അഞ്ച് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യക്കും ന്യൂസിലന്‍ഡിനും നാലു പോയന്‍റ് വീതമാണുള്ളത്. നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യ നാലാമതും ന്യൂസിലന്‍ഡ് അഞ്ചാമതുമാണ്.
മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ സെമി ഫൈനലില്‍ ഇടം നേടാന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ന്യൂസിലന്‍ഡ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഇന്ത്യ ഒരു മാറ്റം വരുത്തി. അമന്‍ജ്യോത് കൗറിന് പകരം ജെമീമ റോഡ്രിഗസ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.
അഞ്ച് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യക്കും ന്യൂസിലന്‍ഡിനും നാലു പോയന്‍റ് വീതമാണുള്ളത്. നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യ നാലാമതും ന്യൂസിലന്‍ഡ് അഞ്ചാമതുമാണ്. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് സെമിയിലേക്ക് ഒരു കാലെടുത്തുവെക്കാം. ന്യൂസിലൻഡിനോടും അവസാന മത്സരത്തില്‍ ബംഗ്ലാദേശിനോടും ജയിച്ചാൽ ഇന്ത്യക്ക് അനായാസം സെമി ഉറപ്പിക്കാം. റൺറേറ്റിന്‍റെ മുൻതൂക്കവും അനുകൂലമാണ്. ബംഗ്ലാദേശിനോട് മാത്രമാണ് ജയമെങ്കിൽ ന്യൂസിലൻഡ്-ഇംഗ്ലണ്ട് മത്സര ഫലത്തെ കൂടി ആശ്രയിക്കേണ്ടി വരും.
ഇതുവരെ പരസ്പംര ഏറ്റുമുട്ടിയ 56 ഏകദിനങ്ങളിൽ 34 എണ്ണത്തിൽ കിവികൾ ജയിച്ചപ്പോൾ ഇന്ത്യക്ക് ജയിക്കാനായത് 22 മത്സരങ്ങളിൽ മാത്രമാണ്. ഇതില്‍ 2022നുശേഷം കളിച്ച ഒമ്പത് മത്സരങ്ങളില്‍ ആറിലും ന്യൂസിലന്‍ഡ് ജയിച്ചുവെന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണ്.
ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൻ: സൂസി ബേറ്റ്‌സ്, ജോർജിയ പ്ലിമ്മർ, അമേലിയ കെർ, സോഫി ഡെവിൻ (ക്യാപ്റ്റൻ), ബ്രൂക്ക് ഹാലിഡേ, മാഡി ഗ്രീൻ, ഇസബെല്ല ഗെയ്‌സ് , ജെസ് കെർ, റോസ്മേരി മെയർ, ഈഡൻ കാർസൺ, ലിയ തഹുഹു
ഇന്ത്യ പ്ലേയിംഗ് ഇലവൻ: സ്മൃതി മന്ദാന, പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശർമ, സ്നേഹ് റാണ, രേണുക സിംഗ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി.


