വരും വര്‍ഷങ്ങളിലും കോലിയുടെ സംഭാവനകള്‍ തുടരും എന്നും രോഹിത് ശര്‍മ്മ

മൊഹാലി: ടെസ്റ്റ് കരിയറിലെ നൂറാം മത്സരം (Virat Kohli’s 100th Test) കളിക്കുന്ന ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിക്ക് (Virat Kohli) അഭിനന്ദനവുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (Rohit Sharma). വിരാട് കോലിയെ സംബന്ധിച്ച് ദീര്‍ഘവും അവിസ്‌മരണീയവുമായ യാത്രയാണിത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഗംഭീര റെക്കോര്‍ഡാണ് കോലിക്കുള്ളത്. ടീമിനെ മുന്നോട്ടുനയിച്ച് ഒട്ടേറെ മാറ്റങ്ങള്‍ കോലി വരുത്തി. വരും വര്‍ഷങ്ങളിലും കോലിയുടെ സംഭാവനകള്‍ തുടരും എന്നും രോഹിത് ശര്‍മ്മ പറഞ്ഞു. 

ക്രഡിറ്റ് കോലിക്ക്

'ശരിയായ താരങ്ങളെ തെരഞ്ഞെടുത്ത്, ശരിയായ തീരുമാനങ്ങളെടുത്ത് മത്സരം ജയിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധ. ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച നിലയിലാണ് ഇന്ത്യയിപ്പോള്‍. അതിനുള്ള ക്രഡിറ്റ് വിരാട് കോലിക്കാണ്. ടെസ്റ്റ് ടീമിനായി അദേഹം ചെയ്ത സംഭാവനകള്‍ മഹത്തരമാണ്. കോലി അവസാനിപ്പിച്ചിടത്ത് നിന്ന് തുടങ്ങുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്'- രോഹിത് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. 

മൊഹാലിയില്‍ നാളെയാരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റാണ് വിരാട് കോലിയുടെ നൂറാം ടെസ്റ്റ് മത്സരം. 100 ടെസ്റ്റുകള്‍ കളിക്കുന്ന 12-ാമത്തെ ഇന്ത്യന്‍താരവും രാജ്യാന്തര ക്രിക്കറ്റിലെ 71-ാം താരവുമാകും ഇതോടെ കോലി. മറ്റ് ചില നാഴികക്കല്ലുകള്‍ കൂടി ചരിത്ര ടെസ്റ്റില്‍ കോലി ഉന്നമിടുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് ക്ലബിലെത്താന്‍ 38 റണ്‍സ് കൂടി മതി കോലിക്ക്. മൊഹാലിയിലെ ആദ്യ ഇന്നിംഗ്‌സില്‍ 38 റണ്‍സ് കണ്ടെത്തിയാല്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ വേഗമേറിയ ഇന്ത്യന്‍ ബാറ്റര്‍ എന്ന നേട്ടവും കോലിക്ക് സ്വന്തമാകും.

2011ൽ വെസ്റ്റ് ഇൻഡീസിനെതിരെ ആയിരുന്നു കോലിയുടെ ടെസ്റ്റ് അരങ്ങേറ്റം. കരിയറിലെ 99 ടെസ്റ്റില്‍ 27 സെഞ്ചുറിയും ഏഴ് ഇരട്ട സെഞ്ചുറിയും 28 അര്‍ധ സെഞ്ചുറിയും സഹിതം 50.39 ശരാശരിയില്‍ 7962 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ ഹോം വേദികളില്‍ കഴിഞ്ഞ വര്‍ഷത്തെ കോലിയുടെ മോശം പ്രകടനം ആശങ്ക ജനിപ്പിക്കുന്നതാണ്. 2021ല്‍ അവസാന അഞ്ച് ഹോം ടെസ്റ്റുകളില്‍ 26.00 ശരാശരിയില്‍ 208 റണ്‍സ് മാത്രമേ കോലി നേടിയുള്ളൂ. എട്ട് ഇന്നിംഗ്‌സില്‍ മൂന്ന് തവണയാണ് കോലി പൂജ്യത്തില്‍ മടങ്ങിയത്. 

അതേസമയം ടീം ഇന്ത്യയുടെ 35-ാമത്തെ ടെസ്റ്റ് ക്യാപ്റ്റനാകാന്‍ ഒരുങ്ങുകയാണ് രോഹിത് ശര്‍മ്മ. വിരാട് കോലിയില്‍ നിന്നാണ് രോഹിത് സ്ഥാനം ഏറ്റെടുക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ തോല്‍വിക്ക് പിന്നാലെ അപ്രതീക്ഷിതമായി നായകസ്ഥാനം ഒഴിയുകയായിരുന്നു കിംഗ് കോലി. ലോകകപ്പിന് ശേഷം ടി20 നായകപദവി ഒഴിഞ്ഞ കോലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ബിസിസിഐ നീക്കിയിരുന്നു. രോഹിത് ടെസ്റ്റ് ക്യാപ്റ്റനാകുന്നതോടെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ നായകനായി മാറുകയാണ് രോഹിത് ശര്‍മ്മ.

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ജസ്‌പ്രീത് ബുമ്ര(വൈസ് ക്യാപ്റ്റന്‍, പ്രിയങ്ക് പാഞ്ചല്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ശുഭ്‌മാന്‍ ഗില്‍, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, സൗരഭ് കുമാര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി. 

Virat Kohli’s 100th Test : നൂറാം ടെസ്റ്റ് നൂറഴകാകും; സച്ചിനുള്ള എലൈറ്റ് പട്ടികയിലെത്താന്‍ വിരാട് കോലി