ജിതേഷും മികച്ച കളിക്കാരനാണ്. ഐപിഎല്ലിലും തിളങ്ങിയിട്ടുണ്ട്. എങ്കിലും വ്യക്തിപരമായി എന്‍റെ അഭിപ്രായത്തില്‍ സഞ്ജുവിന് തന്നെ അവസരം നല്‍കണം.

ബറോഡ: ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ആരിറങ്ങുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. വൈസ് ക്യാപ്റ്റനും ഓപ്പണറുമായി ശുഭ്മാന്‍ ഗില്‍ കൂടി ടീമിലെത്തിയതോടെ മലയാളി താരം സഞ്ജു സാംസണിന്‍റെ ഓപ്പണിംഗ് സ്ഥാനം ഭീഷണിയിലാണ്. ഈ സാഹചര്യത്തില്‍ ആരാകണം ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കുകയാാണ് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍.

ഏഷ്യാ കപ്പില്‍ അഞ്ചാം നമ്പറിലും ആറാം നമ്പറിലും ബാറ്റിംഗിനിറങ്ങുമ്പോള്‍ പഴയ പന്തില്‍ ആരാണ് മികച്ച രീതിയില്‍ കളിക്കുക എന്നതിനെ ആശ്രയിച്ചായിരിക്കും സഞ്ജുവിന്‍റെ പ്ലേയിംഗ് ഇലവനിലെ സ്ഥാനമെന്ന് ഇര്‍ഫാൻ പത്താന്‍ പറഞ്ഞു. ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ടീമിലുള്ളതിനാല്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നില്‍ ഗില്‍ കളിക്കുമെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പറായി കളിക്കുന്ന താരം മധ്യനിരയിലേക്ക് ഇറങ്ങേണ്ടിവരും. പഴയ പന്തിലും സ്പിന്നര്‍മാര്‍ക്കെതിരെയും മികച്ച റെക്കോര്‍ഡുള്ള താരത്തിനാണ് ഇവിടെ സാധ്യത.

മധ്യനിരയില്‍ കളിക്കുമ്പോള്‍ സഞ്ജുവിന്‍റെ ബാറ്റിംഗ് ശരാശരി ജിതേഷ് ശര്‍മയുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര മികച്ചതല്ല. പക്ഷെ ടോപ് ഓര്‍ഡറില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ താരമാണ് സഞ്ജു. മുന്‍കാലങ്ങളില്‍ ടീമിനായി മികച്ച പ്രകടനം നടത്തിയ താരങ്ങളെ പൊടുന്നനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. അവര്‍ക്ക് തുടര്‍ച്ച നല്‍കണമെന്നാണ് എന്‍റെ അഭിപ്രായം.സഞ്ജുവിന്‍റെ പ്രകടനം പവര്‍ പ്ലേയില്‍ മാത്രം ഒതുങ്ങുന്നതല്ല. സ്പിന്നര്‍മാര്‍ക്കെതിരെ ആധിപത്യം പുലര്‍ത്താനും സഞ്ജുവിന് മികവുണ്ട്. സ്പിന്നര്‍മാരെ കളിക്കുന്നതും അവര്‍ക്കെതിരെ ആധിപത്യത്തോടെ കളിക്കുന്നതും രണ്ടാണ്. അവ‍ർക്കെതിരെ അനായാസം ബൗണ്ടറികള്‍ കണ്ടെത്താന്‍ സഞ്ജുവിന് മിടുക്കുണ്ട്.

അതുകൊണ്ട് തന്നെ ഏഷ്യാ കപ്പില്‍ സഞ്ജുവിനെ മധ്യനിരില്‍ പരീക്ഷിക്കുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. എന്നാല്‍ നെറ്റ് സെഷനില്‍ ആരാണ് പഴയ പന്തില്‍ നന്നായി കളിക്കുന്നത് എന്ന് നോക്കിയാകും ടീം മാനേജമെന്‍റ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുകുക എന്നാണ് കരുതുന്നത്. നെറ്റ്സില്‍ പലതരം പരിശീലനമുണ്ട്, ഫാസ്റ്റ് ബൗളിംഗ് നെറ്റ്സ്, സ്പിന്‍ ബൗളിംഗ് നെറ്റ്സ്, ഓപ്പണ്‍ നെറ്റ് എന്നിങ്ങനെ പലതരത്തില്‍ പരിശീലനം നടത്തും. നെറ്റ്സില്‍ ആരാണോ സ്പിന്നിനെ നന്നായി നേരിടുന്നവര്‍ അവര്‍ക്കായിരിക്കും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുക. എങ്കിലും മുന്‍കാലങ്ങളില്‍ ടീമിനായി മികച്ച പ്രകടനം നടത്തിയ താരമെന്ന നിലയിൽ സഞ്ജുവിന് തുടര്‍ച്ച നല്‍കണമെന്നാണ് എന്‍റെ അഭിപ്രായം.

ജിതേഷും മികച്ച കളിക്കാരനാണ്. ഐപിഎല്ലിലും തിളങ്ങിയിട്ടുണ്ട്. എങ്കിലും വ്യക്തിപരമായി എന്‍റെ അഭിപ്രായത്തില്‍ സഞ്ജുവിന് തന്നെ അവസരം നല്‍കണം. കാരണം, ബഹുരാഷ്ട്ര പരമ്പരകളില്‍ ഒരിക്കല്‍ ടീമില്‍ നിന്ന് പുറത്തായാല്‍ പിന്നീട് തിരിച്ചുവരിക പ്രയാസമായിരിക്കും. അതുകൊണ്ട് ഏഷ്യാ കപ്പിലും സഞ്ജു തന്നെയാവണം ഇന്ത്യയുടെ നമ്പര്‍ വണ്‍ ചോയ്സെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. ഏപ്രില്‍ ഒമ്പതിന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 10ന് യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക