്നും കുംബ്ലെ പറഞ്ഞു. ഏകദിന, ടി20 ക്രിക്കറ്റിലും മായങ്കിനെ കളിപ്പിക്കാവുന്നതാണെന്നും അതിനുള്ള പ്രതിഭയുള്ള താരമാണ് മായങ്കെന്നും കുംബ്ലെ അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം ഓസ്ട്രേലിയയിലെ ടെസ്റ്റ് പരമ്പര ജയമാണെന്നും കുംബ്ലെ പറഞ്ഞു.

2019ൽ ഏറ്റവും കൂടുതൽ ഏകദിന റൺസ് നേടിയ താരമെന്ന റെക്കോർഡ് രോഹിത് ശർമ സ്വന്തമാക്കിയിരുന്നു. കോലിയെ പിന്തള്ളിയായിരുന്നു രോഹിത്തിന്റെ നേട്ടം. 28 ഏകദിനത്തിൽ ഏഴ് സെഞ്ച്വറിയും ആറ് അർധസെഞ്ച്വറിയും ഉൾപ്പടെ 2019ൽ 1490 റൺസാണ് രോഹിത് അടിച്ചുകൂട്ടിയത്. വിരാട് കോലി 26 ഏകദിനത്തിൽ 1377 റൺസാണ് നേടിയത്.

അഞ്ച് സെഞ്ച്വറിയും ഏഴ് അർധസെഞ്ച്വറിയുമാണ് കോലി ഇക്കാലയളവിൽ സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസിന്റെ ഷായ് ഹോപ്പ് 1345 റൺസുമായി മൂന്നും ആരോൺ ഫിഞ്ച് 1141 റൺസുമായി നാലും 1092 റൺസുമായി ബാബർ അസം അഞ്ചും സ്ഥാനങ്ങളിലെത്തി.