Asianet News MalayalamAsianet News Malayalam

IND vs SL : സഞ്ജു സാംസണിന്‍റെ ബിഗ് ഹിറ്റ്, സാക്ഷാല്‍ ഹിറ്റ്‌മാന്‍ ഫ്ലാറ്റ്! വീണ്ടും വാഴ്‌ത്തി രോഹിത് ശര്‍മ്മ

മത്സരശേഷമുള്ള ഹിറ്റ്‌മാന്‍റെ വാക്കുകളിലുമുണ്ടായിരുന്നു സഞ്ജു സാംസണിനെ കുറിച്ചുള്ള ആത്മവിശ്വാസം

IND vs SL 2nd T20I Sanju Samson showed how well he can play Rohit Sharma heap praise for youngster
Author
Dharamshala, First Published Feb 27, 2022, 12:23 PM IST

ധരംശാല: ടി20 ലോകകപ്പ് പദ്ധതികളുടെ ഭാഗമാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ (Sanju Samson) എന്ന് ഇന്ത്യന്‍ നായകന്‍ (Team India) രോഹിത് ശര്‍മ്മ (Rohit Sharma) വെളിപ്പെടുത്തിയിട്ട് ദിവസങ്ങളേയായുള്ളൂ. ക്യാപ്റ്റന്‍റെ വിശ്വാസം കാത്ത് ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ സഞ്ജു തന്‍റെ പ്രഹരശേഷി കാട്ടുന്നത് ആരാധകര്‍ കണ്‍കുളിര്‍ക്കേ കണ്ടു. സഞ്ജുവിനെക്കുറിച്ചുള്ള തന്‍റെ ആത്മവിശ്വാസം മത്സരശേഷം ഹിറ്റ്‌മാന്‍റെ (Hitman) വാക്കുകളിലുണ്ടായിരുന്നു. സഞ്ജുവിനെ വീണ്ടും വാഴ്‌ത്തിപ്പാടുകയാണ് രോഹിത്. 

'മധ്യനിര കരുത്താര്‍ജിക്കുന്നതും കൂട്ടുകെട്ടുകള്‍ സ്ഥാപിക്കുന്നത് പ്രധാനമാണ്. അതില്‍ ഏറെ സന്തോഷം. ബാറ്റിംഗ് യൂണിറ്റില്‍ നിരവധി പ്രതിഭകളുണ്ട്. അവര്‍ക്കെല്ലാം അവസരം നല്‍കുന്നത് തുടരും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടത് അവരാണ്. എത്രത്തോളം മികച്ച രീതിയില്‍ തനിക്ക് കളിക്കാനാകുമെന്ന് ധരംശാലയില്‍ സഞ്ജു സാംസണ്‍ കാട്ടിത്തന്നു. അവസരങ്ങള്‍ മുതലാക്കുന്നതാണ് പ്രധാനം. യുവതാരങ്ങളില്‍ ഏറെ മികച്ച പ്രതിഭകളുണ്ട്. കഴിവ് തെളിയിക്കാന്‍ അവര്‍ക്ക് അവസരങ്ങള്‍ നല്‍കുകയും പിന്തുണ നല്‍കുകയും മാത്രമാണ് ചെയ്യേണ്ടത്' എന്നും ലങ്കയ്‌ക്കെതിരായ രണ്ടാം ടി20യിലെ ജയത്തിന് ശേഷം രോഹിത് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. 

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് മുമ്പാണ് സഞ്ജു സാംസണിനെ പ്രശംസിച്ച് രോഹിത് ശര്‍മ്മ ആദ്യം രംഗത്തെത്തിയത്. 'സാങ്കേതികമായി നിലവാരമുള്ള താരങ്ങളില്‍ ഒരാളാണ് സഞ്ജു. തീര്‍ച്ചയായും അദേഹം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് പദ്ധതികളുടെ ഭാഗമാണ്. ഐപിഎല്‍ മത്സരങ്ങളില്‍ സഞ്ജുവിന്റെ കഴിവ് നമ്മള്‍ കണ്ടതാണ്. മുന്നോട്ടുപോവാനുള്ള എല്ലാ കഴിവും സഞ്ജുവിനുണ്ട്. കഴിവ് എങ്ങനെ ഉപയോഗിക്കുമെന്നതിലാണ് കാര്യം. ഇപ്പോള്‍ സഞ്ജുവിന് അറിയാം തന്‍റെ കഴിവ് ഏത് തരത്തിലാണ് ഉപയോഗിക്കേണ്ടതെന്ന്. ഒരു മത്സരം വിജയിപ്പിക്കാനുള്ള കരുത്ത് സഞ്ജുവിനുണ്ട്. അവന് ആത്മവിശ്വാസം നല്‍കുക മാത്രമാണ് വേണ്ടത്' എന്നായിരുന്നു അന്ന് രോഹിത്തിന്‍റെ വാക്കുകള്‍. 

രണ്ടാം ടി20യില്‍ നാലാമനായി ക്രീസിലെത്തിയ സഞ്ജു സാംസണ്‍ തുടക്കത്തില്‍ താളം കണ്ടെത്താന്‍ പാടുപെട്ടു. ആദ്യ 12 പന്തില്‍ ആറ് റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ ലഹിരു കുമാര എറിഞ്ഞ പതിമൂന്നാം ഓവര്‍ സഞ്ജുവിന്‍റെ പ്രഹരശേഷി ക്രിക്കറ്റ് ലോകത്തിന് കാട്ടിക്കൊടുത്തു. ലഹിരു കുമാര പന്തെറിയാനെത്തുമ്പോള്‍ 21 പന്തില്‍ 19 റണ്‍സായിരുന്നു സഞ്ജുവിന്‍റെ സമ്പാദ്യം. എന്നാല്‍ കുമാരയെ മൂന്ന് സിക്സിന് പറത്തി സഞ്ജു അതിവേഗം സ്കോര്‍ ചെയ്‌തതോടെ ഇന്ത്യ അനായാസം ലക്ഷ്യത്തിലേക്ക് കുതിച്ചു. കളിയുടെ താളം മാറ്റിയ ഓവര്‍ കൂടിയായിരുന്നു ഇത്. 

ലഹിരുവിന്‍റെ അതേ ഓവറിലെ അവസാന പന്തില്‍ സ്ലിപ്പില്‍ ബിനുര ഫെര്‍ണാണ്ടോയുടെ അത്ഭുത ക്യാച്ചില്‍ സഞ്ജു മടങ്ങുമ്പോള്‍ 25 പന്തില്‍ 39 റണ്‍സിലെത്തിയിരുന്നു. ശ്രേയസ് അയ്യര്‍ 44 പന്തില്‍ 74* ഉം രവീന്ദ്ര ജഡേജ 18 പന്തില്‍ 45* ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ മത്സരം ഏഴ് വിക്കറ്റിന് ജയിച്ച് ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കി. സ്കോര്‍: ശ്രീലങ്ക- 20 ഓവറില്‍ 183-5, ഇന്ത്യ- 17.1ഓവറില്‍ 186-3. ധരംശാലയില്‍ ഇന്ന് നടക്കുന്ന മൂന്നാം ടി20 വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര തൂത്തുവാരാം. 

അരങ്ങേറിയിട്ട് 7 വര്‍ഷം, രാജ്യത്തെ ജയത്തിലെത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം; ആവേശമുണര്‍ത്തി സഞ്ജു

Follow Us:
Download App:
  • android
  • ios