ICC Womens World Cup 2022 : ജെസ് ജോനസന്‍ ഒറ്റകൈയില്‍ ഒട്ടിച്ചെടുത്ത പോലെ പന്ത് കൈക്കലാക്കി ഏവരെയും ഞെട്ടിക്കുകയായിരുന്നു
ഹാമില്‍ട്ടണ്‍: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ (ICC Womens World Cup 2022) വണ്ടര്‍ റിട്ടേണ്‍ ക്യാച്ചുമായി ഓസീസ് ഇടംകൈയന്‍ സ്‌പിന്നര്‍ ജെസ് ജോനസന്‍ (Jess Jonassen). ഹാമില്‍ട്ടണില്‍ ഇംഗ്ലണ്ടിനെതിരെ സൂപ്പര്‍ പോരാട്ടത്തില്‍ കാതറിന്‍ ബ്രണ്ടിനെ (Katherine Brunt) പുറത്താക്കാനായിരുന്നു ജെസിന്‍റെ വിസ്‌മയ ക്യാച്ച്.
ഹാമില്‍ട്ടണില്‍ ഓസ്‌ട്രേലിയയുടെ 310 റണ്‍സ് പിന്തുടരവെ അവസാന ഓവറില്‍ നാല് വിക്കറ്റ് കയ്യിലിരിക്കേ ഇംഗ്ലണ്ടിന് ജയിക്കാന്‍ 16 റണ്‍സാണ് വേണ്ടിയിരുന്നത്. രണ്ടാം പന്തില്‍ കാതറിന്‍ ബ്രണ്ടിനെ 25ല്‍ നില്‍ക്കേ മടക്കുകയായിരുന്നു ജെസ് ജോനസന്‍. ബൗളറുടെ തലയ്‌ക്ക് മുകളിലൂടെ ശക്തമായി പന്ത് ബൗണ്ടറിയിലേക്ക് പറത്താനായിരുന്നു കാതറീന്‍റെ ശ്രമം. എന്നാല്‍ ജെസ് ജോനസന്‍ ഒറ്റകൈയില്‍ ഒട്ടിച്ചെടുത്ത പോലെ പന്ത് കൈക്കലാക്കി ഏവരെയും ഞെട്ടിക്കുകയായിരുന്നു. ജെസിന്‍റെ വിസ്‌മയ ക്യാച്ചിന്‍റെ ദൃശ്യങ്ങള്‍ ഐസിസി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 21 പന്തില്‍ 21 റണ്‍സാണ് കാതറീന്‍റെ സമ്പാദ്യം. ഇതേ ഓവറിലെ അവസാന പന്തില്‍ സോഫീ എക്കിള്‍സ്റ്റണിനെയും ജെസ് ജോനസന്‍ മടക്കി.
അവസാന ഓവറിലേക്ക് നീണ്ട ത്രില്ലര്‍ മത്സരം ഓസീസ് വനിതകള്‍ 12 റണ്‍സിന് തോല്‍പിച്ചു. സ്‌കോര്‍: ഓസീസ്-310/3(50), ഇംഗ്ലണ്ട്-298/8(50). ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ റാച്ചേല്‍ ഹേയ്‌നസിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ 50 ഓവറില്‍ മൂന്ന് വിക്കറ്റിന് 310 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഹേയ്‌നസ് 131 പന്തില്‍ 14 ഫോറും ഒരു സിക്‌സറും സഹിതം 130 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മെഗ് ലാന്നിംഗിന്‍റെ 86 റണ്‍സും നിര്‍ണായകമായി. അലീസ ഹീലി 28 ഉം ബേത് മൂണി 27*ഉം എലീസ് പെറി 14* ഉം റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി നാടലീ സൈവര്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.
മറുപടി ബാറ്റിംഗില്‍ ആഞ്ഞ് പരിശ്രമിച്ചിട്ടും വിജയം ഇംഗ്ലണ്ടിനൊപ്പം നിന്നില്ല. ബാറ്റിംഗിലും തിളങ്ങിയ നാടലീ സൈവര്‍ 85 പന്തില്‍ 13 ബൗണ്ടറികളോടെ 109 റണ്‍സ് കണ്ടെത്തി. ടാമി ബ്യൂമോണ്ട് 74ഉം ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ് 40ഉം റണ്‍സെടുത്തെങ്കിലും ടീമിന് ഗുണം ചെയ്തില്ല. ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കായി അലാന കിംഗ് മൂന്നും തഹ്‌ലിയ മഗ്രാത്തും ജെസ് ജോനസനും രണ്ട് വീതവും മെഗന്‍ ഷൂട്ട് ഒരു വിക്കറ്റും വീഴ്‌ത്തി. റാച്ചേല്‍ ഹേയ്‌നസാണ് കളിയിലെ താരം.
IND vs SL : ലങ്കാദഹനം തുടങ്ങി, നാല് വിക്കറ്റ് നഷ്ടം; മൊഹാലിയില്‍ ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍
