ബംഗ്ലാദേശിനെതിരെ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയിട്ട് ആറ് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് തെംബാ ബാവുമ നേടിയത്

സിഡ്നി: ക്യാപ്റ്റനാണത്രേ, ക്യാപ്റ്റന്‍! ട്വന്‍റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ നയിക്കുന്ന തെംബാ ബാവുമയെ പൊരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ഓപ്പണറായി ഇറങ്ങിയിട്ടും കാര്യമായ റണ്‍സ് കണ്ടെത്താന്‍ ബാവുമയ്ക്ക് കഴിയാത്തതാണ് കാരണം. ബംഗ്ലാദേശിന് എതിരായ സൂപ്പർ-12 മത്സരത്തിലും കുഞ്ഞന്‍ സ്കോറില്‍ പുറത്തായതോടെ തെംബാ ബാവുമയെ കടന്നാക്രമിക്കുകയാണ് ആരാധകർ. ബാവുമ രാജ്യാന്തര ടി20 നിർത്താന്‍ സമയമായി എന്ന് ആരാധകർ പറയുന്നു. 

ബംഗ്ലാദേശിനെതിരെ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയിട്ട് ആറ് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് തെംബാ ബാവുമ നേടിയത്. ടസ്കിന്‍ അഹമ്മദിന്‍റെ പന്തില്‍ എഡ്ജായി വിക്കറ്റ് കീപ്പർ പിടിച്ചായിരുന്നു പുറത്താകല്‍. ബാവുമ ടി20യില്‍ ഏതെങ്കിലുമൊരു ടീമിനെതിരെ 35ഓ അതില്‍ കുറവോ പന്തുകളില്‍ അർധസെഞ്ചുറി നേടിയാല്‍ ഞാനെന്‍റെ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്യാം എന്നായിരുന്നു ഒരു ആരാധികയുടെ ട്വീറ്റ്. രാജ്യാന്തര ടി20യില്‍ ബാവുമയുടെ അവസാന ഏഴ് ഇന്നിംഗ്സുകളിലെ സ്കോറുകള്‍ 8(10), 8*(11), 0(4), 0(7), 3(8), 2*(2) & 2(6) എന്നിങ്ങനെയാണെന്ന് മറ്റൊരു ആരാധകന്‍ ഓർമ്മിപ്പിച്ചു. 51 ടെസ്റ്റില്‍ ഒരൊറ്റ സെഞ്ചുറി, 30 രാജ്യാന്തര ടി20കളില്‍ ഒരു ഫിഫ്റ്റി, സ്ട്രൈക്ക് റേറ്റ് 115. എന്നിട്ടും ബാവുമ എങ്ങനെ ടി20 ക്യാപ്റ്റനായി ടീമില്‍ നില്‍ക്കുന്നു എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ബാവുമ വേഗം പുറത്താവുന്നത് ടീമിനാണ് നേട്ടമെന്ന് പറയുന്നവരുമേറെ. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തെംബാ ബാവുമ എന്ന താരത്തിന്‍റെ റോളും ആരാധകർ ചോദ്യം ചെയ്യുന്നു,

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ക്യാപ്റ്റന്‍ ബാവുമ വീണ്ടും നിരാശപ്പെടുത്തിയെങ്കിലും ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്കോർ നേടി എന്നതാണ് ശ്രദ്ധേയം. 56 പന്തില്‍ 109 റണ്‍സെടുത്ത റൈലി റൂസ്സോ, 38 പന്തില്‍ 63 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡികോക്ക് എന്നിവരുടെ മികവില്‍ പ്രോട്ടീസ് 20 ഓവറില്‍ 5 വിക്കറ്റിന് 205 റണ്‍സ് അടിച്ചുകൂട്ടി. റൂസ്സോയുടെ തുടർച്ചയായ രണ്ടാം രാജ്യാന്തര ടി20 ശതമാണിത്. അവസാന അഞ്ച് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങിയ ബംഗ്ലാ തിരിച്ചുവരവാണ് 230 എങ്കിലുമെത്തേണ്ടിയിരുന്ന പ്രോട്ടീസ് സ്കോർ പിടിച്ചുകെട്ടിയത്. ബംഗ്ലാ നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ രണ്ട് വിക്കറ്റ് നേടി.

റൂസ്സോ ക്ലാസിക്, സിക്സർ മഴ; സെഞ്ചുറിക്കരുത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പടുകൂറ്റന്‍ സ്കോർ