വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ അപരാജിതരായ ഓസ്‌ട്രേലിയയെ നേരിടും. പ്രാഥമിക ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ ഓസീസ്, ഇന്ത്യയെ പ്രാഥമിക റൌണ്ടില്‍ പരാജയപ്പെടുത്തിയിരുന്നു. 

ഇന്‍ഡോര്‍: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് എതിരാളി ഓസ്‌ട്രേലിയ. പ്രാഥമിക ഘട്ടത്തില്‍ ഓസീസ് വനിതകള്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചതോടെയാണ് അവര്‍ക്ക് ഇന്ത്യയെ ലഭിക്കുക. ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരുമാണ് നേര്‍ക്കുനേര്‍ വരിക. ഈ മാസം 30ന് നവി മുംബൈയിലാണ് മത്സരം. ഏഴില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഓസീസ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. 13 പോയിന്റാണ് ഓസീസിന്. ആറെണ്ണത്തില്‍ ജയിച്ചപ്പോള്‍ ഒരു മത്സരത്തിന് മഴയെ തുടര്‍ന്ന് ഫലമുണ്ടായില്ല. ഇന്ത്യക്ക് ആറ് മത്സരങ്ങളില്‍ മൂന്ന് വീതം തോല്‍വിയും ജയവുമാണുള്ളത്. ആറ് പോയിന്റ് മാത്രം. നാളെ ബംഗ്ലാദേശിനെതിരെ ജയിച്ചാല്‍ പോലും ഇന്ത്യക്ക് ഒരു സ്ഥാനം മെച്ചപ്പെടുത്താന്‍ സാധിക്കില്ല.

മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് ഒമ്പത് പോയിന്റുണ്ട്. രണ്ടാമതുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 10 പോയിന്റ്. അടുത്ത മത്സരത്തില്‍ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാല്‍, ദക്ഷിണാഫ്രിക്കയെ മറികടന്ന് രണ്ടാമതെത്താം. എങ്കിലും, ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും മറ്റൊരു സെമിയില്‍ നേര്‍ക്കുനേര്‍ വരും. ആരാകും രണ്ടും മൂന്നും സ്ഥാനത്ത് എന്നുള്ള സ്ഥിരീകരണം മാത്രമെ ലഭിക്കാനുള്ളൂ. എന്തായാലും ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയാണ്. പ്രാഥമിക റൗണ്ടില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും മൂന്ന് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

ഇന്ത്യ ഉയര്‍ത്തിയ 331 റണ്‍സ് വിജയലക്ഷ്യം 49 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. അതുകൊണ്ടുതന്നെ ഇന്ത്യ കരുതിയിരിക്കേണ്ടി വരും. ഓസ്‌ട്രേലിയയെ കൂടാതെ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരോടും ഇന്ത്യ അടിയറവ് പറഞ്ഞിരുന്നു. അതേസമയം, സെമി ഫൈനല്‍ നടക്കേണ്ട നവി മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സ് നേടിയിരുന്നു. മത്സരം ഇന്ത്യ ഡിഎല്‍എസ് നിയമ പ്രകാരം 53 റണ്‍സിന് ജയിക്കുകയും ചെയ്തു. ന്യൂസിലന്‍ഡിന് 44 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് നേടാന്‍ സാധിച്ചത്.

അപരാജിതരായി ഓസ്‌ട്രേലിയ

ഇന്ന് ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിനാണ്് ഓസീസ് തകര്‍ത്തത്. ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക കേവലം 24 ഓവറില്‍ 97 റണ്‍സിന് പുറത്തായി. ഏഴ് വിക്കറ്റ് വീഴ്ത്തിയ ഓസീസ് സ്പിന്നര്‍ അലാന കിംഗാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഏഴ് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയാണ് അലാന ഏഴ് വിക്കറ്റ് വീഴ്ത്തിയത്. വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ ബൗളിംഗ് പ്രകടനമാണിത്. പിന്നീട് മറുപടി ബാറ്റിംഗില്‍ ഓസീസ് 16.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ബേത് മൂണി (42), ജോര്‍ജിയ വോള്‍ (38) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്.

YouTube video player