അയർലന്‍ഡിനെതിരായ പരമ്പരയിൽ കളിക്കാതിരുന്ന മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി ഇന്ത്യൻ സ്ക്വാഡിനൊപ്പം ചേർന്നച് ടീമിന്‍റെ ബൗളിംഗിന് മൂര്‍ച്ച കൂട്ടുമെന്നാണ് കരുതുന്നത്.
ലണ്ടൻ: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ അപ്രതീക്ഷിത തോൽവിയുടെ ആഘാതത്തിൽ നിന്നും കരകയറാൻ ഇന്ത്യൻ ടീം ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നു. ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് ആവേശപ്പോരാട്ടം ആരംഭിക്കുന്നത്. യുവതാരങ്ങൾക്ക് വലിയ പ്രാധാന്യം നൽകിക്കൊണ്ടുള്ള പുതിയ നിരയുമായാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. അരങ്ങേറ്റ പരമ്പരയില്‍ നാണംകെട്ട തോല്‍വി വഴങ്ങിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പര നിര്‍ണായകമാണ്. മറുഭാഗത്ത് ഇംഗ്ലണ്ടിന്‍റെ ക്യാപ്റ്റൻസി ചുമതല ഹാരി ബ്രൂക്കിനാണ്.
അയർലന്‍ഡിനെതിരായ പരമ്പരയിൽ കളിക്കാതിരുന്ന മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി ഇന്ത്യൻ സ്ക്വാഡിനൊപ്പം ചേർന്നച് ടീമിന്‍റെ ബൗളിംഗിന് മൂര്‍ച്ച കൂട്ടുമെന്നാണ് കരുതുന്നത്. അതേസമയം, ഐപിഎല്ലില്‍ തരംഗമായി മാറിയ കൗമാര താരം വൈഭവ് സൂര്യവംശി ഇന്ന് കളിക്കാൻ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. ടീമിന്‍റെ കൃത്യമായ കോമ്പിനേഷൻ നിലനിർത്താൻ വൈഭവിനെ ആദ്യ മത്സരത്തിൽ പ്ലേയിങ് ഇലവനിൽ നിന്ന് പുറത്തിരുത്തിയേക്കും.
സഞ്ജുവിന് അഗ്നിപരീക്ഷ; ലക്ഷ്യം ശക്തമായ തിരിച്ചുവരവ്
അയര്‍ലന്‍ഡിനെതിരായ പരമ്പരയിലെ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണ് ഇംഗ്ലണ്ടിനെതിരായ പരമ്പര അഗ്നിപരീക്ഷാണ്. അയര്‍ലന്‍ഡിനെതിരെ ആദ്യ മത്സരത്തില്‍ 5 റണ്‍സ് മാത്രമെടുത്ത് മടങ്ങിയ സഞ്ജു രണ്ടാം മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കുമായി. ഇംഗ്ലണ്ട് നിരയില്‍ അതിവേഗ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇല്ലെന്നത് സഞ്ജുവിന് അനുകൂലമാണ്. മുമ്പ് ആര്‍ച്ചറുടെ ഷോര്‍ട്ട് ബോളുകള്‍ നേരിടാന്‍ സഞ്ജു ബുദ്ധിമുട്ടിയിരുന്നു. ലോകകപ്പിലെ വീരോചിത പ്രകടനങ്ങള്‍ക്ക്ശേഷം ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും സ്ഥിരതയില്ലായ്മയാണ് സഞ്ജുവിന് വെല്ലുവിളിയാകുന്നത്.
അഭിഷേക് ശര്‍മ ആദ്യ മത്സരത്തില്‍ തിളങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായി. മൂന്നാം നമ്പറില്‍ ഇറങ്ങിയ ഇഷാന്‍ കിഷനും ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ക്കും അയര്‍ലന്‍ഡിനെതിരെ തിളങ്ങാനായിരുന്നില്ല. വൈഭവ് അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നതിനാല്‍ സഞ്ജുവിനും ഇഷാന്‍ കിഷനും ഇന്നത്തെ മത്സരത്തില്‍ മികവ് കാട്ടേണ്ടത് അനിവാര്യമാണ്.
