രാജ്യാന്തര ക്രിക്കറ്റില്‍ ഇരുപത്തിയയ്യാരിത്തിലേറെ റണ്‍സ് സമ്പാദ്യമായുള്ള കിംഗ് വിരാട് കോലി 15 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്

ദില്ലി: രാജ്യാന്തര ക്രിക്കറ്റില്‍ 15 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലി. 2008 ഓഗസ്റ്റ് 18നായിരുന്നു ലങ്കയ്ക്ക് എതിരെ ഏകദിനം കളിച്ചുകൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയുടെ അരങ്ങേറ്റം. മൂന്ന് ഫോർമാറ്റിലുമായി ഇതിനകം 501 മത്സരങ്ങള്‍ കളിച്ച കോലി രാജ്യാന്തര കരിയറില്‍ എത്ര കിലോമീറ്റർ ദൂരം 22 വാരയ്ക്കുള്ളില്‍ ഓടിക്കാണും. ആരാധകരെ ആശ്ചര്യത്തിലാക്കുന്ന കണക്കാണത്. 

രാജ്യാന്തര ക്രിക്കറ്റില്‍ ഇരുപത്തിയയ്യാരിത്തിലേറെ റണ്‍സ് സമ്പാദ്യമായുള്ള കിംഗ് വിരാട് കോലി 15 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഒന്നര പതിറ്റാണ്ട് നീണ്ട കരിയറില്‍ കോലി എത്ര കിലോമീറ്റർ ദൂരം വിക്കറ്റിനിടെ ഓടിക്കാണും. ദീർഘമായ ഇന്നിംഗ്സുകളും സെഞ്ചുറികളും സ്ഥിരമായി കളിക്കാറുള്ള കോലി എന്തായാലും ഏറെ കിലേമീറ്ററുകള്‍ ഓടിക്കാണും എന്നുറപ്പ്. ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയുടെ കണക്ക് പ്രകാരം കോലി ഇതിനകം 500 കിലോമീറ്ററിലേറെ ദൂരം 22 വാരയ്ക്കകത്ത് ഓടി. ‌‌ബൗണ്ടറികള്‍ അല്ലാത്ത ഷോട്ടുകളില്‍ റണ്ണിനായി 277 കിലോമീറ്റർ കോലി ഓടിയെന്ന് കണക്കുകള്‍ പറയുന്നു. 233 കിലോമീറ്റർ ദൂരം നോണ്‍ സ്ട്രൈക്കർ എന്ന നിലയില്‍ സഹതാരങ്ങള്‍ക്ക് റണ്‍സ് കണ്ടെത്താനായി ഓടി. രണ്ടും കൂടി ചേരുമ്പോള്‍ കോലി ഏതാണ് 510 കിലോമീറ്റർ ഇതിനകം ക്രീസില്‍ വിക്കറ്റുകള്‍ക്കിടെ ഓടി എന്നാണ് കണക്ക്. കേരളത്തിലൂടെ റോഡ് മാർഗം ഒറ്റ ഓട്ടം ഓടിയാല്‍ തിരുവനന്തപുരം മുതല്‍ കണ്ണൂർ-കാസർകോട് ജില്ലാതിർത്തി വരെ കോലിക്ക് ഈ ദൂരം വച്ച് ഓടാനാകും.

സമകാലിക ക്രിക്കറ്റിലെ ഗോട്ടായാണ് വിരാട് കോലി വിശേഷിപ്പിക്കപ്പെടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 501 മത്സരങ്ങളില്‍ 76 സെഞ്ചുറികളോടെ 53.63 ശരാശരിയില്‍ 25582 റണ്‍സ് വിരാട് നേടിക്കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ 111 മത്സരങ്ങളില്‍ 29 വീതം സെഞ്ചുറികളും അർധസെഞ്ചുറികളും സഹിതം 8676 റണ്‍സ്, 275 ഏകദിനങ്ങളില്‍ 46 സെഞ്ചുറികളും 65 ഫിഫ്റ്റികളും ഉള്‍പ്പടെ 12898 റണ്‍സ്, 115 രാജ്യാന്തര ട്വന്‍റി 20കളില്‍ ഒരു സെഞ്ചുറിയും 37 അർധസെഞ്ചുറികളും ഉള്‍ക്കൊള്ളുന്ന 4008 റണ്‍സ് എന്നിങ്ങനെയാണ് വിരാടിന്‍റെ റണ്‍ സമ്പാദ്യം. ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ 237 മത്സരങ്ങളില്‍ 7263 റണ്‍സും കോലിക്കുണ്ട്. 2013ല്‍ സിംബാബ്‍വെക്കെതിരായ മത്സരത്തില്‍ വിക്കറ്റിനിടെ നാല് റണ്‍സ് ഓടിയെടുത്ത ചരിത്രമുള്ള താരമാണ് കോലി. 

Read more: കിംഗ് ഉദയത്തിന് 15 വർഷം; രാജ്യാന്തര ക്രിക്കറ്റില്‍ ഒന്നര പതിറ്റാണ്ട് പൂർത്തിയാക്കി വിരാട് കോലി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം