ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടോസ് തോറ്റ നായകനെന്ന നാണക്കേട് നിലവില്‍ രോഹിത്തിന്‍റെ പേരിലാണ്. തുടര്‍ച്ചയായി 15 മത്സരങ്ങളിലാണ് രോഹിത് ടോസ് തോറ്റത്. ഗില്ലിന് കീഴില്‍ ഇപ്പോള്‍ മൂന്ന് ടോസുകള്‍ ഇന്ത്യ കൈവിട്ടു.
സിഡ്നി: ക്രിക്കറ്റ് മത്സരങ്ങളിലെ ടോസിടുമ്പോള്‍ ഇരു ടീമുകള്‍ക്കും ടോസ് ലഭിക്കാനുള്ള സാധ്യത 50/50 ആണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാലിത് ഇന്ത്യയുടെ കാര്യത്തിലാവുമ്പോൾ നേരെ തിരിച്ചാണ്. ഏകദിനങ്ങളില്‍ ഇന്ത്യ ടോസ് ജയിക്കാനുള്ള സാധ്യത ഇപ്പോള്‍ 0.00038147 ശതമാനം മാത്രമാണന്നാണ് കണക്കുകള്‍. കഴിഞ്ഞ 18 മത്സരങ്ങളിലായി ഇന്ത്യ ഏകദിന ക്രിക്കറ്റില്‍ ടോസ് ജയിച്ചിട്ടില്ല. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ടോസിലെ നിര്‍ഭാഗ്യം തുടങ്ങിയത്. ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റ ഇന്ത്യ പിന്നീട് രോഹിത് ശര്‍മക്ക് കീഴില്‍ തുടര്‍ച്ചയായി 15 ടോസുകള്‍ തോറ്റു.
ഇന്ന് സിഡ്നിയിലും ടോസ് തോറ്റതോടെ ശുഭ്മാന്‍ ഗില്ലിന് കീഴിലും തുടര്‍ച്ചയായി മൂന്ന് ടോസുകള്‍ ഇന്ത്യ തോറ്റു കഴിഞ്ഞു. ഇതോടെ ടോസ് ജയിക്കാതെ ഇന്ത്യ കളിക്കുന്ന തുടര്‍ച്ചയായ പതിനെട്ടാം ഏകദിന മത്സരമായി ഇന്നത്തെ ഇന്ത്യ-ഓസ്ട്രേലിയ ഏകദിനം. ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങളില്‍ തുടര്‍ച്ചയായി ടോസ് തോല്‍ക്കുന്ന ടീമെന്ന നാണക്കേടിന്‍റെ റെക്കോര്‍ഡ് നേരത്തെ സ്വന്തമാക്കിയിരുന്ന ഇന്ത്യ സിഡ്നിയിലും ടോസ് തോറ്റതോടെ രണ്ടാം സ്ഥാനക്കാരായ അയര്‍ലന്‍ഡുമായുള്ള അകലം ഒന്നു കൂടി വര്‍ധിപ്പിച്ചു.
2011-2023 കാലഘട്ടത്തില്‍ തുടര്‍ച്ചയായി 11 ടോസുകള്‍ തോറ്റായിരുന്നു അയര്‍ലന്‍ഡ് നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ ആദ്യമെത്തിയത്. സിഡ്നിയിലും ടോസ് നഷ്ടമായതോടെ രണ്ടാം സ്ഥാനത്തുള്ള അയര്‍ലന്‍ഡുമായുള്ള അകലം ഏഴ് മത്സരങ്ങളായാണ് ഇന്ത്യ വര്‍ധിപ്പിച്ചത്. ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടോസ് തോറ്റ നായകനെന്ന നാണക്കേട് നിലവില്‍ രോഹിത്തിന്‍റെ പേരിലാണ്. തുടര്‍ച്ചയായി 15 മത്സരങ്ങളിലാണ് രോഹിത് ടോസ് തോറ്റത്. ഗില്ലിന് കീഴില്‍ ഇപ്പോള്‍ മൂന്ന് ടോസുകള്‍ ഇന്ത്യ കൈവിട്ടു.
നിര്‍ണായക മത്സരങ്ങളില്‍ ടോസ് കൈവിടുന്നത് ലോകകപ്പ് ഫൈനലില്‍ അടക്കം ഇന്ത്യക്ക് തിരിച്ചടിയായിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ടോസ് തോറ്റിട്ടും ഇന്ത്യ കിരീടം നേടിയത് മാത്രമാണ് ഇതില്‍ എടുത്തുപറയേണ്ട ഒരേയൊരു നേട്ടം. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ടോസ് ജയിച്ചത് ഓസ്ട്രേലിയയുടെ ജയത്തിലും പരമ്പരയുടെ വിധി തീരുമാനിക്കുന്നതിലും നിര്‍ണായകമായിരുന്നു.


