ഇതിനിടെ 2027ലെ ഏകദിന ലോകകപ്പ് വരെ രോഹിത്തിനെയും വിരാട് കോലിയെയും ഇന്ത്യൻ ടീമില്‍ നിന്നൊഴിവാക്കരുതെന്ന് കോച്ച് ഗൗകം ഗംഭീറിനോട് അപേക്ഷിക്കുകയാണ് മുന്‍ ഇന്ത്യൻ താരമായ എസ് ശ്രീശാന്ത്.
കൊച്ചി: രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം നടക്കുന്ന ഏകദിന ലോകകപ്പിൽ വിരാട് കോലിക്കും രോഹിത് ശര്‍മക്കും ഇന്ത്യൻ ടീമില്‍ ഇടമുണ്ടാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ടെസ്റ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിച്ച രണ്ട് പേരും നിലവില്‍ ഏകദിനങ്ങളില്‍ മാത്രമാണ് ഇന്ത്യക്കായി കളിക്കുന്നത്. ഏകദിന ടീമിലേക്ക് പരിഗണിക്കാൻ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്നും ഇരുവരോടും ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ടതും വലിയ ചര്‍ച്ചയായിരുന്നു.
ഇതിനിടെ 2027ലെ ഏകദിന ലോകകപ്പ് വരെ രോഹിത്തിനെയും വിരാട് കോലിയെയും ഇന്ത്യൻ ടീമില്‍ നിന്നൊഴിവാക്കരുതെന്ന് കോച്ച് ഗൗകം ഗംഭീറിനോട് അപേക്ഷിക്കുകയാണ് മുന്‍ ഇന്ത്യൻ താരമായ എസ് ശ്രീശാന്ത്. ഏകദിന ക്രിക്കറ്റിലെ കോലിയുടെയും രോഹിത്തിന്‍രെയും റെക്കോര്‍ഡുകള്‍ അനുപമമാണെന്നും അവരെ ഒരു കാരണവശാലും ടീമില്‍ നിന്ന് ഒഴിവക്കരുതെന്നും ശ്രീശാന്ത് പറഞ്ഞു.
ഗൗതം ഭായ്, പരിശീലകനെന്ന നിലയില്‍ താങ്കള്‍ ആരെയും തടയരുത്. പ്രത്യേകിച്ച് രോഹിത്തിനെയും കോലിയെയും. കാരണം, ഏകദിന ക്രിക്കറ്റില്‍ അവരുടെ റെക്കോര്‍ഡ് അനുപമമാണ്. അവര്‍ കളിക്കാന്‍ ആഗ്രഹിക്കുന്നിടത്തോളം അവരെ കളിക്കാന്‍ അനുവദിക്കുക. കാരണം, ഇപ്പോഴുള്ള ഭൂരിഭാഗം കളിക്കാരെക്കാളും ആയിരം മടങ്ങ് മികച്ചവരാണ് അവര്‍. അതുകൊണ്ട് എനിക്ക് പറയാനുള്ളത് അത്രയും മഹാന്‍മാരായ താരങ്ങള്‍ ഇന്ത്യക്കായി കളിക്കുന്നതില്‍ നിന്ന് അവരെ തടയരുതെന്നാണ് ഗൗതം ഭായിയോട് എനിക്ക് പറയാനുള്ളത്-ശ്രീശാന്ത് പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളില്‍ കോലി പൂജ്യത്തിന് പുറത്തായപ്പോള്‍ കോലി വിരമിക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും മൂന്നാം മത്സരത്തില്‍ അപരാജിത അര്‍ധസെഞ്ചുറിയും ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തില്‍ സെഞ്ചുറിയും നേടി കോലി കരുത്തുകാട്ടി. ഓസ്ട്രലിയക്കെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറി നേടിയ രോഹിത് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


