Asianet News MalayalamAsianet News Malayalam

ഡെത്ത് ഓവര്‍ ബൗളിംഗ് പ്രശ്‌നം തന്നെ; ഒടുവില്‍ തുറന്നുസമ്മതിച്ച് രോഹിത് ശര്‍മ്മ

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ ടീമിന് പുറത്തേക്ക് വഴിയൊരുക്കിയത് ഡെത്ത് ഓവറിലെ മോശം ബൗളിംഗായിരുന്നു

IND vs AUS 3rd T20I Death overs bowling an area of concern says Team India captain Rohit Sharma
Author
First Published Sep 26, 2022, 10:31 AM IST

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഡെത്ത് ഓവര്‍ ബൗളിംഗ് ആശങ്കയാണെന്ന് തുറന്നുസമ്മതിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഡെത്ത് ഓവറുകളില്‍ ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും ഭുവനേശ്വര്‍ കുമാറും തല്ലുവാങ്ങി വലഞ്ഞതിന് പിന്നാലെയാണ് രോഹിത്തിന്‍റെ കുറ്റസമ്മതം. അടുത്ത മാസം ടി20 ലോകകപ്പ് വരാനിരിക്കേ ഈ പ്രശ്‌നം ടീമിന് പരിഹരിക്കേണ്ടതുണ്ട് എന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി. 

'ഏറെ കാര്യങ്ങളില്‍ മെച്ചപ്പെടാനുണ്ട്. പ്രത്യേകിച്ച് നമ്മുടെ ഡെത്ത് ഓവര്‍ ബൗളിംഗില്‍. പരിക്കിന്‍റെ വലിയ ഇടവേളയ്‌ക്ക് ശേഷമാണ് ഹര്‍ഷല്‍ പട്ടേലും ജസ്പ്രീത് ബുമ്രയും ടീമിലെത്തിയത്. ഓസീസിന്‍റെ മധ്യ-വാലറ്റത്തിനെതിരെ പന്തെറിയുക എളുപ്പമല്ല. ഇടവേള കഴിഞ്ഞ് വരുന്നതിനാല്‍ ഇരുവര്‍ക്കും ഫോമിലെത്താന്‍ സമയം വേണം. ബുമ്രയും ഹര്‍ഷലും ശക്തമായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ടീമൊന്നാകെ മികച്ച പ്രകടനം പുറത്തെടുത്തു. ബാറ്റും ബോളും കൊണ്ട് വ്യത്യസ്ത താരങ്ങള്‍ മികവ് കാട്ടിയതാണ് പരമ്പരയിലെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഈ പ്രകടനങ്ങള്‍ കണ്ടിരിക്കാന്‍ സന്തോഷമാണ്. ചെറിയ വീഴ്‌ചകളില്‍ നിന്ന് പാഠം പഠിക്കുമെന്നും' രോഹിത് ശര്‍മ്മ മത്സരശേഷം വ്യക്തമാക്കി. 

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ ടീമിന് പുറത്തേക്ക് വഴിയൊരുക്കിയത് ഡെത്ത് ഓവറിലെ മോശം ബൗളിംഗായിരുന്നു. ഇതിന് ശേഷം ഓസീസിനെതിരെയും ഡെത്ത് ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെല്ലാം ഉന്നം പിഴച്ചു. മൊഹാലിയിലെ ആദ്യ ടി20യില്‍ അവസാന മൂന്ന് ഓവറില്‍ 53 റണ്‍സ് ഓസീസ് ബാറ്റര്‍മാര്‍ അടിച്ചുകൂട്ടി. മഴമൂലം 8 ഓവര്‍ വീതമായി ചുരുക്കിയ രണ്ടാം ടി20യില്‍ അവസാന രണ്ട് ഓവറില്‍ 31 റണ്‍സ് ഓസീസ് നേടി. മൂന്നാം ടി20യില്‍ അവസാന മൂന്ന് ഓവറില്‍ 46 റണ്‍സും ഓസീസ് സ്വന്തമാക്കി. ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നീ മൂന്ന് മുന്‍നിര പേസര്‍മാരും വിവിധ മത്സരങ്ങളിലായി ഡെത്ത് ഓവറില്‍ കൈവിട്ട കളി കളിച്ചു. 

മൊഹാലിയില്‍ നടന്ന ആദ്യ ടി20യില്‍ ഓസീസ് നാല് വിക്കറ്റിന് വിജയിച്ചപ്പോള്‍ ഡെത്ത് ഓവര്‍ ബൗളിംഗ് ആശങ്കയായി തുടരുമ്പോഴും നാഗ്‌പൂരിലും ഹൈദരാബാദിലും ആറ് വിക്കറ്റ് ജയവുമായി ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയത് ലോകകപ്പിന് മുമ്പ് ടീമിന് പ്രതീക്ഷയാണ്. മൂന്നാം ടി20യില്‍ 187 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടുകയായിരുന്നു. സൂര്യകുമാര്‍ യാദവ്(36 പന്തില്‍ 69), വിരാട് കോലി(48 പന്തില്‍ 63), അക്‌സര്‍ പട്ടേല്‍(33ന് മൂന്ന് വിക്കറ്റ്) എന്നിവരാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. സ്‌കൈ മത്സരത്തിലെയും അക്‌സര്‍ പരമ്പരയുടേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

ഹൈദരാബാദിലെ ത്രില്ലര്‍ ജയം; പാകിസ്ഥാന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യ

Follow Us:
Download App:
  • android
  • ios