കെ എല്‍ രാഹുലിന് പകരം ടീമിലെത്താനാണ് അരങ്ങേറ്റക്കാരായ സർഫറാസ് ഖാനും രജത് പാടിദാറും തമ്മിലുള്ള മത്സരം 

വിശാഖപട്ടണം: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാവും. ഹൈദരാബാദില്‍ നടന്ന ഒന്നാം ടെസ്റ്റിലെ 28 റണ്‍സ് തോൽവിയിൽ നിന്ന് കരകയറുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. വിരാട് കോലി, മുഹമ്മദ് ഷമി എന്നിവർക്കൊപ്പം പരിക്കേറ്റ കെ എൽ രാഹുലിന്‍റെയും രവീന്ദ്ര ജഡേജയുടേയും അഭാവം ഇന്ത്യക്ക് തിരിച്ചടിയാണ്. 

രവീന്ദ്ര ജഡേജയ്ക്ക് പകരം സ്പിന്നറായി കുൽദീപ് യാദവ് ടീമിലെത്തും. കെ എല്‍ രാഹുലിന് പകരം ടീമിലെത്താൻ അരങ്ങേറ്റക്കാരായ സർഫറാസ് ഖാനും രജത് പാടിദാറും തമ്മിലാണ് മത്സരം. മൂന്നാം ടെസ്റ്റിൽ വിരാട് കോലി തിരിച്ചെത്തുന്നതിനാൽ ടീമിൽ സ്ഥാനം നിലനിർത്താൻ ശുഭ്മാൻ ഗില്ലിനും ശ്രേയസ് അയ്യർക്കും മികച്ച പ്രകടനം അനിവാര്യമാണ്. ഇംഗ്ലണ്ട് രണ്ട് മാറ്റങ്ങളുമായി പ്ലേയിംഗ് ഇലവൻ പ്രഖ്യാപിച്ച് കഴിഞ്ഞു. മാർക്ക് വുഡിന് പകരം വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സണും സ്പിന്നര്‍ ജാക് ലീച്ചിന് പകരം പുതുമുഖ താരം ഷുഐബ് ബഷീറും ടീമിലെത്തി. സ്പോര്‍ട്സ് 18നും ജിയോ സിനിമയും വഴി മത്സരം തല്‍സമയം കാണാം. 

സര്‍ഫറാസ് ഖാന്‍, രജത് പാടിദാര്‍ എന്നിവരില്‍ ആര് ഇന്ന് ടെസ്റ്റ് അരങ്ങേറ്റം കുറിക്കും എന്നതാണ് ആകാംക്ഷ നിറഞ്ഞ ചോദ്യം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 55 മത്സരങ്ങളില്‍ 45.97 ശരാശരിയില്‍ 12 സെഞ്ചുറികളും 22 ഫിഫ്റ്റികളും സഹിതം 4000 റണ്‍സ് പാടിദാറിനുണ്ട്. അതേസമയം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 66 ഇന്നിംഗ്സുകളില്‍ 69.85 ശരാശരിയില്‍ 14 സെഞ്ചുറികളും 11 അര്‍ധസെഞ്ചുറികളും സഹിതം 3912 റണ്‍സ് സര്‍ഫറാസിനുണ്ട്. 2019-20 സീസണില്‍ മുംബൈക്കായി 154.66 ശരാശരിയില്‍ 301, 226, 177 റണ്‍സ് ഇന്നിംഗ്സുകളോടെ ആകെ 928 റണ്‍സ് നേടിയപ്പോള്‍ മുതല്‍ സര്‍ഫറാസ് ഖാനെ ടെസ്റ്റ് ടീമിലെടുക്കണം എന്ന ആവശ്യം ശക്തമാണ്.

അടുത്തിടെ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എക്കായി രജത് പാടിദാറും സര്‍ഫറാസ് ഖാനും സെഞ്ചുറികള്‍ നേടിയിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് സര്‍ഫറാസിന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ക്ഷണം കിട്ടിയത്. 

Read more: അവന്‍ സാധാരണ താരമല്ല, അസാധാരണ റെക്കോര്‍ഡ്, കളിപ്പിക്കൂ; സര്‍ഫറാസ് ഖാനായി വാദിച്ച് സാക്ഷാല്‍ എബിഡി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം