ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസണെ ഓപ്പണറായി തിരികെ കൊണ്ടുവരാൻ ബിസിസിഐ ആലോചിക്കുന്നു. 

മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കും. ശുഭ്മാന്‍ ഗില്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയ ശേഷം സഞ്ജുവിന് ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ല. അതും തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കെയാണ് സഞ്ജുവിനെ ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് മാറ്റി മധ്യനിരയില്‍ കളിപ്പിച്ചത്. ഇന്ത്യ - ഓസ്‌ട്രേലിയ ട്വന്റി20 പരമ്പര അവസാനിച്ചതിന് ശേഷം ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് ടീമിന്റെ ഓപ്പണര്‍ സ്ഥാനത്തു നിന്ന് സഞ്ജു സാംസണെ മാറ്റിയതിനെക്കുറിച്ചായിരുന്നു.

വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് ടീമില്‍ അവസരമൊരുക്കാന്‍ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റിയതിനെ മുന്‍ താരങ്ങള്‍ അടക്കം വിമര്‍ശിച്ചു. ഗില്‍ ആവട്ടെ ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുത്തത്. സഞ്ജുവിനുള്ള പിന്തുണയും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് സഞ്ജുവിന് അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. ടീമില്‍ അഴിച്ചുപണികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ടെസ്റ്റ്, ഏകദിന ടീം ക്യാപ്റ്റനായ ഗില്ലിന് ട്വന്റി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചേക്കും.

ഇതോടെ സഞ്ജു ഓപ്പണറായി തിരിച്ചെത്തും. ബാക്കപ്പ് ഓപ്പണറായി യശസ്വി ജയ്‌സ്വാളിനെയും ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. ഒരു ഓപ്പണറുടെ റോളില്‍ അഭിഷേക് ശര്‍മ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. അപ്പുറത്ത് ആരെന്നുള്ളതാണ് ബിസിസിഐ അസ്വസ്ഥമാക്കുന്നത്. ട്വന്റി20 കരിയര്‍ പരിശോധിച്ചാല്‍ സ്‌ട്രൈക്ക് റേറ്റിലും ബാറ്റിങ് ശരാശരിയിലും ഗില്ലിനെക്കാള്‍ ബഹുദൂരം മുന്നിലാണ് സഞ്ജുവെന്നു കണക്കുകള്‍ പറയുന്നു. എന്നാല്‍ ഇരുവര്‍ക്കും പകരം യശസ്വി ജയ്‌സ്വാള്‍ വരണമെന്ന് വാദിക്കുന്നവരുമുണ്ട്.

ഓപ്പണറായി ഋതുരാജ് ഗെയ്ക്വാദിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അഞ്ച് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഡിസംബര്‍ 9ന് കട്ടക്കിലാണ്. ഏകദിന - ടി20 മത്സരങ്ങള്‍ക്കുള്ള ടീമിനെ വൈകാതെ പ്രഖ്യാപിക്കും.

YouTube video player