ജീവിതം സിനിമയാക്കിയാല്‍ ആര് നായകനാകും, ആരാധകരെ ഞെട്ടിച്ച മറുപടിയുമായി രാഹുല്‍ ദ്രാവിഡ്
ഇന്നലെ സിയറ്റ് പുരസ്കാരദാനച്ചടങ്ങിലെ ചോദ്യോത്തരവേളയിലായിരുന്നു അവതാരകരുടെ ചോദ്യം. ഇതിന് ദ്രാവിഡ് നല്‍കിയ മറുപടി വൈറലാവുകയും ചെയ്തു.
മുംബൈ: കായിക താരങ്ങളുടെ ജിവിതം സിനിമയാക്കുമ്പോള്‍ പറ്റിയ നടന്‍മാരെ കണ്ടെത്തുക എന്നതാണ് സംവിധായകര്‍ക്ക് എല്ലായ്പ്പോഴും വെല്ലുവിളിയാകാറുള്ളത്. എം എസ് ധോണിയെ സ്ക്രീനില്‍ എത്തിച്ച സുശാന്ത് സിംഗ് രജ്പുത്തും കപില്‍ ദേവിനെ സ്ക്രീനില്‍ അവതരിപ്പിച്ച രണ്‍വീര്‍ സിംഗുമെല്ലാം ഗ്രൗണ്ടിലെ താരങ്ങളോട് നീതിപുലര്‍ത്തിയവരാണ്. ഇപ്പോഴിതാ യുവരാജ് സിംഗിന്‍റെയും ജീവിതം സിനിമയാകുകയാണ്.
അതിനിടെ മുന്‍ ഇന്ത്യൻ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനോട് തന്‍റെ ജീവിതം സിനിമയാക്കിയാല്‍ ആര് നായകനാകണമെന്ന ചോദ്യമെത്തിയത്. ഇന്നലെ സിയറ്റ് പുരസ്കാരദാനച്ചടങ്ങിലെ ചോദ്യോത്തരവേളയിലായിരുന്നു അവതാരകരുടെ ചോദ്യം. ഇതിന് ദ്രാവിഡ് നല്‍കിയ മറുപടി വൈറലാവുകയും ചെയ്തു.
ഇംഗ്ലണ്ടിലും അഞ്ച് ടെസ്റ്റുകളുടെ പരമ്പര കളിക്കാന്‍ ഇന്ത്യ, മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ
താങ്കളുടെ ജീവിതം സിനിമയാക്കിയാല്‍ ആരാകണം നായകനെന്നായിരുന്നു ദ്രാവിഡിനോടുള്ള ചോദ്യം. നല്ല പൈസ കിട്ടുമെങ്കില്‍ താന്‍ തന്നെ നായകനാവാം എന്നായിരുന്നു ഇതിന് ദ്രാവിഡ് നല്‍കിയ മറുപടി. ഇന്ത്യൻ ക്രിക്കറ്റിലെ വന്‍മതിലെന്ന് അറിയപ്പെടുന്ന രാഹുല്‍ ദ്രാവിഡ് പരിശീലകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊരാളാണ്. ഇന്ത്യക്കായി 164 ടെസ്റ്റുകളില്‍ 13288 റണ്‍സടിച്ച ദ്രാവിഡ് 344 ഏകദിനങ്ങളില്‍ നിന്ന് 10889 രണ്‍സും നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 298 മത്സരങ്ങളില്‍ 23,794 റണ്‍സും ദ്രാവിഡ് നേടിയിട്ടുണ്ട്. 2007ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിച്ച ദ്രാവിഡിന് കീഴില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്തായത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.
കളിക്കാരനെന്ന നിലയില്‍ ലോകകപ്പ് നേടാന്‍ കഴിയാതിരുന്ന ദ്രാവിഡ് പരിശീലകനെന്ന നിലയില്‍ ഇന്ത്യയെ ഏകദിന ലോകകപ്പ് ഫൈനലിലേക്കും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കും നയിച്ചു. ജൂണില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം സമ്മാനിച്ചാണ് ദ്രാവിഡ് ഇന്ത്യയുടെ പരിശീലക കുപ്പായം അഴിച്ചത്. ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിഞ്ഞ ദ്രാവിഡ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലകനാകുമെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക