ബൗള്‍ ചെയ്യുമ്പോള്‍ ബാറ്റര്‍മാരുമായി സംസാരിക്കുന്നത് എന്‍റെയൊരു രീതിയാണ്. അവരെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും എന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ എന്നെ സഹായിച്ചിട്ടുമുണ്ട്.
ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ജോ റൂട്ടുമായി വാക് പോരിലേര്‍പ്പെട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ പേസര്‍ പ്രസിദ്ധ് കൃഷ്ണ. പ്രസിദ്ധ് കൃഷ്ണ സാക് ക്രോളിയെ പുറത്താക്കിയശേഷം ജോ റൂട്ട് ക്രീസിലെത്തിയപ്പോഴായിരുന്നു ഇരുവരും പിച്ചിന് നടുവില്‍ കൊമ്പു കോര്‍ത്തത്. പ്രസിദ്ധിന്‍റെ പന്തില്‍ ജോ റൂട്ട് സിംഗിളെടുക്കാനായി ഓടുന്നതിനിടെ പ്രസിദ്ധ് റൂട്ടിനെ നോക്കി എന്തോ പറയുകയും അതിന് ജോ റൂട്ട് രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. പിന്നാലെ അമ്പയര്‍ കുമാര്‍ ധര്‍മസേന ഇടപെടുകുയും ധര്‍മസനേയും കെ എല്‍ രാഹുലും തമ്മില്‍ വാക് പോരിലേര്‍പ്പെടുകയും ചെയ്തിരുന്നു. കളിക്കളത്തില്‍ പൊതുവെ മാന്യനായ കളിക്കാരനായ ജോ റൂട്ടിനെ പ്രസിദ്ധ് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതിനെതിരെ വിമര്‍ശനവും ഉയര്‍ന്നു.
എന്നാല്‍ രണ്ടാം ദിനത്തിലെ കളിക്കുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് താന്‍ എന്താണ് റൂട്ടിനോട് പറഞ്ഞതെന്ന് പ്രസിദ്ധ് വെളിപ്പെടുത്തി. ബൗള്‍ ചെയ്യുമ്പോള്‍ ബാറ്റര്‍മാരുമായി സംസാരിക്കുന്നത് എന്‍റെയൊരു രീതിയാണ്. അവരെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും എന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ എന്നെ സഹായിച്ചിട്ടുമുണ്ട്. അതുപോലെ റൂട്ടിനെയും വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിക്കുക എന്നതായിരുന്നു പ്ലാൻ.
അതുകൊണ്ടാണ് തുടക്കത്തില്‍ എന്‍റെ പന്തുകൾ കളിക്കാന്‍ ജോ റൂട്ട് ബുദ്ധിമുട്ടിയപ്പോള്‍ നന്നായി കളിക്കുന്നുണ്ടല്ലോ എന്ന് ഞാന്‍ റൂട്ടിനെ നോക്കി പറഞ്ഞത്. എന്നാല്‍ അതിനോട് റൂട്ട് പ്രതികരിച്ച രീതി എന്നെ അമ്പരപ്പിച്ചു. ജോ റൂട്ട് ടെസ്റ്റിലെ ഇതിഹാസ താരങ്ങളിലൊരാളാണ്. അദ്ദേഹത്തെ എനിക്കിഷ്ടമാണ്.ഗ്രൗണ്ടിന് പുറത്ത് ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. രണ്ട് താരങ്ങള്‍ അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമ്പോൾ സംഭവിക്കുന്ന ചെറിയൊരു കാര്യം മാത്രമാണ് അവിടെ സംഭവിച്ചതെന്നും പ്രസിദ്ധ് കൃഷ്ണ പറഞ്ഞു.
ഓവലില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 224 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് 247 റണ്‍സിന് പുറത്തായിരുന്നു. 29 റണ്‍സെടുത്ത ജോ റൂട്ട് മുഹമ്മദ് സിറാജിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പുറത്തായത്.


