അഹമ്മദാബാദിനെ ഇന്ത്യയുടെ പുതിയ ക്രിക്കറ്റ് തലസ്ഥാനമാക്കാനാണ് ശ്രമമെന്ന് ലോകകപ്പ് മത്സരക്രമം പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം എം പിയും കോണ്‍ഗ്രസ് നേതാവുമായി ശശി തരൂരും ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. കേരളത്തിന് ഒന്നോ രണ്ടോ മത്സരങ്ങളെങ്കിലും അനുവദിക്കാമായിരുന്നില്ലെ എന്നും ശശി തരൂര്‍ ചോദിച്ചിരുന്നു.

തിരുവനന്തപുരം: ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള വേദികള്‍ പ്രഖ്യാപിച്ചപ്പോള്‍ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിക്കാത്തതില്‍ നിരാശരാണ് മലയാളികള്‍. ഇന്ത്യയിലെ തന്നെ മികച്ച ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നായിട്ടും കാര്യവട്ടത്ത് സന്നാഹ മത്സരങ്ങള്‍ മാത്രമാണ് ബിസിസിഐ അനുവദിച്ചത്. ഗ്രീന്‍ഫീല്‍ഡിനെ മാത്രമല്ല മുമ്പ് ലോകകപ്പിന് വേദിയായ മൊഹാലിക്ക് പുറമെ രാജ്യത്തെ പ്രധാന സ്റ്റേഡിയങ്ങളായ ഇന്‍ഡോര്‍, റാഞ്ചി തുടങ്ങിയവയും ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

പിന്നില്‍ രാഷ്ട്രീയമോ

മൊഹാലിക്ക് ഒറ്റ മത്സരം പോലും അനുവദിക്കാതിരിക്കുകയും തൊട്ടടുത്ത ധരംശാലയില്‍ അ‍ഞ്ച് മത്സരങ്ങള്‍ അനുവദിക്കുകയും ചെയ്തതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് പഞ്ചാബ് കായിക മന്ത്രി ആരോപിച്ചിരുന്നു. അഹമ്മദാബാദിനെ ഇന്ത്യയുടെ പുതിയ ക്രിക്കറ്റ് തലസ്ഥാനമാക്കാനാണ് ശ്രമമെന്ന് ലോകകപ്പ് മത്സരക്രമം പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം എം പിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരും ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. കേരളത്തിന് ഒന്നോ രണ്ടോ മത്സരങ്ങളെങ്കിലും അനുവദിക്കാമായിരുന്നില്ലെ എന്നും ശശി തരൂര്‍ ചോദിച്ചിരുന്നു.

അഹമ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള സ്റ്റേ‍ഡിയത്തില്‍ ലോകകപ്പ് ഉദ്ഘാടന മത്സരവും ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടവും ഫൈനലും നടക്കുന്നത് കാണുമ്പോള്‍ പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് പറയുന്നവരെ കുറ്റം പറയാനാവില്ലെങ്കിലും ഇന്ത്യയിലെന്നല്ല നിലവില്‍ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്നാണ് അഹമ്മദാബാദിനെ പരിഗണിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മൊഹാലിയില്‍ ഒറ്റ മത്സരം പോലുമില്ല; ലോകകപ്പ് വേദി തെരഞ്ഞെടുത്തത് രാഷ്ട്രീയം നോക്കിയെന്ന് പഞ്ചാബ് കായിക മന്ത്രി

അസൗകര്യങ്ങള്‍ തിരിച്ചടിയായോ

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം രാജ്യത്തെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നാണെങ്കിലും ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്‍റിന് വേദിയാവാനുള്ള സൗകര്യങ്ങള്‍ പരിമിതമാണെന്ന വിലയിരുത്തലും ഗ്രീന്‍ഫീല്‍ഡിന് വേദി അനുവദിക്കാതിരിക്കാന്‍ കാരണമായി. ലോകകപ്പ് മത്സരത്തിന് വേദിയാവുമ്പോള്‍ വേണ്ടിവരുന്ന ഹോസ്പിറ്റാലിറ്റി ബോക്സുകളുടെ അപര്യാപ്തതയാന് കാര്യവട്ടത്തിന് തിരിച്ചടിയായതെന്നാണ് സൂചന. ലോകകപ്പ് മത്സരങ്ങളില്‍ ഐസിസി, ബിസിസിഐ, സ്പോണ്‍സര്‍മാര്‍ എന്നിവര്‍ക്കെല്ലാം ഹോസ്പിറ്റാലിറ്റി ബോക്സില്‍ ടിക്കറ്റ് നല്‍കേണ്ടിവരും. അതിന് ആവശ്യമായ ഹോസ്പിറ്റാലിറ്റി ബോക്സുകള്‍ ഗ്രീന്‍ഫീല്‍ഡിലില്ല എന്നതും കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ സ്വന്തം സ്റ്റേഡിയമല്ലെന്നതും കേരളത്തിന് തിരിച്ചടിയായെന്ന് വേണം കരുതാന്‍.