ജോലിഭാരം കണക്കിലെടുത്ത് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിലെ മൂന്ന് ടെസ്റ്റുകളില്‍ മാത്രമെ കളിക്കൂവെന്ന് ബുമ്ര നേരത്തെ വ്യക്തമാക്കിയിരുന്നു.

ഓവല്‍: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിനുള്ള ടീമില്‍ നിന്ന് വിശ്രമം അനുവദിച്ചതിന് പിന്നാലെ ജസ്പ്രീത് ബുമ്ര തിരിച്ചുപോകുന്നതില്‍ വൈകാരികമായി പ്രതികരിച്ച് ഇന്ത്യൻ പേസര്‍ മുഹമ്മദ് സിറാജ്. ബുമ്രയെ ടീമില്‍ നിന്ന് റിലീസ് ചെയ്തുവെന്ന് അറിഞ്ഞപ്പോള്‍ എന്തിനാണ് തിരിച്ചുപോകുന്നതെന്ന് താന്‍ ബുമ്രയോട് ചോദിച്ചിരുന്നുവെന്ന് സിറാജ് പറഞ്ഞു.

ഞാന്‍ ജാസി ഭായിയോട് ചോദിച്ചു, എന്തിനാണ് നിങ്ങളിപ്പോള്‍ തിരിച്ചുപോകുന്നത്, ഞാന്‍ ഓവലില്‍ അഞ്ച് വിക്കറ്റെടുത്താല്‍ പിന്നെ ആരെ ആലിംഗനം ചെയ്യും. അതുകേട്ട് ജാസി ഭായി എന്നോട് പറഞ്ഞത്, നീ അഞ്ച് വിക്കറ്റ് എടുക്ക് ഞാനിവിടെത്തന്നെ ഉണ്ടെന്നായിരുന്നു-സിറാജ് ബിസിസിഐ ടിവിയോട് പറഞ്ഞു.

ജോലിഭാരം കണക്കിലെടുത്ത് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിലെ മൂന്ന് ടെസ്റ്റുകളില്‍ മാത്രമെ കളിക്കൂവെന്ന് ബുമ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യ ടെസ്റ്റില്‍ കളിച്ച ബുമ്ര മൂന്നും നാലും ടെസ്റ്റുകളിലും കളിച്ചു. തുടര്‍ന്നാണ് ബുമ്രക്ക് അവസാന ടെസ്റ്റില്‍ സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചത്.

ബുമ്രയുടെ അഭാവത്തില്‍ പേസ് നിരയെ ഉത്തരവാദിത്തം ഏറ്റെടുത്ത മുഹമ്മദ് സിറാജിന്‍റെ ബൗളിംഗാണ് ഓവല്‍ ടെസ്റ്റില്‍ ഇന്ത്യക്ക് തിരിച്ചുവരവിനുള്ള അവസരം ഒരുക്കിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 224 കണ്‍സിന് മറുപടിയായി 12.5 ഓവറില്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ 92 റണ്‍സടിച്ചപ്പോള്‍ ഇന്ത്യ കളി കൈവിട്ടുവെന്ന് കരുതിയെങ്കിലും നാല് വിക്കറ്റ് വീതം വീഴ്ത്തിയ സിറാജും പ്രസിദ്ധും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 247 റണ്‍സിന് ഓള്‍ ഔട്ടാക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു.

രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലാണ്. അര്‍ധസെഞ്ചുറിയുമായി മുഹമ്മദ് സിറാജ് ക്രീസിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക