ഓസ്ട്രേലിയക്കെതിരെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില് ഒന്നില്‍ വിജയിച്ചാല്‍ ഇന്ത്യ ഫൈനലിന് യോഗ്യത നേടും

അഹമ്മദാബാദ്: ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ നാലാം ടെസ്റ്റിനായി അഹമ്മദാബാദില്‍ പേസിനെ പിന്തുണയ്ക്കുന്ന പുല്ലുള്ള പിച്ച് ഒരുക്കിയേക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുന്നില്‍ കണ്ട് ഓവലിന് സമാനമായ പിച്ചില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കളിച്ച് പരിചയിക്കാന്‍ വേണ്ടിയാണ് ഈ നീക്കം. നായകന്‍ രോഹിത് ശർമ്മ തന്നെയാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത് എന്നാണ് റിപ്പോർട്ടുകള്‍.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ടീം ഇന്ത്യ ഇതുവരെ ടിക്കറ്റ് ഉറപ്പാക്കിയിട്ടില്ല. ഓസ്ട്രേലിയക്കെതിരെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില് ഒന്നില്‍ വിജയിച്ചാല്‍ ഇന്ത്യ ഫൈനലിന് യോഗ്യത നേടും. ഇന്‍ഡോറില്‍ നാളെ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് ഇതിനാല്‍ തന്നെ ഏറെ നിർണായകമാണ്. ഓസ്ട്രേലിയയും ശ്രീലങ്കയുമാണ് ഫൈനല്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റ് രണ്ട് ടീമുകള്‍. ഇന്‍ഡോറില്‍ ജയിച്ചാല്‍ ഓസീസിനെതിരായ പരമ്പരയും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബർത്തും ഉറപ്പാകും എന്നതിനാല്‍ അഹമ്മദാബാദിലെ നാലാം ടെസ്റ്റ് പരിശീലന മത്സരമാക്കാനാണ് രോഹിത് ശർമ്മയുടെ പദ്ധതി. ഐപിഎല്‍ 2023 സീസണ്‍ നടക്കുന്നതിനാല്‍ ഓവലിലെ ഫൈനലിന് മുമ്പ് ഇന്ത്യക്ക് റെഡ് ബോളില്‍ മത്സരങ്ങളൊന്നുമില്ല. അതിനാല്‍ ഇന്‍ഡോർ ടെസ്റ്റ് ജയിച്ചാല്‍ ഓവലിന് സമാനമായി പുല്ലുള്ള പിച്ച് അഹമ്മദാബാദില്‍ ഒരുക്കിയേക്കും. 

'അഹമ്മബാദില്‍ വ്യത്യസ്തമായ എന്തെങ്കിലും ഉറപ്പായും ചെയ്യും, പേസർ ഷർദ്ദുല്‍ ഠാക്കൂർ ടീമിന്‍റെ വലിയ പദ്ധതികളിലുണ്ട്'- ഇന്‍ഡോർ ടെസ്റ്റിന് മുമ്പ് രോഹിത് ശർമ്മ വ്യക്തമാക്കി. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മനസിലില്ലെന്നും ഇന്‍ഡോറില്‍ ജയിക്കുകയാണ് ഇപ്പോള്‍ മുന്നിലുള്ള ശ്രദ്ധയെന്നും ഹിറ്റ്മാന്‍ പറയുന്നുണ്ട്. 'ആതിഥേയരായ ഇംഗ്ലണ്ട് ഫൈനലിന് യോഗ്യത നേടില്ല എന്ന് ഉറപ്പുള്ളതിനാല്‍ രണ്ട് ന്യൂട്രല്‍ ടീമുകളാവും ഫൈനലിലെത്തുക. ഇത് വലിയ ആകാംക്ഷ സൃഷ്ടിക്കുന്നു. ഹോം മുന്‍തൂക്കം ഇരു ടീമിനും കിട്ടില്ല. കഴിഞ്ഞ കുറച്ച് വർഷക്കാലം ഇംഗ്ലണ്ടില്‍ ഏറെ മത്സരങ്ങള്‍ ഇന്ത്യ കളിച്ചിട്ടുണ്ട്. ഓസീസും അവിടെ ധാരാളം മത്സരം കളിച്ചിട്ടുണ്ട്' എന്നും രോഹിത് കൂട്ടിച്ചേർത്തു. 

മെയ് 28ന് മാത്രമാണ് ഐപിഎല്‍ സീസണ്‍ അവസാനിക്കുക. ജൂണ്‍ 7നാണ് ഓവലില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുക. ഇതാദ്യമായല്ല ഗ്രീന്‍ ടോപ്പുള്ള പിച്ച് ഇന്ത്യയില്‍ ഒരുക്കുന്നത്. 2017ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഒരുക്കമായി ഈഡന്‍ ഗാർഡന്‍സില്‍ ലങ്കയ്ക്കെതിരെ പുല്ലുള്ള പിച്ച് ഒരുക്കിയിരുന്നു. 

പരിക്ക് മാറുന്നേയില്ല; ശസ്‍ത്രക്രിയ നിർദേശിച്ച് ബിസിസിഐ, ബുമ്രയുടെ തിരിച്ചുവരവ് ഏറെ വൈകും