ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യ നാല് വിക്കറ്റിന് പരാജയപ്പെട്ടു. 40 പന്തുകൾ ശേഷിക്കെയായിരുന്നു ഓസീസിന്റെ ജയം, ഇത് പന്തുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ തോൽവിയാണ്.

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടി20യില്‍ നാല് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഓസീസ് 13.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മിച്ചല്‍ മാര്‍ഷ് 46 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ട്രാവിസ് ഹെഡ് (28), ജോഷ് ഇംഗ്ലിസ് (20) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ത്തിന് മുന്നിലെത്തി. മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്‍വുഡാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

40 പന്തുകള്‍ ശേഷിക്കെ ഇന്ത്യ തോല്‍വി സമ്മതിച്ചിരുന്നു. പന്തുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ രണ്ടാമത്തെ തോല്‍വിയാണിത്. 2008ല്‍ ഓസ്‌ട്രേലിയക്കെതിരെ ഇതേ ഗ്രൗണ്ടില്‍ ഇന്ത്യ 52 പന്തുകള്‍ ബാക്കി നില്‍ക്കെ പരാജയപ്പെട്ടിരുന്നു. ഈ തോല്‍വിയാണ് പട്ടികയില്‍ ഒന്നാമത്. 2021ല്‍ ശ്രീലങ്കയ്‌ക്കെതിരെ (33 പന്തുകള്‍), അതേവര്‍ഷം ന്യൂസിലന്‍ഡിനെ (33 പന്തുകള്‍), 2012ല്‍ ശ്രീലങ്കയ്‌ക്കെതിരെ (31 പന്തുകള്‍) എന്നീ തോല്‍വികളും അടുത്തടുത്ത സ്ഥാനങ്ങളിലുണ്ട്.

നേരത്തെ അഭിഷേക് ശര്‍മയുടെ ഇന്നിംഗ്‌സാണ് (37 പന്തില്‍ 68) ഇന്നിംഗ്‌സാണ് ഇന്ത്യയെ 100 കടത്തിയത്. 33 പന്തില്‍ 35 റണ്‍സെടുത്ത ഹര്‍ഷിത് റാണയാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ജോഷ് ഹേസല്‍വുഡ് ഓസീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, നതാന്‍ എല്ലിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമായിരുന്നു ഓസീസിന്. ഒന്നാം വിക്കറ്റില്‍ ഹെഡ് - മാര്‍ഷ് സഖ്യം 51 റണ്‍സ് ചേര്‍ത്തു. അഞ്ചാം ഓവറില്‍ ഹെഡിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്.

തുടര്‍ന്ന് ഇംഗ്ലിസിനൊപ്പം 36 റണ്‍സ് കൂട്ടിചേര്‍ത്ത് മാര്‍ഷ് മടങ്ങി. നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. മാര്‍ഷ് മടങ്ങുന്ന ഓസീസിന് ജയിക്കാന്‍ 39 മാത്രം മതിയായിരുന്നു. എട്ട് വിക്കറ്റുകള്‍ ബാക്കി. എന്നാല്‍ പൊടുന്നനെ നാല് വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. ടിം ഡേവിഡിനെ (1) വരുണ്‍ റിട്ടേണ്‍ ക്യാച്ചില്‍ മടക്കി. ഇംഗ്ലിസാവട്ടെ കുല്‍ദീപ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

മിച്ചല്‍ ഓവനെ ജസ്പ്രിത് ബുമ്ര, സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ മാത്യു ഷോര്‍ട്ടിനെ (0) ബുമ്ര ഒരു യോര്‍ക്കറില്‍ ബൗള്‍ഡാക്കി. എന്നാല്‍ 14-ാം ഓവറില്‍ രണ്ട് റണ്‍ ഓടിയെടുത്ത് മാര്‍കസ് സ്‌റ്റോയിനിസ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. സേവ്യര്‍ ബാര്‍ട്‌ലെറ്റ് (0) പുറത്താവാതെ നിന്നു.

YouTube video player