രാജ്യത്തെ ആഭ്യന്തര സീസണ്‍ ഇപ്പോള്‍ തുടങ്ങിയിട്ടേയുള്ളു. അതില്‍ ഷമിയുടെ ഫിറ്റ്നെസിനെക്കുറിച്ച് വിലയിരുത്തും. ഷമിയെ ഓസ്ട്രേലിയന്‍ പര്യടനത്തിലും ഉള്‍പ്പെടുത്താന്‍ അതിയായ ആഗ്രഹച്ചിരുന്നു.
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുമുള്ള ടീമിലേക്ക് പരിഗണിക്കാതിരുന്നതിനെ വിമര്‍ശിച്ച ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമിക്ക് മറുപടിയുമായി അജിത് അഗാര്‍ക്കര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെയും ഓസ്ട്രേലിയക്കെതിരെയും ടീമിലേക്ക് പരിഗണിക്കാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് സെലക്ഷന്‍ തന്‍റെ കൈയിലല്ലെന്നും തനിക്ക് ഫിറ്റ്നെസ് പ്രശ്നങ്ങളുണ്ടായിരുന്നെങ്കില്‍ ബംഗാളിന് വേണ്ടി രഞ്ജി ട്രോഫി കളിക്കാന്‍ ഇറങ്ങില്ലല്ലോ എന്നും ഷമി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു.
സെലക്ഷനെക്കുറിച്ച് പറഞ്ഞ് വിവാദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നാലു ദിവസം നീളുന്ന രഞ്ജി ട്രോഫി കളിക്കാമെങ്കില്‍ തനിക്ക് 50 ഓവര്‍ മാത്രമുള്ള ഏകദിനങ്ങളിലും കളിക്കാനാകുമെന്നും ഷമി പറഞ്ഞിരുന്നു. ഫിറ്റ്നെസിനെക്കുറിച്ച് ആരും തന്നോട് ചോദിച്ചിട്ടില്ലെന്നും അങ്ങോട്ട് പറയാനായി പോകുന്നില്ലെന്നും ഷമി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഷമി ഇക്കാര്യങ്ങളൊക്കെ തന്നോട് പറഞ്ഞിരുന്നെങ്കില്‍ അപ്പോൾ മറുപടി നല്‍കാമായിരുന്നുവെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്‍ഡിടിവി സമ്മിറ്റില്‍ പറഞ്ഞു. ഷമി പറഞ്ഞത് ഞാനും വായിച്ചിരുന്നു. അതൊക്കെ എന്നോട് പറഞ്ഞിരുന്നെങ്കില്‍ മറുപടി നല്‍കാമായിരുന്നു. ഞാനവനെ ഇനിയും വിളിക്കും, കഴിഞ്ഞ കുറച്ചുമാസത്തനിടെ ഷമിയുമായി നിരവധി തവണ ഞാന്‍ ചാറ്റ് ചെയ്തിരുന്നു. അവന്‍ ഫിറ്റായിരുന്നെങ്കില്‍ ഇംഗ്ലണ്ടിലേക്കുള്ള വിമാനത്തില്‍ അവനുണ്ടാകുമായിരുന്നു.
രാജ്യത്തെ ആഭ്യന്തര സീസണ്‍ ഇപ്പോള്‍ തുടങ്ങിയിട്ടേയുള്ളു. അതില്‍ ഷമിയുടെ ഫിറ്റ്നെസിനെക്കുറിച്ച് വിലയിരുത്തും. ഷമിയെ ഓസ്ട്രേലിയന്‍ പര്യടനത്തിലും ഉള്‍പ്പെടുത്താന്‍ അതിയായ ആഗ്രഹച്ചിരുന്നു. പക്ഷെ ഷമി ഫിറ്റായിരുന്നില്ല. അടുത്ത രണ്ട് മാസത്തിനുള്ളില്‍ അവന്‍ ഫിറ്റ്നെസ് വീണ്ടെടുത്താല്‍ ഈ കഥയൊക്കെ മാറുമെന്നും അഗാര്‍ക്കര്‍ പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ ഏകദിന, ടി20 ടീമുകളെ പ്രഖ്യാപിക്കുമ്പോള്‍ ഷമിയുടെ ഫിറ്റ്നെസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് യാതൊരു അപ്ഡേറ്റുമില്ലെന്നായിരുന്നു അഗാര്‍ക്കര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഫിറ്റ്നെസിനെക്കുറിച്ച് അപ്ഡേറ്റ് ചെയ്യുക എന്നത് തന്‍റെ ഉത്തരവാദിത്തമല്ലെന്നും ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി മത്സരങ്ങള്‍ക്കായി തയാറെടുക്കുക മാത്രമാണ് തനിക്ക് ചെയ്യാനുള്ളതെന്നുമായിരുന്നു ഇതിന് ഷമി നല്‍കിയ മറുപടി.


