അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരെ വൈഭവ് സൂര്യവന്‍ഷി വെടിക്കെട്ട് അര്‍ധ സെഞ്ചുറി നേടി. 26 പന്തില്‍ 50 റണ്‍സെടുത്ത സൂര്യവന്‍ഷിയുടെ ഇന്നിംഗ്‌സാണ് തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുന്നത്. 

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ദുബായില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 28 ഓവറില്‍ മൂന്ന് വിക്കറ്റ് 196 റണ്‍സെടുത്തിട്ടുണ്ട്. അഭിഗ്യാന്‍ കുണ്ടു (61) വേദാന്ത് ത്രിവേദി (57) എന്നിവര്‍ ക്രീസിലുണ്ട്. ക്യാപ്റ്റന്‍ ആയുഷ് മാത്രെ (14), വിഹാന്‍ മല്‍ഹോത്ര (7), വൈഭവ് സൂര്യവന്‍ഷി (50) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. മുഹമ്മദ് അക്രം മലേഷ്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. സത്‌നകുമാര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

അത്ര നല്ലതായിരുന്നില്ല ഇന്ത്യയുടെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ മാത്രെ മടങ്ങി. സത്‌നകുമാരന്റെ പന്ത് അതിര്‍ത്തി കടത്താനുള്ള ശ്രമത്തിനിടെ മിഡ് ഓണില്‍ ഡീസ് പത്രോ ക്യാച്ചെടുക്കുകയായിരുന്നു. അഞ്ചാം ഓവറില്‍ മല്‍ഹോത്രയും പവലിയനില്‍ തിരിച്ചെത്തി. അക്രമിന്റെ ഔട്ട്‌സ്വിങ്ങറില്‍ ഹബാറ്റ് വച്ച താരം സ്ലിപ്പില്‍ മുഹമ്മദ് ആലിഫിന് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെ സൂര്യവന്‍ഷി ടി20 ശൈലിയില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അധിക നേരം ക്രീസില്‍ തുടരാന്‍ സൂര്യവന്‍ഷിക്ക് സാധിച്ചില്ല. അക്രമിനെതിരെ ലോംഗ് ഓഫിലൂടെ സിക്‌സടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൗണ്ടറി ലൈനില്‍ ക്യാച്ച് നല്‍കി. 26 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും അഞ്ച് ഫോറും നേടി. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ത്രിവേദി - കുണ്ടു സഖ്യം ഇതുവരെ 109 റണ്‍സ് ചേര്‍ത്തിട്ടുണ്ട്.

ഗ്രൂപ്പ് ബിയില്‍ യുഎഇ, പാകിസ്ഥാന്‍ എന്നിവരെ തോല്‍പ്പിച്ച ഇന്ത്യ നേരത്തെ സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നു. പാകിസ്ഥാനെതിരെ കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരം ആരോണ്‍ ജോര്‍ജ്, ഹെനില്‍ പട്ടേല്‍ എന്നിവര്‍ കളിക്കുന്നില്ല. പകരം ഹര്‍വന്‍ഷ് പങ്കാലിയ, കിഷന്‍ കുമാര്‍ സിംഗ് എന്നിവര്‍ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവന്‍ഷി, വിഹാന്‍ മല്‍ഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് പംഗലിയ, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍, ഉദ്ധവ് മോഹന്‍, കിഷന്‍ കുമാര്‍ സിംഗ്.

മലേഷ്യ: അസിബ് വാജ്ദി, മുഹമ്മദ് ഹൈറില്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് അഫിനിദ്, ഡീസ് പത്രോ (ക്യാപ്റ്റന്‍), മുഹമ്മദ് അലിഫ്, മുഹമ്മദ് അക്രം, ഹംസ പംഗി, മുഹമ്മദ് ഫത്ഹുല്‍ മുയിന്‍, എന്‍ സത്‌നകുമാരന്‍, ജാശ്വിന്‍ കൃഷ്ണമൂര്‍ത്തി, മുഹമ്മദ് നൂര്‍ഹനീഫ്.

YouTube video player