ഓസ്ട്രേലിയക്ക് ഏക പ്രതീക്ഷയായി മാറിയ മാര്‍നസ് ലബുഷെയ്‌നാണ് ഗ്ലെന്‍ ഫിലിപ്സിന്‍റെ വണ്ടര്‍ ക്യാച്ചില്‍ മടങ്ങിയത്

ക്രൈസ്റ്റ്‌ചര്‍ച്ച്: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാള്‍ എന്ന് നിസംശയം പറയാന്‍ കഴിയുന്ന താരമാണ് ന്യൂസിലന്‍ഡിന്‍റെ ഗ്ലെന്‍ ഫിലിപ്‌സ്. പറക്കും ക്യാച്ചുകളാണ് ഗ്ലെന്‍ ഫിലിപ്‌സിന്‍റെ പ്രത്യേകത. ക്രൈസ്റ്റ് ചര്‍ച്ചില്‍ ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ടെസ്റ്റിലും ഫിലിപ്‌സിന്‍റെ ഒരു ക്യാച്ച് കണ്ട് ക്രിക്കറ്റ് ലോകം തലയില്‍ കൈവെച്ചു. 

മത്സരത്തിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡിനെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് ഏക പ്രതീക്ഷയായി മാറിയ മാര്‍നസ് ലബുഷെയ്‌നാണ് ഗ്ലെന്‍ ഫിലിപ്സിന്‍റെ വണ്ടര്‍ ക്യാച്ചില്‍ മടങ്ങിയത്. ഓസ്ട്രേലിയന്‍ ഇന്നിംഗ്‌സിലെ 61-ാം ഓവറിലെ രണ്ടാം പന്തില്‍ ബാക്‌വേഡ് പോയിന്‍റിലൂടെ കട്ട് ഷോട്ട് കളിക്കാനായിരുന്നു ലബുഷെയ്‌ന്‍റെ ശ്രമം. എന്നാല്‍ സാക്ഷാല്‍ ജോണ്ടി റോഡ്‌സിനെ ഓര്‍മിപ്പിച്ച ഒറ്റകൈയന്‍ പറക്കും ക്യാച്ചുമായി ഗ്ലെന്‍ ഫിലിപ്‌സ് ഞെട്ടിച്ചു. 147 പന്തില്‍ പൊരുതി 90 റണ്‍സ് നേടിയ മാര്‍നസ് ലബുഷെയ്‌ന്‍ അവിശ്വസനീയതോടെയാണ് ഈ ക്യാച്ച് കണ്ടത്. സെഞ്ചുറിക്കരികെ അപ്രതീക്ഷിതമായി പുറത്തായതിന്‍റെ എല്ലാ നിരാശയും അദേഹത്തിന്‍റെ മുഖത്തുണ്ടായിരുന്നു.

കാണാം ക്യാച്ച് 

Scroll to load tweet…

ക്രൈസ്റ്റ്ചര്‍ച്ചിലെ മത്സരത്തില്‍ ഓസ്ട്രേലിയ 94 റൺസ് ലീഡ് സ്വന്തമാക്കി. ന്യൂസിലന്‍ഡിന്‍റെ 162 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് ഒന്നാം ഇന്നിംഗ്സിൽ 256 റൺസ് എടുത്തു. 90 റൺസെടുത്ത മാര്‍നസ് ലബുഷെയ്ന്‍റെ ബാറ്റിംഗാണ് ഓസ്ട്രേലിയക്ക് കരുത്തായത്. ന്യൂസിലൻഡിനായി പേസര്‍ മാറ്റ് ഹെൻറി 23 ഓവറില്‍ 67 റണ്‍സിന് 7 വിക്കറ്റ് നേടി. മറ്റൊരു ബാറ്ററും മുപ്പതിനപ്പുറം കടന്നില്ല. നേരത്തെ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡ്, മൂന്ന് പേരെ മടക്കിയ മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ മുന്നില്‍ 45.2 ഓവറില്‍ 162 റണ്‍സില്‍ പുറത്തായിരുന്നു. 38 റണ്‍സെടുത്ത ഓപ്പണര്‍ ടോം ലാഥമാണ് കിവികളുടെ ഉയര്‍ന്ന സ്കോറുകാരന്‍. 

Read more: ട്വന്‍റി 20 ലോകകപ്പ്: സഞ്ജു സാംസണിന് നിരാശ; ഇടിത്തീ പോലെ സീനിയര്‍ താരത്തിന്‍റെ പേര്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം