ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ പരിക്കേറ്റ ശ്രേയസ് അയ്യര്‍ കളിക്കില്ലെന്നാണ് സൂചന. ശ്രേയസിന് പകരക്കാരനായി പല പേരുകളും ചര്‍ച്ചയിലുണ്ടെങ്കിലും, യശസ്വി ജയ്‌സ്വാളിനെ ഓപ്പണറായി കളിപ്പിക്കാന്‍ ബിസിസിഐ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. 

മുംബൈ: ഈ മാസം 30ന് ദക്ഷിണാഫ്രിക്കക്കെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യര്‍ കളിക്കില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ ശ്രേയസ് ആശുപത്രി വിട്ടെങ്കിലും ഉടന്‍ ഏകദിന ടീമില്‍ തിരിച്ചെത്താനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. പൂര്‍ണ കായികക്ഷമത കൈവരിക്കാന്‍ രണ്ട് മാസമെങ്കിലും വിശ്രമം വേണ്ടി വരുമെന്ന് അന്ന് തന്നെ ഡോക്റ്റര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഓസ്‌ട്രേലിയയില്‍ തുടരുന്ന ശ്രേയസിന്റെ അഭാവത്തില്‍ ആരാകും ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ മധ്യനിരയിലെത്തുക എന്ന ചര്‍ച്ചകളും സജീവമാണ്.

സഞ്ജു സാംസണ്‍, തിലക് വര്‍മ, ധ്രുവ് ജുറല്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ബിസിസിഐക്ക് മുന്നിലുള്ള സാധ്യതകളാണ്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ എയെ നയിക്കുന്ന തിലക് വര്‍മയാണ് ശ്രേയസിന്റെ പകരക്കാരനാവാനുള്ള മത്സരത്തില്‍ മുന്നിലുള്ളത്. ദക്ഷിണാഫ്രിക്ക എക്കെതിരായ പരമ്പരയില്‍ തിളങ്ങിയാല്‍ തിലക് സ്വാഭാവികമായും ഏകദിന ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിലക് കഴിഞ്ഞാല്‍ ഏകദിന ടീമിലേക്ക് പരിഗണിക്കാവുന്ന രണ്ടാമത്തെ താരം ധ്രുവ് ജുറെലാണ്.

ദക്ഷിണഫ്രിക്കക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എക്കായി രണ്ട് ഇന്നിംഗ്‌സിലും അപരാജിയ സെഞ്ചുറി നേടി തിളങ്ങിയ ജുറെല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 14ന് തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ ബാറ്ററായി മാത്രം ടീമിലെത്താനും സാധ്യതയുണ്ട്. സഞ്ജു, പന്ത്, ഇഷാന്‍ എന്നിവരുടെ കാര്യത്തില്‍ സാധ്യത വിരളമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ ഉള്ളതാണ് മൂവരേയും വലയ്ക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്കായി അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടിയ സഞ്ജുവിനെ പിന്നീട ഏകദിന ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

ഇവരെയൊന്നും കൂടാതെ മറ്റൊരു താരത്തിലേക്ക് ബിസിസിഐ ഉറ്റുനോക്കുന്നത്. ഇതുവരെ ഒരു ഏകദിനം മാത്രം കളിച്ചിട്ടുള്ള യശസ്വി ജയ്‌സ്വാളിലേക്ക്. മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാനുള്ള കഴിവുണ്ടായിട്ടും നിലവില്‍ ടെസ്റ്റില്‍ മാത്രമാണ് ജയ്‌സ്വാള്‍ കളിക്കുന്നത്. രോഹിത്തിനൊപ്പം ജയ്‌സ്വാള്‍ ഓപ്പണ്‍ ചെയ്‌തേക്കും. ശ്രേയസിന്റെ പരിക്ക് ജയ്‌സ്വാളിനുള്ള അവസരമായിട്ടാണ് ബിസിസിഐ കാണുന്നത്. ജയ്‌സ്വാള്‍ വരുമ്പോള്‍ ബാറ്റിംഗ് ഓര്‍ഡറിലും മാറ്റം വരും. ഗില്‍ മൂന്നാം സ്ഥാനത്തേക്കും കോലി നാലാം സ്ഥാനേത്തേക്കും ഇറങ്ങും. ഇരുവരുടേയും സ്ഥാനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറാനും സാധ്യത ഏറെ.

റിഷഭ് പന്ത് അഞ്ചാമനും കെ എല്‍ രാഹുല്‍ ആറാമനുമാകും. പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുള്‍പ്പെടെയുള്ള താരങ്ങള്‍. പേസര്‍മാരായി മുഹമ്മദ് സിറാജും ജസ്പ്രിത് ബുമ്രയും. ഇങ്ങനെ ആയിരിക്കാം ഇന്ത്യയുടെ ഏകദിന ടീം.

YouTube video player