ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഒന്നാം ദിനത്തിലെ രണ്ടാം സെഷന് ശേഷം തുടയിലെ മസിലിന് പരിക്കേറ്റെന്ന് കാട്ടി ഇമാമുൽ ഹഖ് ഗ്രൗണ്ടിൽ നിന്ന് മടങ്ങിയിരുന്നു.

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കിടെ ഉയർന്ന വ്യാജ പരിക്ക് വിവാദത്തിൽ പാകിസ്ഥാൻ ഓപ്പണിങ് ബാറ്റർ ഇമാമുൽ ഹഖിന് രണ്ട് വർഷം വരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിലക്ക് ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. അതോടൊപ്പം, അച്ചടക്കലംഘനവും മോശം ഫോമും മുൻനിർത്തി മുൻ വൈറ്റ് ബോൾ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്‌വാനെ ഇനി ദേശീയ ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയില്ലെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്നാം ടെസ്റ്റിന് മുന്നോടിയായി ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ഇരുവരും സൽമാൻ അലി ആഘ, അലി ഉസ്മാൻ എന്നിവർക്കൊപ്പം കഴിഞ്ഞ ദിവസം പാകിസ്ഥാനിലേക്ക് മടങ്ങിയിരുന്നു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഒന്നാം ദിനത്തിലെ രണ്ടാം സെഷന് ശേഷം തുടയിലെ മസിലിന് പരിക്കേറ്റെന്ന് കാട്ടി ഇമാമുൽ ഹഖ് ഗ്രൗണ്ടിൽ നിന്ന് മടങ്ങിയിരുന്നു. തുടർന്ന് നടന്ന രണ്ട് ഇന്നിങ്സുകളിലും താരം ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. എന്നാൽ ഇമാമിന്‍റെ പരിക്ക് വ്യാജമാണെന്ന സംശയം ഉയർന്നതോടെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അന്വേഷണത്തിന് ഉന്നതതല സമിതിയെ നിയോഗിക്കുകയായിരുന്നു. പരിശോധനയിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ഇമാമിന് രണ്ട് വർഷം വരെ വിലക്ക് ലഭിച്ചേക്കാം.2025 മാർച്ചിൽ നടന്ന ന്യൂസിലൻഡ് പര്യടനത്തിനിടെയും പരിശീലനത്തിനിടെ പരിക്കേറ്റെന്ന് കാട്ടി മെഡിക്കൽ സംഘത്തെ തെറ്റിദ്ധരിപ്പിച്ച ചരിത്രം ഇമാമിനുണ്ടെന്ന് പിസിബി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

അതേസമയം, മുഹമ്മദ് റിസ്‌വാന്‍റെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തിലും സമീപകാലത്തെ മോശം ഷോട്ട് സെലക്ഷനിലും പിസിബി മാനേജ്‌മെന്റിന് കടുത്ത അതൃപ്തിയുണ്ട്. നിലവിലെ സാഹചര്യത്തിൽ റിസ്‌വാന്ന്‍റെ അന്താരാഷ്ട്ര കരിയർ ഏതാണ്ട് അവസാനിച്ച മട്ടാണെന്നും സമീപഭാവിയിലൊന്നും താരത്തെ സീനിയർ ടീമിലേക്ക് തിരികെ വിളിക്കാൻ സാധ്യതയില്ലെന്നും അറിയുന്നു. തുടർച്ചയായ വിവാദങ്ങളും പ്രധാന താരങ്ങളുടെ പുറത്താകലുകളും മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന പാകിസ്താൻ ടീമിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക