ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും നേടിയ ഏക ഇന്ത്യന്‍ താരമാണ് ശ്രേയസ് അയ്യര്‍ 

കാണ്‍പൂര്‍: അരങ്ങേറ്റ ടെസ്റ്റിലെ(India vs New Zealand 1st Test) തകര്‍പ്പന്‍ പ്രകടനത്തോടെ ശ്രേയസ് അയ്യര്‍(Shreyas Iyer) ഇന്ത്യന്‍ ടീമില്‍(Team India) സ്ഥാനമുറപ്പിച്ചെന്ന് മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര( Aakash Chopra). ന്യൂസിലന്‍ഡിനെതിരെ മുംബൈയില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ ആര് ഇന്ത്യന്‍ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചുവന്നാലും ശ്രേയസ് ടീമില്‍ കാണുമെന്നും മറ്റാരെങ്കിലും പുറത്തുപോയേ മതിയാകൂ എന്നും മുന്‍ ഓപ്പണര്‍ കൂട്ടിച്ചേര്‍ത്തു. കിവീസിനെതിരെ കാണ്‍പൂര്‍ ടെസ്റ്റില്‍(Kanpur Test) രണ്ട് ഇന്നിംഗ്‌സിലുമായി ശ്രേയസ് 170 റണ്‍സ് നേടിയിരുന്നു. 

'ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും നേടിയ ഏക ഇന്ത്യന്‍ താരം. ശ്രേയസിന്‍റെ ആദ്യ ഇന്നിംഗ്‌സ് ഗംഭീരമായിരുന്നു. രണ്ടാം ഇന്നിംഗ്‌സാണ് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതും കൂടുതല്‍ സംതൃപ്തി നല്‍കുന്നതും. കനത്ത സമ്മര്‍ദത്തിലാണ് 65 റണ്‍സ് നേടിയത്. ശ്രേയസിനെ ടീമില്‍ നിന്ന് ഒഴിവാക്കാനാകാത്ത സ്ഥിതി വന്നിരിക്കുന്നു. അടുത്ത ടെസ്റ്റില്‍ ശ്രേയസിനെ ഒഴിവാക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. ആരാണ് പ്ലേയിംഗ് ഇലവനിലേക്ക് വരുന്നത് എന്നത് ഘടകമല്ല. ആരെങ്കിലും പുറത്തുപോകണം, എന്നാലത് ശ്രേയസ് അയ്യരാകില്ല' എന്നും ചോപ്ര സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു. മുംബൈ ടെസ്റ്റില്‍ വിരാട് കോലി ടീമിലേക്ക് മടങ്ങിയെത്താനിരിക്കേയാണ് ചോപ്രയുടെ പ്രതികരണം. 

അരങ്ങേറ്റ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ശതകവും രണ്ടാം ഇന്നിംഗ്‌സില്‍ 50+ സ്‌കോറും നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തില്‍ കാണ്‍പൂരില്‍ ശ്രേയസ് അയ്യര്‍ ഇടംപിടിച്ചിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 171 പന്തില്‍ 105 റണ്‍സ് നേടിയ ശ്രേയസ് രണ്ടാം ഇന്നിംഗ്‌സില്‍ 125 പന്തില്‍ 65 റണ്‍സെടുത്തു. ടെസ്റ്റ് ചരിത്രത്തില്‍ അരങ്ങേറ്റ ഇന്നിംഗ്‌സില്‍ സെഞ്ചുറിയും പിന്നാലെ 50+ സ്‌കോറും നേടുന്ന പത്താം താരം കൂടിയായി ശ്രേയസ് അയ്യര്‍. രണ്ട് തവണയും പേസര്‍ ടിം സൗത്തിയാണ് അയ്യരെ പുറത്താക്കിയത്. 

ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറ്റ ടെസ്റ്റിലെ രണ്ടിന്നിംഗ്‌സിലും 50+ സ്‌കോര്‍ നേടുന്ന മൂന്നാമത്തെ താരം എന്ന നേട്ടവും ശ്രേയസ് സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരെ കൊല്‍ക്കത്തയില്‍ 1933/34 സീസണില്‍ ദില്‍വാര്‍ ഹുസൈന്‍(59, 57), വിന്‍ഡീസിനെതിരെ പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ 1970/71 സീസണില്‍ സുനില്‍ ഗാവസ്‌കര്‍(65, 67) എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. അരങ്ങേറ്റ ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനമാണ് ശ്രേയസിനുള്ളത്. ശിഖര്‍ ധവാന്‍(187), രോഹിത് ശര്‍മ്മ(177), ശ്രേയസ് അയ്യര്‍(170) എന്നിങ്ങനെയാണ് റെക്കോര്‍ഡ് ബുക്കിലെ സ്ഥാനക്രമം. 

IND vs NZ : അരങ്ങുതകര്‍ത്ത അരങ്ങേറ്റം; റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ശ്രേയസ് അയ്യര്‍