ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിനെതിരായ രണ്ടാം യൂത്ത് ഏകദിനത്തില്‍ വൈഭവ് സൂര്യവന്‍ഷിയുടെ വെടിക്കെട്ട് ബാറ്റിംഗില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. 68 പന്തില്‍ ആറ് സിക്‌സും അഞ്ച് ഫോറുമടക്കം 70 റണ്‍സാണ് വൈഭവ് നേടിയത്. 

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിനെതിരെ രണ്ടാം യൂത്ത് ഏകദിനത്തില്‍ ഇന്ത്യ അണ്ടര്‍ 19 ടീം മികച്ച സ്‌കോറിലേക്ക്. ബ്രിസ്‌ബേനില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 32 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തിട്ടുണ്ട്. വൈഭവ് സൂര്യവന്‍ഷി (68 പന്തില്‍ 70), വിഹാന്‍ മല്‍ഹോത്ര (73 പന്തില്‍ പുറത്താവാതെ 70) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യക്ക് ഗംഭീര തുടക്കം നല്‍കാന്‍ സഹായിച്ചത്. ഓസ്‌ട്രേലിയക്ക് വേണ്ടി വില്‍ ബൈറോം, യാഷ് ദേശ്മുഖ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിലെ രണ്ടാം പന്തില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആയുഷ് മാത്രെ (0) ബൈറോമിന്റെ പന്തില്‍ മടങ്ങുകയായിരുന്നു. പിന്നാലെ വൈഭവ് - വിഹാന്‍ സഖ്യം 117 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ വൈഭവിനെ പുറത്താക്കി യാഷ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. ആര്യന്‍ ശര്‍മയ്ക്കായിരുന്നു ക്യാച്ച്. ആറ് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്ന് ക്രീസിലൊന്നിച്ച വേദാന്ദ് ത്രിവേദി (33 പന്തില്‍ 26) - വിഹാന്‍ സഖ്യം 42 റണ്‍സ് കൂട്ടിചേര്‍ത്തു. 27-ാം ഓവറില്‍ വേദാന്ദ് മടങ്ങി. ഹെയ്ഡന്‍ ഷില്ലറുടെ പന്തില്‍ സ്റ്റീവന്‍ ഹോഗന് ക്യാച്ച്.

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടാമത്തേതാണ് ഇന്ന് നടക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഓസ്‌ട്രേലിയ: അലക്‌സ് ടര്‍ണര്‍, സൈമണ്‍ ബഡ്ജ് (വിക്കറ്റ് കീപ്പര്‍), സ്റ്റീവന്‍ ഹോഗന്‍, അലക്‌സ് ലീ യംഗ്, യാഷ് ദേശ്മുഖ് (ക്യാപ്റ്റന്‍), ജയ്ഡന്‍ ഡ്രേപ്പര്‍, ജോണ്‍ ജെയിംസ്, ആര്യന്‍ ശര്‍മ, ഹെയ്ഡന്‍ ഷില്ലര്‍, കാസി ബാര്‍ട്ടണ്‍, വില്‍ ബൈറോം.

ഇന്ത്യ: വൈഭവ് സൂര്യവംശി, ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വിഹാന്‍ മല്‍ഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), രാഹുല്‍ കുമാര്‍, ആര്‍ എസ് അംബ്രീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, കിഷന്‍ കുമാര്‍.

YouTube video player