ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരുടെ സാന്നിധ്യം വൈറ്റ് ബോള്‍ ടീമുകളില്‍ റിഷഭിന് വെല്ലുവിളിയാണ്

മുംബൈ: ശ്രീലങ്കയ്ക്ക് എതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോഴുള്ള സര്‍പ്രൈസുകളിലൊന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ പേരില്ലാത്തതായിരുന്നു. സമീപകാലത്ത് വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഫോമില്ലായ്‌മയുടെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിടുന്ന റിഷഭ് പന്തിനെ ഒഴിവാക്കിയതാണോ വിശ്രമം നല്‍കിയതാണോ അതോ താരത്തിന് പരിക്കാണോ എന്ന സംശയം ഇതോടെ ബലപ്പെട്ടിരുന്നു. 

കാല്‍മുട്ടിലെ പരിക്ക് ഭേദപ്പെടുന്നതിനായി റിഷഭ് പന്തിനോട് രണ്ടാഴ്‌ച ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടതായാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്. ജനുവരി 3 മുതല്‍ 15 വരെയാകും എന്‍സിഎയില്‍ പന്തിന്‍റെ പരിശീലനം. കാല്‍മുട്ടിന് നേരിയ പരിക്ക് കുറച്ചുനാളുകളായി പന്തിനെ അലട്ടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് സീരിസ് വരാനുള്ളതും ബിസിസിഐയുടെ മനസിലുണ്ട്. ടെസ്റ്റില്‍ ടീം ഇന്ത്യയുടെ നമ്പര്‍ 1 വിക്കറ്റ് കീപ്പറാണ് റിഷഭ്. എന്നാല്‍ ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരുടെ സാന്നിധ്യം വൈറ്റ് ബോള്‍ ടീമുകളില്‍ റിഷഭിന് വെല്ലുവിളിയാണ്. ശ്രീലങ്കയ്ക്ക് എതിരെ ഇരുവരും തിളങ്ങിയാല്‍ ഏകദിന, ട്വന്‍റി 20 ടീമുകളിലേക്ക് റിഷഭ് പന്തിന് മടങ്ങിവരവ് എളുപ്പമാവില്ല. 

ഇന്ത്യയുടെ ടി20 സ്‌ക്വാഡ്: ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്(വൈസ് ക്യാപ്റ്റന്‍), ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍. 

ഇന്ത്യയുടെ ഏകദിന സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌‌മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), വാഷിംഗ്‌ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്‌ദീപ് സിംഗ്. 

ലങ്കന്‍ പരമ്പര സഞ്ജു സാംസണ് നിര്‍ണായകം, കാരണമുണ്ട്; ടി20യില്‍ അടിമുടി മാറ്റം വരുന്നു?