ടി20 പരമ്പരയില്‍ ഇല്ലാതിരുന്നു വിരാട് കോലി (Virat Kohli), മുഹമ്മദ് ഷമി (Mohammed Shami), ആര്‍ അശ്വിന്‍ (R Ashwin) എന്നിവരെല്ലാം ടെസ്റ്റ് പരമ്പരയിലേക്ക് തിരിച്ചെത്തും. കരിയറിലെ നൂറാം ടെസ്റ്റ് കളിക്കാനൊരുങ്ങുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.

മൊഹാലി: ഇന്ത്യക്ക് മുന്നിലുള്ളത് ഇനി ശ്രീലങ്കയ്‌ക്കെതിരായ (IND vs SL) ടെസ്റ്റ് പരമ്പരയാണ്. വെള്ളിയാഴ്ച്ച മൊഹാലിയിലാണ് രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ്. ടി20 പരമ്പരയില്‍ ഇല്ലാതിരുന്നു വിരാട് കോലി (Virat Kohli), മുഹമ്മദ് ഷമി (Mohammed Shami), ആര്‍ അശ്വിന്‍ (R Ashwin) എന്നിവരെല്ലാം ടെസ്റ്റ് പരമ്പരയിലേക്ക് തിരിച്ചെത്തും. കരിയറിലെ നൂറാം ടെസ്റ്റ് കളിക്കാനൊരുങ്ങുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.

വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ കാത്തും ഒരു റെക്കോര്‍ഡുണ്ട്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്തയന്‍ ബൗളറാവാനുള്ള അവസരമാണ് അശ്വിന് വന്നു ചേര്‍ന്നിരിക്കുന്നത്. നിലവില്‍ 84 ടെസ്റ്റില്‍ നിന്ന് 24.38 ശരാശരിയില്‍ 430 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. അഞ്ച് വിക്കറ്റുകള്‍ കൂടി നേടിയാല്‍ 35കാരന് കപില്‍ ദേവിനെ മറികടക്കാം. 131 ടെസ്റ്റില്‍ നിന്ന് 434 വിക്കറ്റാണ് കപില്‍ നേടിയിട്ടുള്ളത്. 

രോഹിത് ശര്‍മ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി അരങ്ങേറുന്ന ആദ്യ മത്സരം കൂടിയാണിത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം വിരാട് കോലി ഒഴിഞ്ഞപ്പോഴാണ് രോഹിത് നായകസ്ഥാനത്തേക്ക്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുന്നത് രോഹിത്താണ്. സീനിയര്‍ താരങ്ങളായ അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരെ ഇന്ത്യ ഒഴിവാക്കിയിരുന്നു. ദീര്‍ഘകാലമായി മോശം ഫോമിലായിരുന്നു ഇരുവരും.

അതേസമയം നൂറ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കുന്ന 12-ാമത്തെ ഇന്ത്യന്‍ താരാമാവാന്‍ ഒരുങ്ങുകയാണ് വിരാട് കോലി. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു കോലിയുടെ അരങ്ങേറ്റം. കരിയറിലെ 99 ടെസ്റ്റില്‍ 27 സെഞ്ചുറിയും ഏഴ് ഇരട്ട സെഞ്ചുറിയും 28 അര്‍ധ സെഞ്ചുറിയും സഹിതം 50.39 ശരാശരിയില്‍ 7962 റണ്‍സ് 33കാരന്‍ നേടിയിട്ടുണ്ട്. 

നൂറാം ടെസ്റ്റില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിക്ക് ഗംഭീര വിജയം സമ്മാനിക്കുമെന്ന് സ്റ്റാര്‍ പേസറും ഉപനായകനുമായ ജസ്പ്രീത് ബുമ്ര വ്യക്തമാക്കി. ''100 ടെസ്റ്റുകള്‍ കളിക്കുക ഏത് താരത്തെ സംബന്ധിച്ചും സ്പെഷ്യലായ നേട്ടമാണ്. ഇന്ത്യന്‍ ടീമിനായി ഏറെ സംഭാവനകള്‍ നല്‍കിയ താരമാണ് കോലി, അത് തുടരും. തന്റെ തൊപ്പിയില്‍ പൊന്‍തൂവല്‍ പിന്നിടുന്ന കോലിയെ അഭിനന്ദിക്കുന്നു. നൂറ് ടെസ്റ്റുകളെന്നത് കോലിയുടെ കഠിനാധ്വാനത്തിന്റെ സാക്ഷ്യമാണ്. നൂറാം ടെസ്റ്റില്‍ വിജയത്തേക്കാള്‍ വലിയൊരു സമ്മാനം കോലിക്ക് നല്‍കാനില്ല.'' എന്നും ജസ്പ്രീത് ബുമ്ര കൂട്ടിച്ചേര്‍ത്തു. 

കോലിയുടെ ചരിത്ര മത്സരത്തില്‍ ഗാലറിയില്‍ അന്‍പത് ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ബിസിസിഐ ഈ തീരുമാനം അംഗീകരിക്കുകയായിരുന്നു. ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 

എന്നാല്‍ രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ ബിസിസിഐ തീരുമാനമെടുക്കുകയായിരുന്നു.