ജയ്‌പൂര്‍: റോഡ് സേഫ്‌റ്റി വേള്‍ഡ് ടി20യില്‍ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സിനെ 56 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ ലെജന്‍‌ഡ്‌സ് സെമിയില്‍. ഇന്ത്യയുടെ 204 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്‌ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 148 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നായകന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അര്‍ധ സെഞ്ചുറിയും യുവ‌രാജ് സിംഗ്, യൂസഫ് പത്താന്‍ എന്നിവരുടെ ഓള്‍റൗണ്ട് പ്രകടനവും ശ്രദ്ധേയമായി. യുവിയാണ് കളിയിലെ താരം. 

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലെജന്‍ഡ്‌സിന് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ ആറ് റണ്‍സില്‍ നഷ്‌ടമായിരുന്നു. എന്നാല്‍ നായകന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(37 പന്തില്‍ 60), എസ് ബദ്രിനാഥ്(34 പന്തില്‍ 42), യുവ്‌രാജ് സിംഗ്(22 പന്തില്‍ 52*), യൂസഫ് പത്താന്‍(10 പന്തില്‍ 23), മന്‍പ്രീത് ഗോണി(9 പന്തില്‍ 16*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 204 റണ്‍സ് നേടുകയായിരുന്നു. 

കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റുമായി യൂസഫ് പത്താനും രണ്ട് പേരെ പുറത്താക്കി യുവ്‌രാജ് സിംഗും ഓരോരുത്തരെ മടക്കി പ്രഗ്യാന്‍ ഓജയും വിനയ് കുമാറും തളയ്‌ക്കുകയായിരുന്നു. ഓപ്പണര്‍മാരായ അന്‍ഡ്രൂ 35 പന്തില്‍ 41 ഉം മോര്‍നി 35 പന്തില്‍ 48 റണ്‍സുമെടുത്തു. റോഡ്‌സ്(22*), ബ്രുയ്‌ന്‍(10), റോജര്‍(11), പീറ്റേഴ്‌സന്‍(7), എന്‍റിനി(1), ഗാര്‍നെറ്റ്(1*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍.

ചരിത്രം കുറിച്ച് മുംബൈ സിറ്റി; എടികെയെ മലര്‍ത്തിയടിച്ച് ആദ്യ ഐഎസ്എല്‍ കിരീടം

മുംബൈയുടെ തലവര മാറ്റിയവന്‍; വിജയഗോളുമായി ബിപിന്‍ സിംഗ് ഹീറോ