അവസാന ബാറ്ററായ ജസ്പ്രീത് ബുമ്രയെ മറുവശത്ത് നിര്‍ത്തി ശ്രേയസ് സെഞ്ചുറിയിലേക്ക് ബാറ്റു വീശുമ്പോഴാണ് ജയവിക്രമയുടെ പന്തില്‍ സിക്സ് അടിക്കാന്‍ ശ്രമിച്ച് പുറത്തായത്. ഫ്രണ്ട് ഫൂട്ടില്‍ ഇറങ്ങിയ ശ്രേയസിന് ലങ്കന്‍ കീപ്പര്‍ നിരോഷന്‍ ഡിക്‌വെല്ല സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

ബെംഗലൂരു: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി ഇന്ത്യയുടെ ടോപ് സ്കോററായത് ശ്രേയസ് അയ്യരായിരുന്നു(Shreyas Iyer). മറുവശത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും ഏകദിനശൈലിയില്‍ ബാറ്റുവീശിയ അയ്യരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 252 റണ്‍സടിച്ചത്. 98 പന്തില്‍ പത്ത് ഫോറും നാല് പടുകൂറ്റന്‍ സിക്സുകളും പറത്തിയാണ് ശ്രേയസ് 92 റണ്‍സടിച്ചത്.

അവസാന ബാറ്ററായ ജസ്പ്രീത് ബുമ്രയെ മറുവശത്ത് നിര്‍ത്തി ശ്രേയസ് സെഞ്ചുറിയിലേക്ക് ബാറ്റു വീശുമ്പോഴാണ് ജയവിക്രമയുടെ പന്തില്‍ സിക്സ് അടിക്കാന്‍ ശ്രമിച്ച് പുറത്തായത്. ഫ്രണ്ട് ഫൂട്ടില്‍ ഇറങ്ങിയ ശ്രേയസിന് ലങ്കന്‍ കീപ്പര്‍ നിരോഷന്‍ ഡിക്‌വെല്ല സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

90കളില്‍ സ്റ്റംപിംഗിലൂടെ പുറത്തായതോടെ നിര്‍ഭാഗ്യവാന്‍മാരുടെ അപൂര്‍വ ലിസ്റ്റിലും ശ്രേയസ് ഇടം നേടി. ടെസ്റ്റില്‍ 90കളില്‍ സ്റ്റംപിംഗിലൂടെ പുറത്താവുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററാണ് ശ്രേയസ്. 1987ല്‍ ചെന്നൈയില്‍ പാക്കിസ്ഥാനെതിരെ ദിലീപ് വെംഗ്സര്‍ക്കാര്‍(96), 2001ല്‍ ബെംഗലൂരുവില്‍ ഇംഗ്ലണ്ടിനെതിരെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(90), 2010ല്‍ കൊളംബോയില്‍ ശ്രീലക്കെതിരെ വീരേന്ദര്‍ സെവാഗ്(99) എന്നിവരാണ് ശ്രേയസിന് മുമ്പെ 90കളില്‍ സ്റ്റംപിംഗിലൂടെ പുറത്തായിട്ടുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍.

ബെംഗലൂരുവിലെ ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ഏകദിന ശൈലിയിലാണ് ശ്രേയസ് ബാറ്റു വീശിയത്. ഇതിനിടെ രണ്ടു തവണ ശ്രേയസിനെ ലങ്കന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടിരുന്നു. വ്യക്തിഗത സ്കോര്‍ 50ലും 82ലും നില്‍ക്കെയാണ് ശ്രേയസിന് ലങ്ക കൈവിട്ടത്. ശ്രേയസിന് പുറമെ ഹനുമാ വിഹാരിയും റിഷഭ് പന്തും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ചെറുത്തുനിന്നത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ(15), മുന്‍ നായകന്‍ വിരാട് കോലി(23) കഴിഞ്ഞ കളിയിലെ ടോപ് സ്കോററായ രവീന്ദ്ര ജഡേജ(4) മായങ്ക് അഹര്‍വാള്‍(4) എന്നിവര്‍ നിരാശപ്പെടുത്തി.