ദക്ഷിണാഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസിന്‍റെ വിക്കറ്റെടുത്തശേഷം ബ്രെവിസിന് അടുത്തെത്തി ഡ്രസ്സിംഗ് റൂമിലേക്ക് വിരല്‍ ചൂണ്ടിയതിനാണ് റാണയെ ഐസിസി ചെവിക്ക് പിടിച്ചത്.

Scroll to load tweet…

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിക്കറ്റെടുത്തശേഷമുള്ള ആഘോഷ പ്രകടനത്തിന്‍റെ പേരില്‍ ഇന്ത്യൻ പേസര്‍ ഹര്‍ഷിത് റാണയെ താക്കീത് ചെയ്ത് ഐസിസി. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിക്ൾ 2.5 പ്രകാരം എതിര്‍ താരത്തോടോ സപ്പോര്‍ട്ട് സ്റ്റാഫിനോടോ പ്രകോപനപരമായി പെരുമാറുകയോ മോശം ഭാഷ ഉപയോഗിക്കുകയോ ചെയ്തുവെന്ന കുറ്റത്തിനാണ് ഹര്‍ഷിത് റാണയെ ഐസിസി താക്കീത് ചെയ്തത്. താക്കീതിന് പുറമെ മോശം പെരുമാറ്റത്തിന് ഒരു ഡീമെറിറ്റ് പോയന്‍റും ഐസിസി ഹര്‍ഷിതിന് ശിക്ഷയായി വിധിച്ചിട്ടുണ്ട്.

റാഞ്ചിയില്‍ നടന്ന ആദ്യ ഏകദിന മത്സരത്തിലെ 22-ാം ഓവറിലാണ് വിവാദ സംഭവം ഉണ്ടായത്. ദക്ഷിണാഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസിന്‍റെ വിക്കറ്റെടുത്തശേഷം ബ്രെവിസിന് അടുത്തെത്തി ഡ്രസ്സിംഗ് റൂമിലേക്ക് വിരല്‍ ചൂണ്ടിയതിനാണ് റാണയെ ഐസിസി ചെവിക്ക് പിടിച്ചത്. ഐസിസി മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സന് മുന്നില്‍ റാണ തെറ്റ് സമ്മതിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കലില്ലാതെയാണ് ശിക്ഷ വിധിച്ചത്.

ലെവല്‍ 1 കുറ്റങ്ങള്‍ക്ക് താക്കീതോ മാച്ച് ഫീയുടെ 50 ശതമാനം പിഴയോ ഒറു ഡീ മെറിറ്റ് പോയന്‍റോ ആണ് ശിക്ഷ വിധിക്കാറുള്ളത്. ഐപിഎല്‍ വിക്കറ്റെടുത്തശേഷം എതിര്‍ ടീം ബാറ്റര്‍മാര്‍ക്കുനേരെ ഫ്ലയിംഗ് കിസ് നല്‍കി യാത്രയയച്ച ഹര്‍ഷിതിന്‍റെ പെരുമാറ്റത്തിന് മുമ്പും ശിക്ഷ ലഭിച്ചിട്ടുണ്ട്.

ഇന്ത്യ 17 റണ്‍സിന് ജയിച്ച ആദ്യ കളിയില്‍ 10 ഓവറില്‍ 65 റണ്‍സ് വഴങ്ങി റാണ മൂന്ന് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങിയിരുന്നു. വിരാട് കോലിയുടെ സെഞ്ചുറി കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റൺസടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 49.2 ഓവറില്‍ 332 റണ്‍സിന് ഓള്‍ ഔട്ടായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക