വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായ താരങ്ങളിലൊരാള്‍ പേസര്‍ മുഹമ്മദ് ഷമിയാണ്

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായ താരങ്ങളിലൊരാള്‍ പേസര്‍ മുഹമ്മദ് ഷമിയാണ്. രണ്ടാം ഇന്നിംഗ്‌സില്‍ 35 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ഷമിയാണ് ഇന്ത്യക്ക് 203 റണ്‍സിന്‍റെ ജയം സമ്മാനിച്ചത്. ഷമിയുടെ വമ്പന്‍ പ്രകടനത്തിന് പിന്നിലെ രഹസ്യം മത്സരശേഷം സഹതാരം രോഹിത് ശര്‍മ്മ വെളിപ്പെടുത്തി. 

'ഉന്‍മേഷവാനായിരിക്കുമ്പോഴും അല്‍പം ബിരിയാണി കഴിച്ചാലും ഷമി എന്താണ് ചെയ്യുകയെന്ന് നമുക്കറിയാം' എന്നായിരുന്നു സരസമായി രോഹത്തിന്‍റെ മറുപടി. രോഹിത് ശര്‍മ്മയുടെ കമന്‍റ് ഏവരെയും അത്ഭുതപ്പെടുത്തുന്നതായി. 

ആദ്യ ഇന്നിംഗ്‌സില്‍ വിക്കറ്റ് നേടാന്‍ കഴിയാതെയിരുന്ന ഷമി രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനവുമായി ശക്തമായി തിരിച്ചെത്തുകയായിരുന്നു. അഞ്ച് വിക്കറ്റില്‍ നാലെണ്ണവും സ്റ്റംപുകള്‍ പിഴുതായിരുന്നു എന്നത് ശ്രദ്ധേയമായി. തെംബാ ബാവുമ, ഫാഫ് ഡുപ്ലസിസ്, ക്വിന്‍റണ്‍ ഡികോക്ക്, ഡെയ്‌ന്‍ പീറ്റ് എന്നിവരെ ബൗള്‍ഡാക്കിയപ്പോള്‍ അവസാനക്കാരന്‍ കാഗിസോ റബാഡയെ വിക്കറ്റ് കീപ്പര്‍ സാഹയുടെ കൈകളിലെത്തിച്ചു. 

വിശാഖപട്ടണത്ത് രോഹിത് ശര്‍മ്മയും മിന്നിത്തിളങ്ങിയിരുന്നു. ടെസ്റ്റ് ഓപ്പണറായി ആദ്യമായി ഇറങ്ങിയ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ 176 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 127 റണ്‍സുമാണ് ഹിറ്റ്‌മാന്‍ അടിച്ചുകൂട്ടിയത്. രോഹിത് ശര്‍മ്മയാണ് വിശാഖപട്ടണം ടെസ്റ്റിലെ മാന്‍ ഓഫ് ദ് മാച്ച്. ആദ്യ ഇന്നിംഗ്‌സിലെ ആര്‍ അശ്വിന്‍റെ ഏഴ് വിക്കറ്റും മായങ്ക് അഗര്‍വാളിന്‍റെ ഇരട്ട സെഞ്ചുറിയും(215) രണ്ടാം ഇന്നിംഗ്‌സിലെ ഷമിയുടെ അഞ്ച് വിക്കറ്റും രവീന്ദ്ര ജഡേജയുടെ നാല് വിക്കറ്റും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി.

View post on Instagram