വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിൽ ബിസിസിഐക്ക് വീഴ്ച പറ്റിയെന്ന് രവി ശാസ്ത്രി. കോലിയുടെ വിരമിക്കൽ കൂടുതൽ മികച്ച രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നുവെന്നും ശാസ്ത്രി.

മുംബൈ: വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിക്കാനുണ്ടായ സാഹചര്യം കൈകാര്യം ചെയ്തതില്‍ ബിസിസിഐക്ക് വീഴ്ച പറ്റിയെന്ന് തുറന്നു പറഞ്ഞ് ഇന്ത്യൻ ടീം മുന്‍ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്ത്രി. വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പൊടുന്നനെ വിരമിച്ചതിലും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ച രീതിയിലും തനിക്ക് ദു:ഖമുണ്ടെന്നും രവി ശാസ്ത്രി സോണി ലിവിനോട് പറഞ്ഞു.

വിരാട് കോലി വിരമിച്ചശേഷമാണ് അദ്ദേഹം എത്ര വലി താരമായിരുന്നു എന്ന് ആളുകള്‍ തിരിച്ചറിയുന്നത്. കോലി വിരമിച്ചതിലും അദ്ദേഹം വിരമിച്ച രീതിയിലും എനിക്ക് ദു:ഖമുണ്ട്. വിരാട് കോലിയുടെ വിരമിക്കല്‍ ഇതിനെക്കാള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു. വിരമിക്കല്‍ പ്രഖ്യാപിക്കും മുമ്പ് കോലിയുമായി ആശയവിനിമയം നടത്തേണ്ടതായിരുന്നുവെന്നും ശാസ്ത്രി പറഞ്ഞു.

വിരാട് കോലിയുടെ കാര്യത്തില്‍ എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍ കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനം പൂര്‍ത്തിയായതിന് പിന്നാലെ ഞാനവനെ വീണ്ടും ടെസ്റ്റ് ക്യാപ്റ്റനാക്കുമായിരുന്നു. കണക്കുകള്‍ മാത്രം നോക്കി ഒരു കളിക്കാരന്‍റെ മികവിനെ വിലയിരുത്താനാവില്ല. വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിന്‍റെ അംബാസഡറായിരുന്നു. പ്രത്യേകിച്ച് വിദേശ പരമ്പരകളില്‍. ലോര്‍ഡ്സില്‍ അദ്ദേഹം കളിച്ച രീതിയും അതിനുശേഷം ടീമിന്‍റെ പ്രകടനത്തിലുണ്ടാ മാറ്റവു അവിശ്വസനീയമായിരുന്നു. അതില്‍ ഞാനും പങ്കാളിയായിട്ടുണ്ട് എന്നോര്‍ക്കുമ്പോള്‍ എനിക്ക് സന്തോഷമുണ്ട്-രവി ശാസ്ത്രി പറഞ്ഞു.

Scroll to load tweet…

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പാണ് വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് പര്യടനടത്തില്‍ ടെസ്റ്റ് ക്യാപ്റ്റനായി തിരിച്ചെത്താന്‍ കോലി ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാല്‍ സെലക്ടര്‍മാര്‍ ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് കോലി വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെ പിന്തുണക്കുന്നതാണ് ശാസ്ത്രിയുടെ തുറന്നു പറച്ചില്‍. ഇന്ത്യക്കായി 123 ടെസ്റ്റില്‍ കളിച്ച കോലി 46.85 ശരാശരിയില്‍ 30 സെഞ്ചുറികളടക്കം 9230 റണ്‍സ് നേടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക