സോറി റിങ്കു സിംഗ്! ഹാര്‍ദിക് പാണ്ഡ്യക്ക് വേണ്ടി റിങ്കുവിനെ ബലി കൊടുത്തു? താരം പുറത്തായത് അവസാന ലാപ്പില്‍
ദേശീയ ടീമില്‍ അവസരം ലഭിച്ചപ്പോഴെല്ലാം ഗംഭീര പുറത്തെടുത്ത താരമാണ് റിങ്കു. എന്നാല്‍ ഐപിഎല്ലിലേക്ക് വന്നപ്പോള്‍ റിങ്കുവിന് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശാന്‍ സാധിച്ചില്ല.
അഹമ്മദാബാദ്: ശക്തമായ പതിനഞ്ചംഗ ടീമിനെയാണ് ബിസിസിഐ ടി20 ലോകകപ്പിനായി പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണും ടീമിലിടം നേടി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി പുറത്തെടുത്ത ഗംഭീര പ്രകടനാണ് സഞ്ജുവിന് ടീമിലിടം നല്‍കിയത്. രോഹിത് ശര്‍മ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. സഞ്ജുവിനൊപ്പം റിഷഭ് പന്തും ടീമിലെത്തി. ഇതോടെ കെ എല്‍ രാഹുലിന് പുറത്തിരിക്കേണ്ടി വന്നു. ടീം പുറത്തുവന്നപ്പോള്‍ നിരാശപ്പെടേണ്ടതുണ്ടായ ഒരേയൊരു ഘടകം റിങ്കു സിംഗിനെ ഒഴിവാക്കിയതാണ്.
ദേശീയ ടീമില്‍ അവസരം ലഭിച്ചപ്പോഴെല്ലാം ഗംഭീര പുറത്തെടുത്ത താരമാണ് റിങ്കു. എന്നാല്‍ ഐപിഎല്ലിലേക്ക് വന്നപ്പോള്‍ റിങ്കുവിന് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശാന്‍ സാധിച്ചില്ല. അതിനുമാത്രം അവസരവും താരത്തിന് ലഭിച്ചിട്ടുണ്ടായിരുന്നില്ല. ഇന്ത്യക്കായി 11 ഇന്നിങ്‌സില്‍ 356 റണ്‍സാണ് ടി20 റിങ്കുവിന്റെ സമ്പാദ്യം. 89 ആവറേജ്. 176 സ്‌ട്രൈക്ക് റേറ്റ്. ഇതില്‍ ഓസ്‌ട്രേലിയക്കെതിരെ ഒമ്പത് പന്തില്‍ 31 റണ്‍സും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 39 പന്തില്‍ 68 റണ്‍സും നേടി. അതും ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍. ഇന്ത്യ അവസാനം കളിച്ച ടി20യില്‍ 22-4 എന്ന നിലയില്‍ ക്രീസിലെത്തി 39 ബോളില്‍ 69 റണ്‍സുമായി റിങ്കു പുറത്താവാതെ നിന്നിരുന്നു.
റിങ്കുവിനെ ഉള്‍പ്പെടുത്താന്‍ ഇടമുണ്ടായിരുന്നുവെന്നാണ് ആരാധകരുടെ വാദം. അവര്‍ നിരത്തുന്ന കാരണങ്ങളിങ്ങനെ. നാല് സ്പിന്നര്‍മാരാണ് ടീമില്‍. ഇതില്‍ രവീന്ദ്ര ജഡേജയും അകസര്‍ പട്ടേലും ഓള്‍റൗണ്ടര്‍മാര്‍. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി യൂസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും. അക്‌സറിനേയും ജഡേജയേയും ഒരുമിച്ച് ടീമിലെടുക്കണമായിരുന്നോ എന്ന് ചോദിക്കുന്നവരുണ്ട്. അവരില്‍ ഒരാള്‍ക്ക് പകരം റിങ്കു ടീമില്‍ വരണമായിരുന്നു എന്നാണ് വാദം.
എന്തായാലും അതുണ്ടായില്ല. ഇനി എങ്ങനെയാണ് റിങ്കു പുറത്തായതെന്ന് നോക്കാം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി ശിവം ദുബെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ താരം ടീമില്‍ സ്ഥാനമുറപ്പിച്ചിരുന്നു. റിങ്കുവിനെ മറികടക്കുന്ന രീതിയിലായിരുന്നു ദുബെയുടെ പ്രകടനം. ഇതോടെ മത്സരം ഹാര്‍ദിക്കും റിങ്കുവും തമ്മിലായി. എന്നാല്‍ സെലകറ്റര്‍മാര്‍ക്ക് ഹാര്‍ദിക്കിനെ തിരഞ്ഞെടുക്കേണ്ടിവന്നു. ഓള്‍റൗണ്ടറെന്ന പരിഗണന നല്‍കിയാണ് ഹാര്‍ദിക്കിനെ എത്തിക്കുന്നത്.